കാറ്റിൽ തെന്നിത്തെന്നിപ്പറക്കുകയും പെട്ടെന്നു കൂപ്പുകുത്തിത്താഴ്ന്ന് വെട്ടിത്തിരിഞ്ഞ് വീണ്ടും ഉയരത്തിലേക്കു കുതിക്കുകയും ചെയ്യുന്ന പറവയാകാൻ കൊതി തോന്നാത്ത കുട്ടികളുണ്ടാവില്ല. വളർന്നു വളർന്നു പോകെ അവരിൽനിന്ന് അത്തരം കൊതികൾ പറന്നുപോകുകയും ചെയ്യും. പക്ഷേ ചിലരിൽ ആ സ്വപ്നം ഒരു ചിറകുപോലെ പറ്റിച്ചേർന്നിരിപ്പുണ്ടാകും, ആകാശവിശാലത കാണുമ്പോഴോക്കെ ഇടയ്ക്കിടെ ഒന്നു കുടഞ്ഞുണർന്ന്..അത്തരമൊരു സ്വപ്നത്തിന്റെ ചിറകുവിരിയലാണ് എബി എന്ന സിനിമ.
എബിയുടെ സ്വപ്നങ്ങളിൽ എന്നുമുണ്ടായിരുന്നു ചിറക് വീശി ആകാശങ്ങളെ കീഴടക്കി ഉയരങ്ങളിലെത്തുന്നത്. സ്വപ്നം സഫലമാകുന്നു. എബി പറക്കുകയാണ്. പ്രമുഖ പരസ്യസംവിധായകനും ആക്‌ഷൻ ഹീറോ ബിജുവിലെ വക്കീൽ വേഷത്തിലൂടെ അഭിനയരംഗത്തെത്തുകയും ചെയ്ത ശ്രീകാന്ത് മുരളിയുടെ ആദ്യസംവിധാനസംരംഭമാണ് എബി. സിനിമയുടെ വിശേഷങ്ങളുമായി അദ്ദേഹം മനോരമ ഓൺലൈനിൽ....
സെന്‍സ് ഓഫ് ഫ്‌ളൈയിങ്
മേഘങ്ങളെ തലോടി ആകാശം മുട്ടെ പാറിനടക്കുന്ന പറവകളെ പോലെ കൈവീശി പാറിനടക്കാത്തവരായി ആരുണ്ട്. മനസ്സില്‍ എപ്പോളെങ്കിലും തോന്നിയിട്ടില്ലേ ഒന്നു പറന്നുനോക്കണമെന്ന്. ചിലപ്പോള്‍ ആ പറക്കല്‍ ഉറക്കത്തില്‍ സ്വപ്‌നങ്ങളിലൂടെ ആയിരിക്കും. അങ്ങനെ ഓര്‍ത്ത് ഓര്‍ത്ത് അവസാനം പാളയോ മുറമോ കൈയില്‍ കെട്ടിവച്ച്, എന്തിന് കോഴിയുടെ തൂവല്‍ പോലും പോക്കറ്റിലിട്ട് പറക്കാന്‍ നോക്കിയ വിദ്വാന്മാരും നമ്മുടെ കൂട്ടത്തില്‍ കാണും. കുട്ടിക്കാലത്ത് നമ്മുടെയൊക്കെ മനസ്സില്‍ തോന്നിയിട്ടുളള ഈ കൊച്ചു കൗതുകത്തില്‍ നിന്നാണ് എബി എന്ന സിനിമയുടെ പിറവി.
ചെറുപ്പത്തില്‍ തോന്നുന്ന പല ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പിന്നീട് ഉപേക്ഷിക്കാറാണ് പലരുടെയും പതിവ്. ലക്ഷ്യത്തില്‍ എത്തിച്ചേരാനുളള തടസങ്ങളെയും പ്രതിസന്ധികളെക്കുറിച്ചും അറിയുമ്പോളാണ് സ്വപ്‌നങ്ങള്‍ പലതും പലരും വേണ്ടെന്നുവയ്ക്കുന്നത്.
പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ കറണ്ടുപോയാല്‍ ഉടന്‍ പുസ്തകം അടച്ചുവക്കുന്നവരാണ് നമ്മൾ. അതൊരു പ്രതിസന്ധിയാണ്. എന്നാല്‍ അവിടെ ഒരു മെഴുകുതിരി വന്നാലോ...ഇതുപോലെ ലളിതമാണ് എബിയും....ഒരിക്കലും നടക്കില്ലെന്നു കരുതി പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്ന എബി ബേബിയുടെ ജീവിതമാണ് എബി എന്ന സിനിമ.
