ഇരുട്ടു പോലും പേടിത്തണുപ്പു താങ്ങാനാകാതെ ഒളിച്ചിരിക്കുകയാണെന്നു തോന്നിപ്പിച്ച ഒരു രാത്രി. കൃഷും ഭാര്യ ലക്ഷ്മിയും അയൽവീട്ടിലെ പുതിയ താമസക്കാരുടെ ക്ഷണമനുസരിച്ചു പാർട്ടിക്കെത്തിയതാണ്. അതിനിടയിലാണു വീട്ടിലെ ഇളയകുട്ടി സാറയെ കാണാതാകുന്നത്. അന്വേഷിച്ചു നടക്കുന്നതിനിടെ കൃഷിന്റെ കണ്മുന്നിൽത്തന്നെ അവൾ വന്നുപെട്ടു.
ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയാണ് ആ കൊച്ചുസുന്ദരി. ‘എന്താ സാറാ ഇവിടെ നിൽക്കുന്നത്...’ എന്നും ചോദിച്ച് അടുത്തേക്കു വന്ന കൃഷും അവൾ നോക്കുന്നിടത്തേക്ക് വെറുതെയൊന്നു കണ്ണെറിഞ്ഞു. അവിടെ, മുറ്റത്തെ കല്ലുകെട്ടിയ കിണറിന്റെ ഓരത്ത് ജെന്നി നിൽക്കുന്നു. അവരെത്തന്നെ തുറിച്ചു നോക്കി. തൊട്ടടുത്ത നിമിഷം, ഒരില വീഴുന്ന ലാഘവത്തോടെ അവളാ കിണറ്റിലേക്കു പതിച്ചു...
Aval Official Trailer | Siddharth | Andrea Jeremiah | This November
വളരെ നോർമലാണെന്നു തോന്നിപ്പിക്കുന്ന നിമിഷങ്ങളിൽ സ്ക്രീനിൽ നിന്നു നമുക്കു നേരെ പാഞ്ഞുവരുന്ന ഇത്തരം ഞെട്ടിക്കലുകളാണ് മിലിന്ദ് റാവുവിന്റെ ഹൊറർ ചിത്രം ‘അവൾ’ മുഴുവനും. കണ്ടിരിക്കെ ഒട്ടേറെ പ്രേതസിനിമകളുടെ (മലയാളത്തിലെ ഉൾപ്പെടെ) കഥകൾ മനസിലേക്കെത്തും. ഒരുപക്ഷേ ചില സീനുകളിൽ പോലും എക്സോസിസവും ദ് ഷൈനിങ്ങുമെല്ലാം മിന്നിമറയും.
എന്നാൽ അതിന്റെയെല്ലാം പേരിൽ ഒതുക്കിക്കളയേണ്ട ചിത്രമല്ല ‘അവൾ’. സമീപകാലത്തിറങ്ങിയവയിൽ, അലറി വിളിച്ചല്ലാതെ, ബുദ്ധി ഉപയോഗിച്ച് പ്രേക്ഷകനെ പേടിപ്പിക്കുന്ന ഹൊറർ ചിത്രങ്ങളുടെ കൂട്ടത്തിൽ മികച്ചതെന്ന് തീർച്ചയായും പറഞ്ഞ് മുന്നോട്ടേക്കു മാറ്റി നിർത്താനാകും ഈ സിനിമയെ. ഇരുട്ടിൽ കടുംചുവപ്പും മഞ്ഞയും വെളിച്ചങ്ങൾ ഒതുക്കി നിർത്തിയുള്ള പ്രകാശ വിന്യാസം മുതൽ ഹിമാചൽ പ്രദേശിന്റെ മഞ്ഞും കാറ്റും വരെ ചിത്രത്തിൽ പ്രേക്ഷകനെ പേടിപ്പിക്കാനെത്തുന്നു.
