ഒരു മുത്തശ്ശിഗദ എന്ന ചിത്രം കാണാൻ ഭാഗ്യലക്ഷ്മി പോയത് ഇളയമകനോടൊപ്പമായിരുന്നു. ചിത്രം കഴിഞ്ഞയുടനെ അമ്മയെ കെട്ടിപ്പിടിച്ച് മകൻ പറഞ്ഞു ആദ്യം അഭിനയത്തിൽ ആയിരുന്നു അമ്മ തുടങ്ങേണ്ടിയിരുന്നത് എന്നാണ്. ഇതുപോലെ ദിവസേന നിരവധി അഭിനന്ദനങ്ങളാണ് മുത്തശ്ശിഗദയിലെ അഭിനയത്തിന് ഭാഗ്യലക്ഷ്മിയെത്തേടി എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും അറിയേണ്ടത് ഒന്നും മാത്രം. എന്താണ് അഭിനയലോകത്ത് ഇത്രയും കാലം സജീവമാകാതിരുന്നത്.? സിനിമാ വിശേഷങ്ങൾ മനോരമ ഒാൺലൈനുമായി ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുന്നു.
എങ്ങനെ മുത്തശ്ശിഗദയിലെത്തി?
ജൂഡ് ആന്റണി സംവിധാനം ചെയ്ത ഒാംശാന്തി ഒാശാന എന്ന സിനിമ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്തിരുന്നു ആ ചിത്രം. എന്നാൽ അന്ന് ഞാൻ ജൂഡിനെ വിളിക്കുകയൊന്നും ചെയ്തിട്ടില്ല. എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ ജൂഡ് എന്നെ വിളിച്ചു പറഞ്ഞു. ഞാൻ ഒാംശാന്തി ഒാശാനയുടെ സംവിധായകൻ ജൂഡ് ആന്റണിയാണ്. എനിക്കൊന്നു ചേച്ചിയെ കാണണം, ഒരു സബ്ജക്ട് പറയണമെന്നും പറഞ്ഞു. അങ്ങനെ തിരുവനന്തപുരത്തെത്തി ജൂഡ് കഥപറയുകയായിരുന്നു. കഥ കേട്ടതും എനിക്ക് ഇഷ്ടമായി. കാരണം ഞാനുമായി കുറെയൊക്കെ സാമ്യമുള്ള കഥാപാത്രമാണ്. ഇതിലെ ലീലാമ്മയെപ്പോലുള്ള ആളുകളെ എനിക്കറിയാം. അവർ സമാധാനത്തിൽ ജീവിക്കുകയില്ല, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയുമില്ല. അങ്ങനെയുള്ളവരോട് ഞാൻ കുറെനേരം സംസാരിക്കാറുണ്ട്. അങ്ങനെ അവരെ മോട്ടിവേറ്റു ചെയ്യാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ഞാൻ ശരിക്കും ആഗ്രഹിച്ചതുപോല ഉള്ള ഒരു കഥാപാത്രമായിരുന്നു മുത്തശ്ശിഗദയിലേത്.
എങ്ങനെ രാജിനി ചാണ്ടിയിലെ മുത്തശ്ശിയെ പാകപ്പെടുത്തി?
അവർ ഒരുപാവമായിരുന്നു. അവർ അധികം സിനിമ കാണുന്നയാളൊന്നുമല്ല. സിനിമയിൽ ആകെ മമ്മൂട്ടിയേയും മോഹൻലാലിനേയും മാത്രമേ അവർക്കറിയൂ. ഇതൊരു ടൈറ്റിൽ റോളാണ്. അവരാണ് കഥയുടെ നട്ടെല്ല്. അപ്പോൾ 40 വർഷമായി ഇൻഡസ്ട്രിയിലുള്ള ഞാൻ അവരെ സഹായിക്കാൻ തയ്യാറായില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യത്വം ? ജൂഡ് ഏറ്റെടുത്തതും റിസ്ക്കായിരുന്നു. രാജിനിക്ക് ടെൻഷൻ കൂടിയാൽ ചിലപ്പോൾ സിനിമ തന്നെ നിന്നു പോകാം. അപ്പോൾ എങ്ങനെ കാമറയെ അഭിമുഖീകരിക്കണമെന്നും ഡയലോഗ് പറയണമെന്നും അഭിനയിക്കുമ്പോൾ ഗോഷ്ടി വരാതെ എങ്ങനെ നോക്കണമെന്നുമൊക്കെ പറഞ്ഞുകൊടുക്കുകയാണ് ഞാൻ ചെയ്തത്.
