കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ കാലമായി ചലച്ചിത്ര രംഗത്തു വിപണന മൂല്യമുള്ള വ്യാപാര നാമമാണ് പ്രിയദർശൻ. ഈ പേരു കണ്ടു സിനിമയ്ക്കു കയറിയാൽ 100% എന്റർടെയ്ൻമെന്റ് ഉറപ്പ്. കഴിഞ്ഞ മൂന്നു വർഷമായി ഈ ട്രഡ് നെയിമിനു നേരിയ മങ്ങലുണ്ടായി.പക്ഷെ ആ ക്ഷീണമെല്ലാം തീർത്ത് ‘ഒപ്പം’ എന്ന ചിത്രത്തിലൂടെ അതിശക്തമായ തിരിച്ചു വരവു നടത്തിയിരിക്കുകയാണ് പ്രിയദർശൻ.
പ്രിയദർശൻ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും തിയറ്ററിൽ നമ്മെ പൊട്ടിച്ചിരിപ്പിക്കുമ്പോൾ അവ എങ്ങനെ ഉണ്ടാകുന്നുവെന്നു പലരും ചിന്തിക്കാറുണ്ട്.36 വർഷമായി ഹിന്ദിയിലും ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തും നിറഞ്ഞു നിൽക്കുന്ന പ്രിയനു സാധാരണക്കാരുമായി ഇടപഴകാൻ അവസരം ലഭിക്കുന്നതെങ്ങനെയെന്നു സംശയം തോന്നാം.
പത്രവായനയിൽ നിന്നാണ് താൻ സിനിമയ്ക്കു പറ്റിയ വിവരങ്ങൾ ശേഖരിക്കുന്നതെന്നു പ്രിയദർശൻ പറയുന്നു.ലോകത്ത് എവിടെപ്പോയാലും മലയാളം പത്രങ്ങളുടെ ഓൺലൈൻ എഡീഷൻ വായിക്കും. മലയാളം വാർത്താ ചാനലുകൾ കാണും.കേരളത്തിൽ എത്തുമ്പോൾ ജനങ്ങളുമായി ഇടപഴകും.പുതിയ മലയാളം സിനിമകൾ തിയറ്ററിൽ പോയി ആസ്വദിക്കും.പുസ്തകങ്ങൾ വായിക്കും.ഹോളിവുഡ് ചിത്രങ്ങൾ ഉൾപ്പെടെ ധാരാളം വിദേശ സിനിമകൾ കാണും.
സ്വന്തം അനുഭവങ്ങൾ തന്നെയാണ് സിനിമയ്ക്കുള്ള മുഖ്യ വിഭവസമ്പത്ത്.അസിസ്റ്റന്റുമാരുമായി സംസാരിച്ചും വിവരങ്ങൾ ശേഖരിക്കാറുണ്ട്.ന്യൂജനറേഷൻ സിനിമക്കാർ വിജയക്കൊടി പാറിക്കുന്ന മലയാള സിനിമയിൽ അവരുമായി മത്സരിച്ചു നിൽക്കണമെങ്കിൽ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കണമെന്നു പ്രിയദർശന് അറിയാം.
‘ഒപ്പം’ എന്ന സിനിമയിൽ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രത്തെ അത്ര പെട്ടന്ന് ആരും മറക്കില്ല.ആരുടെ പേരു പറഞ്ഞാലും അതെല്ലാം സമാനമായ മുസ്ലീം പേരുകളാക്കി മാറ്റുന്നതാണ് ആ കഥാപാത്രത്തിന്റെ ശൈലി.കേൾക്കുന്നവന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പിന്നീട് ആ പേരേ അദ്ദേഹം വിളിക്കൂ.മാമുക്കോയയുടെ പൊട്ടിച്ചിരിപ്പിക്കുന്ന പല രംഗങ്ങളും ‘ഒപ്പ’ത്തിന്റെ നീളക്കൂടുതൽ മൂലം മുറിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്. പത്രം വായിക്കുന്ന മാമുക്കോയ, ‘‘നമ്മുടെ പഴയ മുഖ്യമന്ത്രി ഉമ്മർ കുട്ടിയെ നശിപ്പിച്ചതെല്ലാം ആ സൈനബ’’ ആണെന്നു പറയുന്ന ഒരു രംഗം ‘ഒപ്പ’ത്തിൽ ഉണ്ടായിരുന്നു. ഇതു കേട്ടു സഹികെട്ട മോഹൻലാൽ പത്രം വാങ്ങി വലിച്ചു കീറുന്ന രംഗം വെട്ടി മാറ്റേണ്ടി വന്നു.
