Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഭീരസിനിമയുടെ ദൃക്സാക്ഷി; വീണ്ടും ദിലീഷ് പോത്തൻ

thondimuthalum-driksakshiyum

സമകാല മലയാളസിനിമയുടെ വഴി മാറ്റിയ ചിത്രങ്ങളിലൊന്നായ ‘മഹേഷിന്റെ പ്രതികാര’ത്തിനു ശേഷമെത്തിയ ദിലീഷ് പോത്തൻ - ഫഹദ് ഫാസിൽ ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ സംവിധായകൻ എന്ന നിലയിൽ ദിലീഷിന്റെ ചുവടുറപ്പിക്കലാണ്. അക്ഷരാർ‌ഥത്തിൽ ഗംഭീരമെന്നു പറയാവുന്ന സിനിമ.

∙ എന്താണ് തൊണ്ടി മുതലും ദൃക്സാക്ഷിയും

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു മോഷണത്തിന്റെ തൊണ്ടി മുതലും അതിന്റെ ഏക ദൃക്സാക്ഷിയുമാണ് പ്രമേയം. മോഷണം തെളിയിക്കാനായി പൊലീസും പരാതിക്കാരും കഷ്ടപ്പെടുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രസാദും (സുരാജ് വെഞ്ഞാറമൂട്) ശ്രീജയും (നിമിഷ) തമ്മിലുള്ള പ്രണയവും വിവാഹവും അതിനിടയിൽ അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒരു അപരനുമാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

∙ പോത്തേട്ടൻസ് ക്രാഫ്റ്റ്

suraj-fahad-move

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ക്രാഫ്റ്റിൽനിന്നു വ്യത്യസ്തമായ കഥപറച്ചിലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. സ്വാഭാവിക കഥാപാത്ര രൂപീകരണവും നാം സ്ഥിരം കാണുന്ന കാഴ്ചകളുടെ മനോഹരമായ ചിത്രീകരണവും നർമത്തിൽ പൊതിഞ്ഞ സ്വാഭാവികമായ സംഭാഷണങ്ങളും സിനിമയെ കൂടുതൽ മനോഹരമാക്കുന്നു. ടീസറും ആദ്യ ഗാനവും നൽകിയ നല്ല സിനിമയുടെ സൂചനകൾ അക്ഷരാർഥത്തിൽ തിയറ്ററിൽ അനുഭവിക്കാം.

∙ ഫഹദ് vs സുരാജ്

സിനിമയിലെ ഹൈലൈറ്റ് അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. ആരാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചതെന്ന് വിലയിരുത്താൻ പ്രയാസം. തന്റെ സ്ഥിരം ഹാസ്യ കഥാപാത്രങ്ങളിൽ നിന്നു മാറി ജീവിതഗന്ധിയായ ഉഗ്രൻ ക്യാരക്ടറായി മാറുന്നു സുരാജ്. ഇതിൽ അന്തംവിട്ടിരിക്കുന്ന പ്രേക്ഷകർക്കു മുന്നിലേക്കാണ് ഇതുവരെ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി ഫഹദ് എത്തുന്നത്. ഇവരോട് മത്സരിക്കാൻ അലൻസിയർ ലെ ലോപ്പസും നായികയായി എത്തിയ നിമിഷ സജയനും. അവരുടെ അഭിനയ പാടവം തന്നെ സിനിമയെ മികവുറ്റതാക്കുന്നു.

∙ തിരക്കഥയിലെ മാജിക്

suraj-fahad-dileesh

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സജീവ് പാഴൂരിന്റേതാണ്. സ്വന്തമായി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ദിലീഷ് പോത്തനെ കൊണ്ട് സംവിധാനം ചെയ്യിക്കാൻ തീരുമാനിക്കുകയായിരുന്നു സജീവ്. ശക്തമായ രണ്ടു നായക കഥാപാത്രങ്ങളും ഒഴിച്ചുകൂടാനാവാത്ത ഉപകഥാപാത്രങ്ങളുമായി തിരക്കഥ ഗംഭീരമാക്കിയിരിക്കുന്നു. മലയാളത്തനിമയുള്ള നായിക, ഗ്രാമീണ പൊലീസ് സ്റ്റേഷൻ, റിയലസ്റ്റിക് പൊലീസ് കഥാപാത്രങ്ങൾ, നിയമം, നിയമത്തിന്റെ വളച്ചൊടിക്കൽ, സാന്ദർഭികമായി ഒഴുകുന്ന നർമ്മം എല്ലാം കൂടി ചേർന്ന് തിരക്കഥ മികവുറ്റതാകുന്നു.

∙ സംഗീതവും ഛായാഗ്രഹണവും

Thondimuthalum Driksakshiyum

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ എത്തിയ ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. അമ്പലവും ഉത്സവവും പ്രണയവുമെല്ലാം അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ അതിഗംഭീരമാക്കി. ബിജിബാലിന്റെ സംഗീതവും മികവുറ്റതായി. കിരൺ ദാസാണ് എഡിറ്റർ.

വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന സിനിമയായിരുന്നു മലയാളികൾ നെഞ്ചേറ്റിയ ‘മഹേഷിന്റെ പ്രതികാരം’. അതിനേക്കാൾ റിയലിസ്റ്റിക് ആണ് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’. ‘അവസാന നിമിഷം വരെ പിടിച്ചു നിൽക്കുക. അതാണ് എന്റെ ഇപ്പോഴത്തെ ഒരു ലൈൻ" എന്ന സിനിമയിലെ ഡയലോഗ് പോലെ ആദിമധ്യാന്തം സിനിമ പ്രേക്ഷകരെ ഒന്നടക്കം പിടിച്ചടക്കി. ഫിലിം ഫെസ്റ്റിവലുകളിലേതു പോലെ, സിനിമ കഴിയുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം കയ്യടിക്കുമ്പോഴാണ് സിനിമ എത്രത്തോളം സ്വീകരിക്കപ്പെട്ടു എന്നതു മനസ്സിലാകുന്നത്.

നിങ്ങൾക്കും റിവ്യൂ എഴുതാം