ദേശീയ അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണൻ മേനോന്റെ പുതിയ ചിത്രത്തിനു തിരക്കഥയെഴുതുന്നത് കോഴിക്കോട്ടെ കലക്ടർ ബ്രോ എൻ. പ്രശാന്ത്. ഈ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രധാനമായി പുതിയ ആളുകൾ തന്നെയാവും. ഒരു ഫൺ അഡ്വഞ്ചറായിരിക്കും സിനിമ എന്നാണ് സംവിധായകൻ നൽകുന്ന സൂചന.‘കലക്ടറാവും മുമ്പുതന്ന എനിക്കു പ്രശാന്തിനെ അറിയാം. വ്യക്തിപരമായി ഏറെ അടുപ്പമുള്ളയാളാണ് അദ്ദേഹം. തികഞ്ഞ സിനിമാപ്രേമി കൂടിയാണ് പ്രശാന്ത്.
അദ്ദേഹവുമൊത്ത് രണ്ടു തിരക്കഥകളാണ് എഴുതിയിട്ടുള്ളത്. ഒന്നിന്റെ കഥ എന്റേതും അടുത്തതിന്റെ കഥ പ്രശാന്തിന്റേതുമാണ്. എന്റെ കഥയാണ് ആദ്യം സിനിമയാക്കുക .രണ്ടാമത്തെ സിനിമ ഇതിനു പിന്നാലെ ഉണ്ടാവും’– അനിൽ പറയുന്നു.‘അനിലേട്ടൻ എനിക്ക് സഹോദരതുല്യനാണ്. ഒരു തിരക്കഥ എഴുതുന്നതായൊന്നും എനിക്കു തോന്നുന്നില്ല. ഞങ്ങൾ സാധാരണ പോലെ സംസാരിക്കുന്നു, ചർച്ച ചെയ്യുന്നു, അതൊരു തിരക്കഥയുടെ രൂപത്തിലാകുന്നു അത്രേയുള്ളൂ. ഞങ്ങൾ സിനിമയെക്കുറിച്ച് ഒരുപാടു ചർച്ച ചെയ്യാറുണ്ട്. അത്തരമൊരു ചർച്ചയ്ക്കിടെയാണ് എന്റെ ചില ആശയങ്ങൾ പറഞ്ഞപ്പോൾ, എങ്കിൽ പിന്നെ ഒന്നിച്ചെഴുതാമെന്ന് അനിലേട്ടൻ തന്നെയാണ് പറഞ്ഞത്.’– പ്രശാന്ത് പറഞ്ഞു.
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നിങ്ങനെ വ്യത്യസ്തമായ പേരുള്ള സിനിമകൾ ചെയ്ത സംവിധായകന്റെ പുതിയ സിനിമയുടെ പേര് എന്തായിരിക്കും ? പുതുമ ഉണ്ടാകുമെന്ന് അനിൽ ഉറപ്പ് പറയുന്നു.