താൻ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ വിജയിക്കുന്നതു ഗുരുത്വം കൊണ്ടാണെന്നു പ്രിയദർശൻ പറയുന്നു. മാമുക്കോയ അവതരിപ്പിച്ച പോലൊരു മനുഷ്യൻ ഉണ്ടാകുമെന്ന സങ്കൽപ്പത്തിലാണ് എഴുതുന്നത്. അതു പലപ്പോഴും ശരിയാവുകയും ചെയ്യും. മലയാളത്തനിമ സ്വന്തം രക്തത്തിൽ തന്നെ ഉള്ളതിനാൽ ഇവിടെ കഥയും കഥാപാത്രങ്ങളും സൃഷ്ടിക്കുന്നത് ഈ സംവിധായകനു വെല്ലുവിളിയല്ല. പക്ഷെ ഇതേ കഥ ഹിന്ദിയിലേക്ക് മാറ്റുമ്പോഴാണ് ബുദ്ധിമുട്ടുന്നത്. ഹിന്ദിയിൽ പുതിയ പശ്ചാത്തലം കണ്ടെത്തണം.
കഥാപാത്രത്തെ ഹിന്ദിക്കാർക്കു പരിചയമുള്ള രീതിയിലേക്ക് മാറ്റണം.മലയാളത്തിലെ കഥയും രംഗങ്ങളും പൂർണമായും പൊളിച്ചെഴുതണം. ഇന്നസന്റ് അവതരിപ്പിച്ച മാന്നാർ മത്തായിയെ മറാത്തി ചുവയോടെ ഹിന്ദി പറയുന്ന ബാബു റാവു ആപ്തെ എന്നാക്കി മാറ്റിയത് ഉദാഹരണം. പരേഷ് റാവൽ അവതരിപ്പിച്ച ഈ കഥാപാത്രം മാന്നാർ മത്തായിയെപ്പോലെ തന്നെ വിജയിച്ചു. ഹിന്ദി സിനിമയിലെ ഹാസ്യ ശൈലി തന്നെ പൊളിച്ചെഴുതി.
റീമേക്ക് ചെയ്യുന്ന സിനിമകളിൽ 80ശതമാനവും പരാജയപ്പെടാൻ കാരണം സംസ്ക്കാരങ്ങൾ തമ്മിലുള്ള അന്തരമാണെന്നു പ്രിയദർശൻ പറയുന്നു. ‘കിരീടം’ എന്ന ചിത്രം ‘ഗർദിഷ്’ ആയി മാറിയപ്പോൾ കഥ നടക്കുന്ന പശ്ചാത്തലം ഗ്രാമത്തിൽ നിന്നു നഗരത്തിലേക്ക് മാറ്റി. ‘കിരീട’ത്തിലില്ലാത്ത രണ്ടു പ്രധാന കഥാപാത്രങ്ങൾ പുതിയതായി വന്നു. ‘അനിയത്തി പ്രാവ്’, ‘സന്മനസുള്ളവർക്കു സമാധാനം’ തുടങ്ങിയ സിനിമകളുടെ റീമേക്കുകൾ പൊളിയാൻ കാരണം നമ്മുടെ സംസ്ക്കാരവും കഥാപാത്രങ്ങളും മറ്റു ഭാഷക്കാർക്കു മനസിലാകാത്തതാണെന്നു പ്രിയൻ വിശ്വസിക്കുന്നു.
