തമിഴകത്തെ ‘ഞെട്ടിച്ച’ പയ്യന്റെ പടം ഇന്ന് അവതരിക്കുകയാണു കേരളത്തിന്റെ ബിഗ് സ്ക്രീനിൽ; ധ്രുവങ്ങൾ പതിനാറ് എന്ന ഡി -16! വെറും 22 വയസ്സുള്ള കാർത്തിക് നരേനെന്ന എൻജിനീയറിങ് ബിരുദധാരി ഒരുക്കിയ ആദ്യ ചലച്ചിത്രമായ ധ്രുവങ്ങൾ പതിനാറ് അക്ഷരാർഥത്തിൽ തമിഴ് സിനിമയുടെ കാഴ്ചാശീലങ്ങളെ മാറ്റിമറിച്ചെന്നാണു വിലയിരുത്തൽ. ക്രൈം ത്രില്ലറുടെ പതിവുശീലുകളിൽ നിന്നു വ്യത്യസ്തം. ത്രില്ലർ സിനിമകളുടെ കുലഗുരുവെന്നു ലോകം വാഴ്ത്തുന്ന ആൽഫ്രെഡ് ഹിച്കോക്കിന്റെ കടുത്ത ആരാധകനാണ് ഈ കോയമ്പത്തൂരുകാരൻ പയ്യൻ. കാർത്തിക്കിനോടു സംസാരിക്കാം.
അരങ്ങേറ്റത്തിന്റെ ആകുലതകൾ
സത്യത്തിൽ സിനിമ എന്താകുമെന്നായിരുന്നില്ല എന്റെ ആശങ്ക. നിർമാതാവിനെത്തേടിയായിരുന്നു അലച്ചിൽ. എനിക്ക് 22 വയസേയുള്ളൂ, ഫിലിം മേക്കിങ്ങിൽ മുൻപരിചയവുമില്ല. ഹ്രസ്വ ചിത്രങ്ങൾ ചെയ്തിട്ടുണ്ടെന്നു മാത്രം. സ്വാഭാവികമായും ഒരു കൊച്ചു പയ്യനെ വിശ്വസിച്ചു പണം മുടക്കാൻ നിർമാതാക്കളൊന്നും തയാറായില്ല. ആറു മാസം അലഞ്ഞിട്ടും ആരെയും കിട്ടിയില്ല. ഒടുവിൽ, എന്റെ അച്ഛൻ ചിത്രം നിർമിക്കാൻ തയാറായി. വലിയ സാമ്പത്തികശേഷിയുള്ള കുടുംബമൊന്നുമല്ല എന്റേത്. പക്ഷേ, എന്നിട്ടും അദ്ദേഹം പിന്തുണ തന്നു. അതുകൊണ്ടുതന്നെ ഒരുവിധത്തിലുമുള്ള ബാഹ്യ ഇടപെടലും ഭയക്കാതെ സിനിമ ചെയ്യാനായി. സിനിമ ചെയ്തശേഷം വിതരണക്കാരെ കിട്ടാൻ അത്രയേറെ പാടുപെടേണ്ടിവന്നില്ല. രണ്ടാമത്തെ കൂടിക്കാഴ്ചയിൽതന്നെ അവർ പടമെടുത്തു!
