ഒാരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ. അതാണ് ടേക്ക് ഒാഫ്. അതിതീവ്രമായ ഒരു സംഭവകഥ അതിലും വൈകാരികതയോടെ അഭ്രപാളിയിൽ അവതരിക്കപ്പെട്ടിരിക്കുന്നു. മനോഹരമായ അഭിനയമുഹൂർത്തങ്ങളും അന്താരാഷ്ട്ര സിനിമകളെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള പശ്ചാത്തലവും മേക്കിങ്ങും കൂടിയായപ്പോൾ മലയാള സിനിമയുടെ മറ്റൊരു തലത്തിലേക്കുള്ള ‘ടേക്ക് ഒാഫ്’ ആയി മാറുന്നു ഇൗ ചിത്രം.
Take Off Movie | Kunchacko Boban, Parvathy, Mahesh Narayanan attend first show || Manorama Online
നഴ്സ് എന്നാൽ നാട്ടിലെ മലയാളികൾക്കിടയിൽ അത്ര വലിയ വിലയുള്ള ജോലിയൊന്നുമല്ല. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ തീർക്കാൻ വിദേശത്ത് ജോലിക്കു പോകുന്ന അവർക്ക് അവിടെ ലഭിക്കുന്ന അംഗീകാരവും പരിഗണനയും ശമ്പളവും വലുതാണ്. എന്നാൽ അമേരിക്കയിലോ ലണ്ടനിലോ പോകുന്ന നഴ്സുമാരുടെ അവസ്ഥയല്ല ഇറാഖിലും ലിബിയയിലും പോകുന്നവരുടേത്. ജോലിക്കായി ഇറാഖിലെത്തുന്ന കുറച്ചു നഴ്സുമാരുടെ നിലനിൽപിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഒരു പ്രത്യേക ഗണത്തിൽ പെടുത്താവുന്ന സിനിമയല്ല ടേക്ക് ഒാഫ്. കോമഡിയെന്നോ ആക്ഷനെന്നോ ത്രില്ലറെന്നോ ഒന്നും ഇൗ സിനിമയെ വിശേഷിപ്പിക്കാനാവില്ല. അതു തന്നെയാണ് ഇൗ സിനിമയുടെ പ്രത്യേകതയും. സർവൈവൽ ത്രില്ലർ എന്നാണ് ചിത്രത്തിന്റെ സംവിധായകനായ മഹഷ് നാരായണൻ സിനിമയെ വിശേഷിപ്പിച്ചത്. അത് അക്ഷരംപ്രതി ശരിയാണെന്ന് ചിത്രം തെളിയിക്കുന്നു.
ഇറാഖിലേക്കുള്ള സമീറയുടെയും(പാർവതി) അവളുടെ ഭർത്താവ് ഷഹീദിന്റെയും(കുഞ്ചാക്കോ ബോബൻ) വരവാണ് ആദ്യ പകുതി കാണിക്കുന്നതെങ്കിൽ അവർ അവിടെ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളാണ് രണ്ടാം പകുതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. സത്യത്തിൽ പാർവതി എന്ന നടിയാണ് ടേക്ക് ഒാഫിന്റെ ഹൃദയം. ആ ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് യഥാസയമം രക്തമെത്തിക്കുക എന്ന സുപ്രധാന കടമയാണ് മറ്റു അഭിനേതാക്കൾ നിർവഹിച്ചത്. സമീറയായി പാർവതി ജീവിച്ചപ്പോൾ സമീറയുടെ ഭർത്താവ് ഷഹീദായി മിതത്വം കലർന്ന അഭിനയം കുഞ്ചാക്കോ ബോബൻ കാഴ്ച വച്ചു. ഇന്ത്യൻ എംബസ്സിയിലെ ഉദ്യേഗസ്ഥനായി മാസ്മരിക പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ച വച്ചത്. ചെറുതെങ്കിലും തന്റെ കഥാപാത്രത്തെ ആസിഫ് അലി ഭംഗിയാക്കി. കൂടാതെ ചിത്രത്തിലഭിനയിച്ച സ്വദേശികളും വിദേശികളുമായ എണ്ണമറ്റ മറ്റു അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വച്ചു. കാസ്റ്റിങ്ങാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നു നിസ്സംശയം പറയാം.
യഥാർഥത്തിൽ ടേക്ക് ഒാഫ് മലയാളസിനിമയുടെ തന്നെ ടേക്ക് ഒാഫാണ്. അന്താരാഷ്ട്ര സിനിമകളുടെ പശ്ചാത്തലത്തോടും മേക്കിങ്ങിനോടും കിട പിടിക്കുന്ന ചിത്രം. ഐഎസ് ആക്രമണവും അതിന്റെ തീവ്രതയുമൊക്കെ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. പല ഷോട്ടുകളും ഒരു മലയാള സിനിമ തന്നെയാണോ കാണുന്നതെന്ന പ്രതീതി നമ്മിൽ ജനിപ്പിക്കും. സിനിമകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് ധൈര്യപൂർവം ഉയർത്തിക്കാണിക്കാവുന്ന യഥാർഥ സ്ത്രീപക്ഷ സിനിമയാണ് ടേക്ക് ഒാഫ്.
എഡിറ്ററായ മഹേഷ് നാരായണൻ തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ ഞെട്ടിച്ചു. അഭിനേതാക്കളുടെ വൈകാരികത വ്യക്തമായി ഒപ്പിയെടുക്കുന്നതിലായിരുന്നു രാജേഷ് പിള്ള എന്ന സംവിധായകന്റെ മികവ്. അദ്ദേഹത്തിന്റെ ഒാർമയിൽ ടേക്ക് ഒാഫ് എത്തുമ്പോൾ അവിടെയും കാണാനാകുക ആ വൈകാരിക തീവ്രത തന്നെ. ഛായാഗ്രഹണം നിർവഹിച്ച സാനു വർഗീസ് രംഗങ്ങൾ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. പശ്ചാത്തല സംഗീതം നിർവഹിച്ച ഗോപി സുന്ദർ സിനിമയുടെ മൂഡിനനുസരിച്ച് അത് കൈകര്യം ചെയ്തിരിക്കുന്നു.
കുടുംബമായോ കൂട്ടുകാർക്കൊപ്പമോ ആർക്കും ധൈര്യപൂർവം ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് ടേക്ക് ഒാഫ്. ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുള്ള ചിത്രം. അതെ ടേക്ക് ഒാഫ് ഒരു പറക്കലാണ്. ഉയരങ്ങളിലേക്കുള്ള പറക്കൽ.