എബി ഈസ് എ ബ്രില്യന്റ് ബോയ്
എബി വളരെ മിടുക്കനാണ്. എല്ലാക്കാര്യങ്ങള്‍ക്കും അവന് അവന്റേതായ കാഴ്ചപ്പാടുണ്ട് വഴികളുണ്ട്. ഒരു ആഗ്രഹം മാത്രമാണ് എബിയുടെ മനസ്സില്‍, പറക്കണം. അതാണ് എല്ലാവരും അവനില്‍ ഒരു കുഴപ്പമായി കാണുന്നത്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ഒരു കഥ പറയാം. ഒരിക്കല്‍ ഐന്‍സ്റ്റൈന്റെ ഓഫിസിലേക്ക് ഒരാള്‍ ഫോണ്‍വിളിച്ചു. ഐന്‍സ്‌റ്റൈന്റെ ഓഫീസ് അല്ലേ എന്നായിരുന്നു ചോദ്യം. അതെ എന്നു പറഞ്ഞപ്പോൾ സ്ഥലത്തിന്റെ അഡ്രസ് ഒന്നു പറഞ്ഞുതരാനും ആവശ്യപ്പെട്ടു. വിളിക്കുന്നത് ആരാണെന്ന് ഐന്‍സ്റ്റൈന്റെ സഹായി ചോദിച്ചപ്പോള്‍, താന്‍ ആല്‍ബര്‍ട്ട് എന്‍സ്റ്റൈന്‍ ആണെന്നായിരുന്നു മറുപടി. ഇങ്ങനെ ഒരുപാട് സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലോകം ഇവരെ ഭ്രാന്തന്മാര്‍ എന്ന് വിളിച്ചിട്ടില്ല.
എബിയും ഇങ്ങനെ ഒരാളാണ്. സ്വപ്നങ്ങളോട് ഭ്രാന്തമായ അധിനിവേശമാണ് അയാള്‍ക്ക്. ചിലപ്പോള്‍ പലതും ചുറ്റുമുള്ളവര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഈ പ്രതിബന്ധങ്ങളൊന്നും അയാളെ അസ്വസ്ഥനാക്കുന്നില്ല. അയാള്‍ തന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ്.
ആദ്യം പറന്നത്
സ്വന്തം ജീവിതത്തിലുണ്ടായ പറക്കല്‍ അനുഭവത്തില്‍ നിന്നുമാണ് എബി ഉണ്ടാകുന്നത്. എന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളെല്ലാം സിനിമയിലും പകര്‍ത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് പാടത്ത് കൊയ്ത്ത് കഴിഞ്ഞ് കറ്റ മാനംമുട്ടെ അടുക്കിവയ്ക്കുക പതിവാണ്. തൂണി വച്ചുള്ള അളക്കലും കറ്റ കെട്ടലുമൊക്കെ ഞാൻ ഇങ്ങനെ നോക്കി നിൽക്കും. ഇതെല്ലാം കഴിഞ്ഞ് ഈ കറ്റയുടെ മുകളിൽ വലിഞ്ഞ് കയറും. മേലാകെ ചൊറിയും. അതൊന്നും പ്രശ്നമല്ല. മുകളിലെത്തിയാൽ ഒരു കറ്റയുടെ മുകളിൽ നിന്ന് തൊട്ടടുത്തുള്ള കറ്റക്കെട്ടിലേക്ക് ഒരു ചാട്ടമാണ്. ശരിക്കും ഒരു പറക്കൽ.
അതുപോലെ തന്നെയാണ് തറവാട്ടിലെ കുളത്തിൽ നീന്താൻ എത്തിയാലും ചെയ്യുക. അരികിൽ നിന്നുള്ള ചാട്ടമില്ല. ഏതെങ്കിലും മരത്തിന്റെ മണ്ടയിൽ കയറി നേരെ കുളത്തിലേക്കൊരു ചാട്ടമായിരിക്കും. പണ്ട് വീട്ടിലെ മുറം കൈയ്യിൽ വച്ചു കെട്ടി പറക്കാൻ നോക്കി അമ്മയുടെ കൈയിൽ നിന്ന് അടിമേടിച്ച ആളാണ് ഞാൻ. എന്റെ ജീവിതത്തിൽ മാത്രമല്ല നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇതുപോലൊരു പറക്കൽ ഉണ്ടായിട്ടുണ്ടാകുമെന്ന് തീർച്ച.