ഏക താരമായി റഹ്മാൻ
അദ്ദേഹം മാത്രമേയുള്ളൂ താരമായി. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. റഹ്മാൻ സാറിനെ കണ്ടത് ഒരോണക്കാലത്താണ്. കഥയെന്താണെന്നു ചോദിച്ചു. പൊലീസ് വേഷമെന്നു പറഞ്ഞപ്പോഴേ അദ്ദേഹം കൈകൂപ്പി. ‘എനിക്കു താൽപര്യമില്ല. ഒരുപാടു പൊലീസ് വേഷം ചെയ്തു. ഇനി വേണ്ട.’ എന്നിട്ടും ഞാൻ പിന്നാലെ നടന്നു കഥ പറഞ്ഞു. തിരക്കഥ കേൾപ്പിച്ചു. മൂന്നാം തവണ അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ ക്രൂവിനെ മുഴുവൻ ഹാജരാക്കി! അതോടെ, അദ്ദേഹത്തിന് എന്നെ വിശ്വാസമായി. എന്റെ ചെറുപ്രായവും വീണ്ടുമൊരു പൊലീസ് വേഷം വേണോയെന്ന ശങ്കയുമാകാം ആദ്യം താൽപര്യമില്ലെന്ന് അദ്ദേഹം പറയാൻ കാരണം. അവസാനം സിനിമ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘പടം എന്താണെന്ന് എനിക്ക് ഇപ്പോഴാണു മനസ്സിലായത്.’ അത്രയേറെ വിശ്വാസമായിരുന്നു എന്നെ അദ്ദേഹത്തിന്!
ചിത്രം സൂപ്പർ ഹിറ്റ്, ഇനി
ധ്രുവങ്ങൾ പതിനാറ് സൂപ്പർഹിറ്റായി. പക്ഷേ, തമിഴ് സിനിമയിൽ എന്റെ സ്ഥാനം ഉറച്ചെന്നു പറയാൻ കഴിയില്ല. ഒന്നും ശാശ്വതമല്ലല്ലോ! ആദ്യ സിനിമ വിജയിച്ചതോടെ എന്റെ ജോലി ഇരട്ടിയായി. അടുത്ത ചിത്രത്തെക്കുറിച്ചു പ്രേക്ഷകർക്ക് ഒരുപാടു പ്രതീക്ഷകളുണ്ടാകും. ഡി - 16 നേക്കാൾ മികച്ച ചിത്രമെടുത്താൽ മാത്രമേ ആ പ്രതീക്ഷകൾക്കൊപ്പമെത്താൻ കഴിയൂ. അതാണ് എന്റെ വെല്ലുവിളി. അരവിന്ദ് സ്വാമിയും നാഗചൈതന്യയും പ്രധാന വേഷങ്ങളിലെത്തുന്ന നരകാസുരൻ ആണ് അടുത്ത ചിത്രം. ഇപ്പോഴേ നിർമാതാവിനെ കിട്ടി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനായ ഗൗതം മേനോൻ! മേക്കിങ് രീതി ഡി - 16 ൽനിന്നു വ്യത്യസ്തമാകും. എന്റെ സ്വന്തം ബാനറിലും പടങ്ങൾ നിർമിക്കും.
വൈകിയെത്തുന്ന ഡി - 16
ശരിയാണ്, മറ്റിടങ്ങളിൽ റിലീസ് ചെയ്തതുപോലെ ഡിസംബർ 29 നു തന്നെ കേരളത്തിലും റിലീസ് ആഗ്രഹിച്ചിരുന്നു. തിയറ്റർ സമരം ഉൾപ്പെടെ പല കാരണങ്ങളാലും സാധിച്ചില്ല. ഒട്ടേറെ മലയാളികൾ ചിത്രം കണ്ടിട്ടുണ്ട്. ഓൺലൈൻ റിലീസും കഴിഞ്ഞു. പക്ഷേ, കണ്ടവരെല്ലാം പറയുന്നതു തിയറ്ററിലും പടം വരണമെന്നാണ്! പിന്നെ, ഭാഷ ഒരു തടസ്സമേയല്ല. കന്നഡയിലും വലിയ സ്വീകരണമാണു ലഭിച്ചത്. അതാണു കേരളത്തിലും പ്രതീക്ഷിക്കുന്നത്!
ധ്രുവങ്ങൾ 16 കണ്ട ശേഷം റഹ്മാൻ കാർത്തിക്കിനെ കെട്ടിപ്പിടിച്ചു പറഞ്ഞതിങ്ങനെ: എന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം! പിന്നീട്, പ്രേക്ഷകരും പറഞ്ഞത് അതു തന്നെ.