നല്ല ആത്മ വിശ്വാസമുള്ള കുറേ ആഗ്രഹങ്ങളൊക്കെ ഉള്ള ബോൾഡായ ഒരു സ്ത്രീയാണ് അവരും, നമ്മൾ എത്ര പറഞ്ഞു കൊടുത്താലും അവർക്ക് കഴിവുണ്ടെങ്കിൽ മാത്രമേ അത് അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റൂ. നിങ്ങൾ ലീലാമ്മയാണ് ഞാൻ സൂസമ്മയാണ് എന്ന് ആദ്യമേ പറഞ്ഞ് മനസിലുറപ്പിച്ചു.
പ്രായമായ വേഷം ചെയ്യാൻ മടിയില്ലേ?
രാവിലെ എഴുന്നേറ്റാൽ കുളിച്ച് നെറ്റിയിൽ കുറി തൊടുന്നയാളാണ് ഞാൻ. പക്ഷേ, ഇൗ സിനിമയുടെ കഥാപാത്രത്തെ ഉൾക്കൊള്ളാൻ വേണ്ടി ഷൂട്ടു നടന്ന 45 ദിവസവും ഞാൻ ചന്ദനക്കുറി ഇട്ടില്ല. കാരണം സൂസൻ എന്ന ക്രിസ്ത്യൻ കഥാപാത്രത്തെ ഉൾക്കൊള്ളണമായിരുന്നു. അതുപോലെ പ്രായമായ വേഷം ചെയ്യാൻ എനിക്കു യാതൊരുമാടിയുമില്ല. ഞാൻ മുത്തശ്ശിയായി അഭിനയിക്കില്ല എന്നു പറഞ്ഞുവെന്നിരിക്കട്ടെ. എന്റെ മൂത്തമകന് 29 വയസായി. എന്റെ മകന്റെ സ്ഥാനത്ത് പെൺകുട്ടിയായിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് പേരക്കുട്ടിയൊക്കെ ആയി ഞാനും അമ്മൂമ്മയായേനെ. അതുകൊണ്ടുതന്നെ എന്റെ പ്രായവും എല്ലാവർക്കും ഉൗഹിക്കാവുന്നതേ ഉള്ളൂ.
ജൂഡ് ഇതിലെ മുത്തശ്ശി വേഷത്തിനായി പല പഴയകാല നടിമാരേയും സമീപിച്ചു. പക്ഷേ അവർക്കൊക്കെ മുത്തശ്ശിയായി അഭിനയിക്കാൻ പേടി. കാരണം പിന്നീട് തേടി വരുന്നതൊക്കെ അത്തരം കഥാപാത്രമാണെങ്കിലോ എന്ന്. ഞാൻ പാവയിൽ ഇതിലും പ്രായമുള്ള തലമുഴുവൻ നരച്ച സ്ത്രീയായാണ് അഭിനയിച്ചത്. അതിൽ എന്റെ ജോഡി അനൂപ് മേനോനായിരുന്നു. എന്നേക്കാൾ പ്രായം കുറഞ്ഞ അനൂപിന് തലമുഴുവൻ നരച്ച വയസനായി അഭിനയിക്കാമെങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ?
ഇനിയും അഭിനിയക്കുമോ?
നല്ല കഥാപാത്രമാണെങ്കിൽ മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത് എന്റെ പടമാണ്. അല്ലെങ്കിൽ ഇത് എന്റേയും പടമാണ് എന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ. ഇൗ സിനിമയിൽ ഒാരോരുത്തർക്കും അവരുടേതായ റോളുകളുണ്ട്, ബംഗാളിയായി അഭിനയിച്ച ആൾവരെ ശ്രദ്ധിക്കപ്പെട്ടു. ഡബ്ബിങ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഡബ്ബിങ്ങിൽ ഞാൻ നായികാ നടിമാർക്ക് മാത്രമേ ശബ്ദം നൽകൂ എന്ന് നിർബന്ധം പിടിക്കാറുണ്ട്. എങ്കിലേ നമുക്ക് അംഗീകാരവും ചോദിക്കുന്ന പ്രതിഫലവും ലഭിക്കൂ. എന്നാൽ അഭിനയത്തിൽ അങ്ങനെയില്ല.
എന്തുകൊണ്ട് ഇത്രയും കാലം അഭിനയിച്ചില്ല?
പണ്ട് കുറേ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ആത്മവിശ്വാസമില്ലായിരുന്നു. കാമറയിൽ എന്നെ കാണുമ്പോൾ ഒട്ടും ഭംഗിയില്ലാത്തപോലെ തോന്നുമായിരുന്നു. പിന്നീടാണ് ഇൗ തോന്നലുകളൊക്കെ മാറിത്തുടങ്ങിയത്. ഇപ്പോൾ ടെലിവിഷനിൽ പരിപാടി അവതരിപ്പിച്ചു തുടങ്ങിയതോടെ കാമറയെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് പഠിച്ചു. പണ്ടുമുതലേ ഡബ്ബിങ്ങിനോടായിരുന്നു താൽപര്യം.