വിനീതും എബിയും
വിനീതിന്റെ വേഷപ്പകർച്ച എബിയിലൂടെ എനിക്ക് കാണാൻ സാധിച്ചു. നാല് കാലഘട്ടങ്ങളിലൂടെയാണ് എബി എന്ന കഥാപാത്രം കടന്നുപോകുന്നത്. കൊച്ചുപയ്യനിൽ നിന്നും 25വയസ്സുകാരനായി അത്ഭുതകരമായ പ്രകടനമാണ് വിനീത് കാഴ്ചവച്ചത്. കഥാപാത്രത്തിന് ഹീറോയിസം കൊണ്ടുവരരുതെന്ന് ആദ്യമേ തന്നെ മനസ്സിൽ ഉണ്ടായിരുന്നു. ആ ചിന്ത ഉള്ളതുകൊണ്ടുതന്നെ വിനീതിനെ തന്നെയാണ് എബിയായി കണ്ടത്. തിരക്കഥാചർച്ചയിലും പ്രാരംഭഘട്ടത്തിലും സന്തോഷ് ഏച്ചിക്കാനത്തിനും എനിക്കുമൊപ്പം ഒരംഗത്തെപ്പോലെ വിനീത് ഒപ്പമുണ്ടായിരുന്നു.
വിനീത് മാത്രമല്ല സുധീർ കരമന, സുരാജ് വെഞ്ഞാറമൂട്, ബോളിവുഡ് താരം മനീഷ് ചൗധരി അങ്ങനെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം ഗംഭീരപ്രകടനമാണ് നടത്തിയിരിക്കുന്നത്. മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.
പ്രശസ്ത ഛായാഗ്രാഹകൻ രവി വർമന്റെ സഹായിയായ സുധീർ സുരേന്ദ്രൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പാധ്ശാല എന്നെ തെലുങ്ക് സിനിമയ്ക്ക് ശേഷം സുധീർ ഛായാഗ്രഹണം നിർവഹിക്കുന്ന ആദ്യമലയാളചിത്രം കൂടിയാണ് എബി. കഴിഞ്ഞ പത്തുവർഷമായി പരസ്യമേഖലയിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.
പതിനഞ്ച് വർഷത്തോളമായി കൂടെ പ്രവർത്തിക്കുന്ന ഇഎസ് സൂരജ് ആണ് ചിത്രസംയോജനം. യന്തിരൻ സിനിമയിൽ പ്രവർത്തിച്ച ഷിജി പട്ടണവും രഞ്ജിത് കോട്ടേരിയും ചേർന്നാണ് കലാസംവിധാനം. ബിജിപാൽ–അനിൽ ജോൺസൺ, ജൈസൺ നായർ എന്നിവർ സംഗീതം നിർവഹിക്കുന്നു. റഫീഖ് അഹമ്മദും സന്തോഷ് വർമയും ചേർന്നാണ് വരികൾ
കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രം നിർമിച്ച സുവിൻ കെ വര്‍കിയാണ് നിർമാണം. സുവിൻ എല്ലാക്കാര്യങ്ങളിലും പൂർണപിന്തുണ നൽകിയിരുന്നു. കോ–പ്രൊഡ്യൂസർ പ്രശോഭ് കൃഷ്ണ.
നമുക്കൊരുമിച്ച് പറക്കാം
കഴിഞ്ഞ ഒന്നരവർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് എബി. ഒരുപാട് അലഞ്ഞു. ഇരുപതോളം പൈലറ്റുമാരെയും എയര്‍ക്രാഫ്റ്റ് ഡിസൈനേഴ്സിനെയും നേരിൽ കണ്ടു സംസാരിച്ചു. എങ്ങനെയാണ് ഫ്ലൈയിങ് എന്ന ചിന്തയിലേക്കും അത് ജീവിതത്തിലേക്കും എത്തിച്ചതെന്ന് ചോദിച്ച് അറിഞ്ഞു. തുടക്കകാരനായ സംവിധായകൻ എന്ന ഭീതി ഒട്ടും ഉണ്ടായിരുന്നില്ല, എന്നെ സംബന്ധിച്ചടത്തോളം പുതിയ അറിവുകളും അനുഭവങ്ങളും തേടി വരുകയായിരുന്നു. അലയടിച്ചുയരുന്ന തിരമാലകൾക്കൊപ്പം തന്നെ നീന്താനായി.
നൂറുശതമാനം ആത്മവിശ്വാസം ഈ സിനിമയിൽ എനിക്കുണ്ട്. മരണത്തിന്റെ പ്രായപരിധി 70 ആക്കിയെന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. അല്ലെങ്കിൽ 62കാരനും ചെറുപ്പമാണ്. എല്ലാ പ്രായപരിധിയിൽപ്പെട്ട ആളുകൾക്കും ഒരുപോലെ ആസ്വദിക്കാനും പ്രചോദനമാകാനും സാധിക്കുന്ന നല്ല ചിത്രമായിരിക്കും എബി.
സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്
ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്