തുടക്കം മുതൽ എങ്ങോട്ടേക്കാണു ചിത്രത്തിന്റെ യാത്രയെന്ന കാര്യത്തിൽ ഒരു പിടിയും തരില്ല ‘അവൾ’. എൺപതു വർഷം മുൻപ്, ഹിമാലയത്തിന്റെ താഴ്‌വരയിൽ ചൈനീസ് മാതൃകയിൽ നിർമിച്ച വീട്ടിൽ ജീവിച്ചിരുന്ന അമ്മയെയും മകളെയും പരിചയപ്പെടുത്തിയാണ് ചിത്രത്തിന്റെ ആരംഭം. പിന്നെ പതിയെ ഒരു പാട്ടിലൂടെ ചിത്രം ഇന്നത്തെ കാലത്തേക്ക്. അവിടെ കൃഷിന്റെയും ലക്ഷ്മിയുടെയും പ്രണയം. അവരുടെ അയൽപ്പക്കത്തു പുതുതായി വരുന്ന പോളിന്റെ കുടുംബം. അദ്ദേഹത്തിന്റെ മൂത്തമകൾ ജെന്നി. പിന്നെ സാറ...കഥയുടെ സഞ്ചാരത്തിനിടെ അതുവരെയുള്ള സന്തോഷ നിമിഷങ്ങളെ താളം തെറ്റിച്ചു കൊണ്ടെത്തുന്ന അസാധാരണ അനുഭവങ്ങൾ. അതിൽ നിന്നു രക്ഷയുമായെത്തുന്നവർ.
കഥയിൽ എല്ലാ പ്രേതചിത്രങ്ങളെയും പോലെത്തന്നെയാണ് ‘അവൾ’. എന്നാൽ അതിന്റെ ചിത്രീകരണരീതിയാണ് പ്രേക്ഷകനെ പേടിപ്പിക്കുന്നതും സീറ്റിൽ വിറങ്ങലിച്ചിരുത്തുന്നതും. ചില രംഗങ്ങളെങ്കിലും കണ്ണടച്ചു പിടിച്ച്, കൺപാളികൾക്കിടയിലൂടെയുള്ള നേർത്ത വരയിലൂടെ മാത്രം സ്ക്രീനിലേക്കെത്തി നോക്കിക്കാൻ നിർബന്ധിക്കും ‘അവൾ’. കാഴ്ച മാത്രമല്ല ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മികച്ച പശ്ചാത്തല സംഗീതവും സിനിമയിലുടനീളമുണ്ട്.
ക്ലാസിക് ഹൊറർ സിനിമകളോടുള്ള സംവിധായകന്റെ പ്രണയത്തിന്റെ സ്വാധീനവും ‘അവളി’ൽ ദൃശ്യമാണ്. ചില ഷോട്ടുകളിലെങ്കിലും അതിനെ അതേപടി പകർത്തിവയ്ക്കാനുള്ള തീവ്രശ്രമവുമുണ്ടായിട്ടുണ്ട്. 1980ലിറങ്ങിയ സ്റ്റാൻലി കുബ്രിക്കിന്റെ ‘ദ് ഷൈനിങ്ങിലെ’ ഓവർലുക് ഹോട്ടലിനെ അനുസ്മരിപ്പിക്കുന്ന ആകാശദൃശ്യം തന്നെ ഉദാഹരണം. മഞ്ഞുമൂടിയ പർവതത്തിന്റെ താഴ്‌വരയിൽ നിശബ്ദത പുതച്ചു കിടക്കുന്ന ആ ഹോട്ടലിന്റെ പകർപ്പെന്ന പോലെ പോളിന്റെയും കൃഷിന്റെയും വീട് ഇടയ്ക്കിടെ ഭീതിജനകമായ കാഴ്ചയായി ‘അവളി’ലും കാണാം. കഥാപാത്രനിർമിതിയിലുമുണ്ട് ‘ദ് ഷൈനിങ്ങി’ന്റെ സ്വാധീനം.
ജാപ്പനീസ് ഹൊറർ ചിത്രങ്ങളുടെ തലതൊട്ടപ്പൻ തകാഷി മിക്കെയുടെ ഉൾപ്പെടെ ആരാധകനാണ് സംവിധായകൻ എന്നതും വ്യക്തം. ദൃശ്യങ്ങളിലാണ് തകാഷിയുടെ സ്വാധീനം വ്യക്തമാകുന്നത്. എന്നാൽ ഇതൊന്നും അതേപടി പകർത്തിവയ്ക്കലായി അനുഭവപ്പെടുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ. പകരം പ്രേക്ഷകനെ തൊട്ടൊന്നോർമിപ്പിക്കുന്നുവെന്നു മാത്രം.
