കോഴിക്കോടിന്റെ സ്വന്തം കലക്ടർ ബ്രോ മലയാള സിനിമയ്ക്ക് തിരക്കഥയെഴുതുന്നു. ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണൻ മേനോന്റെ അടുത്ത സിനിമയ്ക്കാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ കഥയും തിരക്കഥയും രചിക്കുന്നത്.
‘കലക്ടർ ബ്രോ’ എന്ന ഒാമനപ്പേരിൽ സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും പ്രശസ്തനായ കലക്ടറും ഭാര്യ ലക്ഷ്മിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്യുന്ന ചിത്രം സറ്റയർ കോമഡി ഗണത്തിൽ പെട്ടതാണെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ മനോരമ ഒാൺലൈനോട് പറഞ്ഞു.
ക്യാരക്ടർ ഒാറിയന്റഡായ സിനിമയിൽ വിവിധ സ്വഭാവസവിശേഷതകളുള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക പ്രമുഖ യുവതാരങ്ങളിലൊരാളാകുമെന്നാണ് സൂചന. കഥാപാത്ര നിർണയം നടത്തി വരുന്നതേയുള്ളുവെന്ന് സംവിധായകൻ പറഞ്ഞു.
ബോൾഡ് ആൻഡ് ബ്രേവ് ദി കളക്ടർ ബ്രോ
നോർത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ അനിൽ രാധാകൃഷ്ണൻ മേനോന്റെ 4–ാമത്തെ സിനിമയാണ് ഇത്. ഭരണതലത്തിലും സമൂഹത്തിലും ഒട്ടേറെ മാറ്റങ്ങളും നൂതന ആശയങ്ങളും നടപ്പാക്കിയ പ്രശാന്ത് നായർക്ക് ഒട്ടനവധി ആരാധകരാണുള്ളത്.