‘ഒപ്പം’ എന്ന സിനിമ ഹിന്ദിയിൽ എടുക്കുമ്പോൾ നമ്മുടെ നാടും തറവാടുമെല്ലാം വരുന്ന ആദ്യ ഭാഗം പൂർണമായും മാറ്റി എഴുതണമെന്നാണ് ഹിന്ദിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനു മുൻപേ വീനസ് നിർമിക്കുന്ന ഹിന്ദി ചിത്രമാണ് പ്രിയൻ സംവിധാനം ചെയ്യാൻ പോകുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹം ഇതിന്റെ ചർച്ചകളിൽ ആയിരുന്നു. ഫെബ്രുവരി അവസാനം ചിത്രീകരണം തുടങ്ങുന്ന ഈ സിനിമയിലെ താരങ്ങളെ നിശ്ചയിച്ചിട്ടില്ല.
ഒരു ഘട്ടത്തിൽ ഏറ്റവും അധികം ഹിന്ദി സിനിമ സംവിധാനം ചെയ്തയാൾ എന്ന ബഹുമതിയിലേക്ക് നടന്നടുക്കുമ്പോഴാണ് പ്രിയദർശനു സ്വകാര്യ പ്രശ്നങ്ങൾ മൂലം മൂന്നു വർഷത്തിലേറെ സിനിമയിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്നത്. പ്രിയനെക്കാൾ ഒൻപതു ഹിന്ദി ചിത്രങ്ങൾ കൂടുതലായി സംവിധാനം ചെയ്ത ഡേവിഡ് ധവാനാണ് ഇപ്പോൾ ഈ സ്ഥാനത്ത്.
മലയാളം,ഹിന്ദി,തമിഴ്,കന്നഡ,തെലുങ്ക് ഭാഷകളിലായി തൊണ്ണൂറോളം സിനിമകൾ സംവിധാനം ചെയ്തു കഴിഞ്ഞ പ്രിയൻ ആകെ സിനിമകളുടെ എണ്ണത്തിൽ മുന്നിലാണെങ്കിലും ഹിന്ദിയുടെ കാര്യത്തിൽ പിന്നിലായിപ്പോയി. ഇനി ധവാന് ഒപ്പമെങ്കിലും എത്തണമെങ്കിൽ കഠിന പ്രയത്നം വേണ്ടി വരും.
ക്രിക്കറ്റിൽ 90 റൺസ് കഴിയുമ്പോൾ കാൽ വിറയ്ക്കുന്ന സച്ചിൻ തെണ്ടുൽക്കറിന്റെ അവസ്ഥയിലാണ് താനിപ്പോഴെന്നു പ്രിയൻ പറയുന്നു. സെഞ്ച്വറി അടിക്കണമെങ്കിൽ സൂക്ഷിച്ചേ നീങ്ങാനാവൂ. പണ്ട് സിനിമയുടെ ഷൂട്ടിങ് ബഹളത്തിനിടെയാണ് തിരക്കഥ എഴുതിയിരുന്നത്. എന്നാൽ ഇപ്പോൾ അതിനുള്ള ധൈര്യം ഇല്ല. മനസിൽ കഥ ഉണ്ടായാൽ അതു പലരോടും പറയും. ഓരോ തവണയും പറയുമ്പോൾ കേൾക്കുന്നവരെ രസിപ്പിക്കാനായി കഥ വികസിപ്പിച്ചു കൊണ്ടിരിക്കും. 10 തവണ കഥ പറയുമ്പോഴേക്കും അതു പൂർണ രൂപത്തിൽ എത്തിയിട്ടുണ്ടാവും.