സ്കോട്ട് ഡെറിക്സന്റെ ‘എക്സോസിസം ഓഫ് എമിലിറോസിന്റെ’ പകർപ്പായിപ്പോകേണ്ട ‘അവളിലെ’ ചില നിമിഷങ്ങളെ കയ്യൊതുക്കത്തോടെ സ്ക്രീനിൽ നിറച്ച മിലിന്ദ് റാവുവിന്റെ കഴിവു തന്നെ അതിന് ഏറ്റവും മികച്ച ഉദാഹരണം. മൊത്തം കഥയിലൂടെ പ്രേതാനുഭവം ജനിപ്പിക്കുന്നതിനേക്കാളും ഒരുപക്ഷേ ഓരോ ഷോട്ടുകൾക്കായിരുന്നിരിക്കണം സംവിധായകൻ പ്രാധാന്യം നൽകിയത്. അത്തരം ഞെട്ടലുകളാണ് ചിത്രത്തിലുടനീളമുളളതും.
അതേസമയം തന്നെ പ്രണയവും വാത്സല്യവും പാട്ടുമൊക്കെയായി എന്റർടെയ്ൻമെന്റ് എലമെന്റുകളും ഏറെ. കൃഷ് ആയെത്തിയ സിദ്ധാർഥ് മിലിന്ദിനൊപ്പം ചിത്രത്തിന്റെ തിരക്കഥയിലും പങ്കാളിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ന്യൂറോസർജൻ കഥാപാത്രം മികവോടെയാണ് വെള്ളിത്തിരയിൽ അനുഭവിച്ചറിയാനാകുക. ഒപ്പം ലക്ഷ്മിയായി അൻഡ്രിയ ജെർമിയയുണ്ട്. പരസ്യചിത്രങ്ങളിലൂടെ പരിചിതയായ അനിഷ ആഞ്ചലീന വിക്ടർ ആണ് ജെന്നിയെന്ന ശ്രദ്ധയേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയത്തെ അസാധാരണമെന്നേ വിശേഷിപ്പിക്കാനാകൂ. അതുൽ കുൽക്കർണിയാണ് പോളിന്റെ വേഷത്തിലെത്തുന്നത്.
കഥയെ മുന്നോട്ടു നയിക്കാൻ ആവശ്യമായത്ര കഥാപാത്രങ്ങളേയുള്ളൂ ചിത്രത്തിൽ. അതിനാൽത്തന്നെ അനാവശ്യമായ കോമഡിക്കും മറ്റും വേണ്ടിയുള്ള വലിച്ചുനീട്ടലും ഏച്ചുകെട്ടലുകളും ഇല്ല. ശ്രേയാസ് കൃഷ്ണയുടെ ഛായാഗ്രഹണവും ലോറൻസ് കിഷോറിന്റെ എഡിറ്റിങ്ങും കൃത്യമായ അളവിൽ ബോറടിപ്പിക്കാതെ, എന്നാൽ തുടർച്ചയായി ഞെട്ടിച്ചു കൊണ്ട് കാഴ്ചയുടെ പ്രേത, പ്രണയ ചേരുവകളെ നമുക്കു മുന്നിലെത്തിക്കുന്നു. ഗിരിഷിന്റെയാണ് സംഗീതം.
കഥയോ കാഴ്ചാസുഖമോ ഒരിടത്തു പോലും കൈവിട്ടു പോകാൻ അനുവദിക്കാതെ അവസാനം വരെയും പേടിപ്പിച്ച് നിർത്തുന്ന ‘അവൾ’ അവസാനിക്കുന്നതു പോലും ഒരു കഥ ബാക്കിവച്ചാണ്. ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ? അങ്ങനെയുണ്ടായാൽത്തന്നെ ആ ചിത്രത്തെ ‘അവളെ’ക്കാളും ഒരുപടി മുന്നിൽ നിർത്തുകയെന്നതായിരിക്കും സംവിധായകനും സംഘവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.