സിനിമ കണ്ടിട്ട് അഭിനന്ദനപ്രവാഹമായിരുന്നെന്ന് കേട്ടല്ലോ?
സിനിമ ഇറങ്ങിയ ശേഷം ഒരു ദിവസം കുറഞ്ഞത് 50 പേരെങ്കിലും വിളിക്കാറുണ്ട്. ഭാഗ്യേച്ചിയോട് വല്ലാത്ത ഒരു സ്നേഹം തോന്നുന്നു. ജീവിതത്തിൽ ഇങ്ങനെ നമ്മെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോകുന്നു എന്നു പറയും പലരും. എന്റെ കൊച്ചുമോനോടൊപ്പം ഇൗ സിനിമ കാണാൻ പോയപ്പോൾ അവൻ പറഞ്ഞത് അമ്മ ആദ്യം അഭിനയത്തിൽ തുടങ്ങിയാൽ മതിയായിരുന്നുവെന്നാണ്. ശബ്ദം നൽകിയതിലൂടെ അമ്മയ്ക്ക് ലഭിച്ച അംഗീകാരങ്ങളേക്കാൾ കൂടുതൽ അഭിനേതാക്കൾക്കാണ് ലഭിച്ചത്. ലഭിച്ച അംഗീകാരങ്ങളെല്ലാം അമ്മയുടെ ധൈര്യം കൊണ്ടുമാത്രം പിടിച്ചു വാങ്ങിയതാണ്. അതുകൊണ്ട് അമ്മ ഇനിയും അഭിനയിക്കണമെന്ന്.
രണ്ടുമുത്തശ്ശിമാരുടെ കഥ വിജയിക്കുമോയെന്ന് ഭയമുണ്ടായിരുന്നോ?
എന്ത് വിശ്വാസത്തിലാണ് ഇൗ സിനിമ പുറത്തിറക്കുന്നതെന്ന് ശരിക്കും എനിക്ക് സംശയമുണ്ടായിരുന്നു. ന്യൂെജൻ കാലത്തിൽ രണ്ട് മുത്തശ്ശിമാരെ വച്ച് സിനിമയെടുത്താൽ വിജയിക്കുമോ എന്ന് മുഴുവൻ യൂണിറ്റിനും സംശയമുണ്ടായിരുന്നു. ജൂഡിന് 100 ശതമാനം വിശ്വാസമുണ്ടായിരുന്നു സിനിമ ശ്രദ്ധിക്കപ്പെടുമെന്ന്. ഞാൻ ഇടയ്ക്ക് പോയി ജൂഡിനോട് ചോദിക്കും പേടിയുണ്ടോ എന്ന് അപ്പോൾ ജൂഡ് പറയും ചേച്ചി സിനിമ വിജയമോ പരാജയമോ ആയിക്കോട്ടേ, എന്നാൽ ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്നുണ്ടെങ്കിൽ, ഭാര്യയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ,പെങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇൗ സിനിമ കൊണ്ടു പോയിക്കാണിക്കും എന്ന്. അതുതന്നെയാണ് ഇപ്പോൾ തീയറ്ററുകളിൽ സംഭവിക്കുന്നതും.
പ്രായമായ അമ്മമാരെയും കൂട്ടിയാണ് മക്കൾ ഇൗ സിനിമ കാണാൻ എത്തുന്നത്. എത്രനാളായി പ്രായമായവരെ തീയറ്ററിൽ കൊണ്ടുവന്നിട്ട്. നമുക്ക് ഭർത്താവ് വേണം, മക്കൾവേണം, കുടംബം വേണം. എല്ലാവരേയും സ്നേഹിക്കണം, എന്നാൽ ആത്യന്തികമായി നമ്മൾ സ്വയം സ്നേഹിച്ചാലേ , നമുക്ക് നമ്മോട് തന്നെ ഒരു ബഹുമാനം തോന്നുകയുള്ളൂ. അത്തരത്തിൽ ഒരു സന്ദേശം കൊടുക്കുവാൻ ഇൗസിനിമയിലൂടെ സാധിച്ചു എന്നതാണ് വലിയ സന്തോഷം.
ഭാവി പരിപാടി?
ഡബ്ബിങ്ങിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലാണ്. അതിനിടയിൽ ശബ്ദമായും താരമായുമൊക്കെ ഞാൻ സിനിമലോകത്തുണ്ടാവും.