താരസമ്പന്നമായിരുന്നു പത്തൊൻപതാമത് ഏഷ്യാവിഷൻ ഫിലിം അവാർഡ്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂർ, സഞ്ജയ് ദത്ത് തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങളിൽ എത്തിയിരുന്നു. മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാനാണ് 2017 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു വാരിയറായിരുന്നു മികച്ച നടി.
തമിഴകത്തുനിന്നും വിജയ് സേതുപതി ചടങ്ങിലെ പ്രധാനആകര്‍ഷണമായി. സേതുപതിക്ക് അവാർഡ് നൽകാനായി വേദിയിൽ വിളിച്ചപ്പോൾ മഞ്ജു വാരിയറും ഒപ്പമുണ്ടായിരുന്നു.
Vijay Sethupathi @ Sharjah Asiavision Film Award 2017
‘വിജയ്, ഒരു കഥ സൊല്ലട്ടുമാ’...ഈ ഡയലോഗ് പറഞ്ഞാണ് മഞ്ജു വാരിയർ സംസാരിച്ച് തുടങ്ങിയത്. ഇവിടെയുള്ള എല്ലാവരെയും പോലെ താനും വിജയ്‌യുടെ കടുത്ത ആരാധികയാണെന്നും താങ്കളുടെ എല്ലാ സിനിമകളും കാണാറുണ്ടെന്നും മഞ്ജു പറഞ്ഞു. താങ്കൾക്കൊപ്പം അഭിനയിക്കാനുളള ഭാഗ്യവും പെട്ടന്നു തന്നെ ഉണ്ടാകട്ടെയെന്നും മഞ്ജു വ്യക്തമാക്കി.
സ്വന്തം നാട്ടിലെ നാട്ടുകാർ നമ്മളെ സ്നേഹിക്കുന്നത് കാണുന്നതിനേക്കാൾ സന്തോഷമാണ് അയൽനാട്ടിലെ ആളുകളുടെ സ്നേഹമെന്ന് വിജയ് പറഞ്ഞു. മഞ്ജു വാരിയറുടെ കടുത്ത ആരാധകനാണെന്നും ആദ്യമായാണ് നേരിൽ കാണുന്നതെന്നും പറഞ്ഞ വിജയ്, നേരിൽ കാണാനും മഞ്ജു അതിസുന്ദരിയാണെന്ന് വ്യക്തമാക്കി. ‘മഞ്ജുവിന്റെ സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നെങ്കിലും നേരിൽകാണണെന്നും വിചാരിച്ചിരുന്നു. അത്ര സുന്ദരിയാണ് ഇവർ. ഇപ്പോൾ നേരിൽ കാണാൻ കഴിഞ്ഞു.’–വിജയ് സേതുപതി പറഞ്ഞു.
കയ്യിൽ നെയിൽ പോളിഷ് അണിഞ്ഞ് പുതിയ സിനിമയിലെ ഗെറ്റപ്പിലാണ് വിജയ് അവാർഡ് ചടങ്ങിനെത്തിയത്. സൂപ്പർഡീലക്സ് എന്ന പുതിയ സിനിമയിൽ ട്രാൻസ്ജെൻഡറുടെ വേഷത്തിലാകും വിജയ് എത്തുക. ഫഹദും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മമ്മൂട്ടിയോ മോഹൻലാലോ എന്ന ചോദ്യത്തിന് മോഹൻലാൽ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. മോഹൻലാൽ സാറിന്റെ തന്മാത്രയിലെ അഭിനയംകണ്ട് തകർന്ന് പോയെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് പറഞ്ഞു.
തന്മാത്രയിലെ ഒരു രംഗത്തെ കുറിച്ചും വിജയ് സേതുപതി വാചാലനായി. മോഹൻലാലിൻറെ കഥാപാത്രം വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ അവിശ്വസനീയവും അസാധ്യവുമായ പ്രകടനത്തിന് ദൃഷ്ടാന്തമാണെന്നു വിജയ് പറഞ്ഞു.
രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയവും പകരംവെയ്ക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തൊണ്ടിമുതൽ ഒരുപാടിഷ്ടപ്പെട്ടെന്നും ഫഹദും ദുൽക്കറും മാന്യന്മാരാണെന്നും വിജയ് പറഞ്ഞു.
മലയാളത്തില്‍ നിന്ന് എം.ടി വാസുദേവൻ നായർ, ദുൽക്കർ, അപ്പാനി ശരത്, വിനീത് ശ്രീനിവാസൻ, മഞ്ജു വാരിയർ, മംമ്ത മോഹൻദാസ് തമിഴിൽ നിന്ന് വിജയ് സേതുപതി എന്നിവരും പങ്കെടുത്തു. ഭാര്യ അമാലുവിനൊപ്പമാണ് ദുൽക്കർ എത്തിയത്.