Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേപ്പയൽ താൻടാ റിച്ചി; റിവ്യു

richie-review

ഡാർക്ക് മൂഡിലുള്ള ഒരു ഗ്യാങ്സ്റ്റർ ചിത്രമാണ് നിവിൻ പോളി നായകനാകുന്ന റിച്ചി. ഉളിദവരു കണ്ടന്തേ എന്ന കന്നഡ സിനിമയുടെ റീമേക്കായ ഇൗ ചിത്രം ഒരു ‘പേപ്പയലിന്റെ’ കഥയാണ്.  

കടപ്പുറം പശ്ചാത്തലമാക്കി ഒരു പകയുടെ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ പക കഥാപാത്രങ്ങൾക്കൊപ്പം വളരുന്നതും അവരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നതും ചിത്രം ചർച്ച ചെയ്യുന്നു. ഒരു മാസ് ചിത്രമൊന്നുമല്ല റിച്ചി. മറിച്ച് കഥാപാത്രങ്ങളെ വൈകാരിക തലത്തിൽ സമീപിക്കാനുള്ള ശ്രമമാണ്.

Richie Trailer

കഥയിലും കഥാപാത്രങ്ങളിലും അവ്യക്തത ബാക്കിയാക്കി അവസാനിക്കുന്ന ചിത്രത്തിന്റെ ആദ്യ പകുതി ശരാശരിയിൽ മാത്രം ഒതുങ്ങുന്നതാണ്. നിവിന്റെ സാന്നിധ്യം ആദ്യ ഭാഗത്തിൽ പേരിനു മാത്രമാണ്. കഥയുടെ മെല്ലെപ്പോക്കും നേരത്തെ പറഞ്ഞ അവ്യക്തതകളും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കും. മലയാളി പ്രേക്ഷകർക്കു ഭാഷയും വെല്ലുവിളിയാണ്. 

ആസ്വാദകനെ കുറച്ചു കൂടി ആകർഷിക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. നിവിന്റെയും മറ്റു കഥാപാത്രങ്ങളുടെയും വൈകാരിക തലങ്ങൾ വെളിവാക്കപ്പെടുന്ന ഇൗ ഭാഗങ്ങൾ മികവുറ്റതാണ്. എന്നാൽ ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് ഇവയൊക്കെ എത്ര കണ്ട് ആസ്വാദ്യകരമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. പ്രതികാരമാണ് പ്രമേയമെങ്കിലും പ്രതികാരപൂർത്തീകരണത്തെക്കാൾ അതിലേക്ക് നയിക്കുന്ന കാരണങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. 

richie-railer

റീമേക്ക് സിനിമകൾ അതിന്റെ യഥാർത്ഥ സൃഷ്ടിയോടു താരതമ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്. അങ്ങനെ നോക്കിയാൽ രക്ഷിത്‌ ഷെട്ടിയുടെ ഉളിദവരു കണ്ടന്തേ എന്ന സിനിമ റിച്ചിയെക്കാൾ മികച്ചു നിൽക്കും. രക്ഷിത്തിന്റെ മാനറിസങ്ങളും സംഭാഷണവും ടൈഗർ ഡാൻസും റിച്ചിയിലെത്തുമ്പോൾ അത്ര കണ്ട് മികവു പുലർത്തിയോ എന്ന് സംശയമാണ്. 

റിച്ചിയായി ലുക്കിൽ നിവിൻ മികച്ചു നിന്നു. പക്ഷേ സംഭാഷണത്തിലും മറ്റും അസ്വാഭാവികത അനുഭവപ്പെടും. നടരാജൻ സുബ്രഹ്മണ്യൻ, ശ്രദ്ധാ ശ്രീനാഥ്, പ്രകാശ് രാജ് തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. പാണ്ടി കുമാറിന്റെ ഛായാഗ്രഹണവും അജനീഷ് ലോക്നാഥിന്റെ സംഗീതവും ചിത്രത്തിന്റെ മൂഡിനു ചേർന്നതായിരുന്നു. ഗൗതം രാമചന്ദ്രൻ ആദ്യ സംവിധാന സംരംഭം മോശമാക്കിയില്ലെങ്കിലും ഉളിദവരുവിനൊപ്പമെത്താൻ അദ്ദേഹത്തിനായില്ല.

nivin-pauly-richie-song

ഒരു സാധാരണ പ്രേക്ഷകനെ രസിപ്പിക്കുന്ന മാസ് ആക്‌ഷൻ സിനിമയല്ല റിച്ചി. മറിച്ച് കഥാപാത്രങ്ങളെക്കുറിച്ചും കഥയെക്കുറിച്ചും ആഴത്തിലുള്ള ചിന്തയും വ്യാഖ്യാനവും ആവശ്യപ്പെടുന്ന ഒന്നാണ്. ആദ്യാവസാനം രസിപ്പിക്കില്ലെങ്കിലും റിച്ചി മോശമല്ലാത്ത ഒരു സിനിമാനുഭവമാണ്. 

നിങ്ങൾക്കും റിവ്യൂ എഴുതാം