ചങ്ക് പറിച്ച് കയ്യിൽ കൊടുത്താലും 'ചെമ്പരത്തിപ്പൂ' എന്നേ പറയൂ...പതിനെട്ടടവും പയറ്റിയിട്ടും ഒരു രക്ഷയുമില്ലെന്ന് മനസിലാക്കുമ്പോൾ ചില കാമുകൻകാർ പറയുന്ന പരാതികളിലൊന്നാണിത്. പൂ ചെമ്പരത്തി ആണെങ്കിലും അതങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാനെത്ര ചേലാണ്. അതുപോലുള്ളൊരു പ്രണയത്തിന്റെ കഥയാണ് അരുൺ വൈഗയെന്ന സംവിധായകന്റെ മനസ്സിൽ വിരിഞ്ഞ ‘ചെമ്പരത്തിപ്പൂ’.
സ്കൂൾ കാലഘട്ടങ്ങളിലെ പ്രണയം ഒരാളുടെ വ്യക്തിജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് വരച്ച് കാണിക്കുന്ന കൊച്ചു മനോഹരചിത്രമാണ് ചെമ്പരത്തിപ്പൂ. സ്കൂളിലേക്കും പള്ളിയിലേക്കുമൊക്കെയുളള നാട്ടിടവഴികളില്‍ തുടങ്ങിയ പ്രണയം. കണ്ണിലൂടെ പ്രണയിച്ചവരുടെ ജീവിതം. അതാണ് ചെമ്പരത്തിപ്പൂ. നമ്മൾ പണ്ട് കേട്ടിരുന്നിട്ടുള്ള കളിയാക്കി ചിരിച്ചിട്ടുളള പഴയ പ്രണയകഥകളിലൊന്നിന്റെ ചേലുള്ളൊരു സിംപിൾ സിനിമ.
Chembarathipoo Official Trailer | Askar Ali | Aju Varghese | Aditi Ravi | Parvathi Arun | Arun Vaiga
സിനിമാമോഹിയായ വിനോദ് ശശിയെന്ന ചെറുപ്പക്കാരന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആദ്യപ്രണയം തകർന്നതിന്റെ നിരാശയിലാണ് വിനോദ്. നിരാശകാമുകനാണെങ്കിലും വീണ്ടുമൊരു പ്രണയത്തിൽ ചെന്നുവീഴാൻ നല്ല താൽപര്യവുമുണ്ട്. അങ്ങനെ വിനോദ് വീണ്ടും പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.
സ്കൂൾ കാലഘട്ടങ്ങളും പഴയ ഓർമകളുമെല്ലാം മനോഹരമായി ആവിഷ്കരിക്കാൻ സംവിധായകന് സാധിച്ചു. വിനോദായി അസ്കർ അലി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. കൂട്ടുകാരന്മാരായി എത്തിയ മത്തായിയും അടിപൊളി രതീഷുമായി അജു വർഗീസും ധർമജനും തിളങ്ങി.
രണ്ട് നായികമാരാണ് സിനിമയിൽ. നീന ജേക്കബ് ആയി പുതുമുഖം പാർവതി അരുണും ദിയയായി അതിഥി രവിയും അഭിനയിക്കുന്നു. സുധീർകരമന, വിശാഖ് നായർ, വിജിലേഷ്, സുനിൽ സുഗദ, കോട്ടയം പ്രദീപ് എന്നിവരാണ് മറ്റുതാരങ്ങൾ.
സിനിമയുടെ രചനയും ചിത്രസംയോജനവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അരുൺ വൈഗയാണ്. ഒരു പുതുമുഖ സംവിധായകന്റെ പാളിച്ചകളൊന്നും പ്രകടമാകാത്ത രീതിയിൽ ചിത്രമൊരുക്കിയ അരുണിന്റെ വൈഭവം എടുത്തുപറയേണ്ടതാണ്.
മാനിക്യുൻ ടെക്‌നിക് രീതി ഉപയോഗിച്ചെടുത്ത ആക്ഷൻ രംഗം സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. സന്തോഷ് അണിമയുടെ ഛായാഗ്രഹണവും ചെമ്പരത്തിപ്പൂവിനെ കൂടുതൽ മനോഹരമാക്കുന്നു. രാകേഷ് എ ആറിന്റെ സംഗീതം മികച്ചുനിന്നു.
കുട്ടിക്കാലത്തെ നമ്മുടെ പ്രണയത്തിലേക്കും ഗൃഹാതുര ഓര്‍മകളിലേക്കും കൂട്ടിക്കൊണ്ട് പോകുന്ന ഈ സിനിമ യുവാക്കളെയും കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുത്തും.