Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ വന്നു; ടേക്ക് ഒാഫ് ഇനി ബോളിവുഡിലേക്ക് പറക്കില്ല

tiger-take-off

ഇൗ വർഷമിറങ്ങിയ ഏറ്റവും മികച്ച മലയാള ചിത്രങ്ങളിലൊന്നായ ടേക്ക് ഒാഫ് ഹിന്ദിയിലേക്ക് ഇനി റീമേക്ക് ചെയ്യില്ലെന്ന് സംവിധായകൻ മഹേഷ് നാരായണൻ. സൽമാൻ ഖാൻ നായകനായെത്തുന്ന ടൈഗർ സിന്ദാ ഹേ എന്ന ചിത്രം ടേക്ക് ഒാഫിന്റേതിന് സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

Tiger Zinda Hai | Official Trailer | Salman Khan | Katrina Kaif

മലയാളത്തിൽ സൂപ്പർ ഹിറ്റായ ടേക്ക് ഒാഫ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അണിയറക്കാർ. ജെറ്റ് എയർവെയ്സ് തങ്ങളുടെ ആദ്യ സിനിമാ നിർമാണ സംരംഭമായി ഹിന്ദി ടേക്ക് ഒാഫിനെ അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലായിരുന്നു. 

എന്നാൽ ടൈഗർ സിന്ദാ ഹേ സമാന പ്രമേയമാണ് പറയുന്നതെന്ന വാർത്തകൾ വന്നതോടെയാണ് ടേക്ക് ഒാഫ് ഹിന്ദിയിലേക്ക് പറന്നുയരാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റത്. സൽമാൻ ചിത്രത്തിന്റെ ട്രെയിലർ കൂടി വന്നതോടെ ടേക്ക് ഒാഫിന്റെ സംവിധായകൻ മഹേഷ് നാരായണൻ ചിത്രം റീമേക്ക് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 

TAKE OFF - Official Trailer | Parvathy | Kunchacko Boban | Fahadh Fazil | Asif Ali

സമൂഹമാധ്യമങ്ങളിൽ സല്ലു ചിത്രത്തിനെ കളിയാക്കി നിരവധി ട്രോളുകൾ വരുന്നുണ്ട്. നായികാ കേന്ദ്രീകൃതമായി മലയാളത്തിൽ ഒരുങ്ങിയ ചിത്രം ഹിന്ദിയിൽ സൽമാനെ ചുറ്റിപ്പറ്റിയാകുന്നതിനെതിരെ വിമർശനവുമുയരുന്നുണ്ട്. 

സുൽത്താൻ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ അലി അബ്ബാസ് സഫർ ടൈഗർ സിന്ദാ ഹേ‌ സംവിധാനം ചെയ്യുന്നത്. കബീർ ഖാൻ സംവിധാനം ചെയ്ത ഏക് ഥാ ടൈഗറിന്റെ തുടർഭാഗമാണ് ഈ ചിത്രം. കത്രീന കൈഫ്, പരേഷ് റാവൽ, സുദീപ്, അൻഗദ് ബേദി എന്നിവരാണ് പ്രധാനതാരങ്ങൾ. യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് തിയറ്ററുകളിലെത്തും.