ഇതിനിടെ എല്ലാവരുടെയും നിർദേശങ്ങൾ സ്വീകരിക്കും.
തിരക്കഥ പൂർത്തിയാക്കുമ്പോൾ അതു കൊള്ളാമെന്നു സ്വയം തോന്നണം. ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ചിത്രീകരണത്തിലേക്ക് കടക്കാവൂ. ഒരു സീനിൽ നിന്ന് മറ്റൊരു സീനിലേക്കുള്ള പ്രയാണമാണ് സിനിമ. ഇതിനിടെ ഏതെങ്കിലും സീൻ എടുത്തു കളഞ്ഞാലും സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെങ്കിൽ ആ രംഗം ഒഴിവാക്കണം. കഥാപാത്രങ്ങളുടെ സ്വഭാവവും കുടുംബപുരാണവും ചരിത്രവുമെല്ലാം ആദ്യത്തെ 10 മിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കണം.അതിനു ശേഷവും കഥ പറഞ്ഞു തുടങ്ങിയില്ലെങ്കിൽ പ്രേക്ഷകർക്കു ബോറടിക്കും.
പ്രിയദർശൻ മലയാളത്തിൽ ആദ്യമായി എടുത്ത ത്രില്ലർ ആണ് ‘ഒപ്പം’. അത് എടുക്കും മുമ്പ് ഹോളിവുഡ് ത്രില്ലർ സിനിമകൾ കണ്ട് ഓരോ ഷോട്ടും എങ്ങനെ എടുക്കണമെന്നു പഠിച്ചിരുന്നു. മികച്ച സിനിമകൾ കണ്ടു പഠിച്ചാൽ മാത്രമേ ഈ രംഗത്തു പിടിച്ചു നിൽക്കാനാവൂ എന്നു പ്രിയൻ പറയുന്നു. ധാരാളം ചരിത്ര സിനിമകൾ കണ്ടു പഠിച്ച ശേഷമായിരുന്നു കാലാപാനി എടുത്തത്.മികച്ച സംവിധായകരുടെ നല്ല സിനിമകൾ കണ്ടു മാത്രമേ സിനിമയെടുക്കുന്നതു പഠിക്കാനാവൂ.ക്ലാസ് മുറിയിലിരുന്നു പഠിക്കാവുന്ന സംഗതിയല്ല സിനിമ.
മോശപ്പെട്ട സമയത്ത് എന്തു ചെയ്താലും ശരിയാവില്ല. സിനിമയിലും ജീവിതത്തിലും സാമ്പത്തിക രംഗത്തുമെല്ലാം തിരിച്ചടി ഉണ്ടാവും. ‘ഗീതാഞ്ജലി’,‘ആമയും മുയലും’ എന്നീ സിനിമകൾ പരാജയപ്പെട്ടതു തന്റെ സമയ ദോഷം മൂലമാണെന്ന് പ്രിയൻ വിശ്വസിക്കുന്നു. ‘എലോൺ’ എന്ന കൊറിയൻ സിനിമയുടെ പകർപ്പ് അവകാശം വാങ്ങി ചെയ്ത സിനിമയാണ് ‘ഗീതാഞ്ജലി’. ഇതേ കഥ പറയുന്ന ‘ചാരുലത’ നേരത്തെ റിലീസ് ചെയ്തത് ഈ സിനിമയ്ക്കു വിനയായി. ‘മണിച്ചിത്രത്താഴി’ന്റെ രണ്ടാം ഭാഗം പ്രതീക്ഷിച്ചു ‘ഗീതാഞ്ജലി’ കണ്ടവർ പ്രിയനെ കൈവിട്ടു. ‘മണിച്ചിത്രത്താഴി’ൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രത്തെ മാത്രമേ ‘ഗീതാഞ്ജലി’യിലേക്ക് എടുത്തിരുന്നുള്ളൂ. ആ സിനിമയുടെ രണ്ടാം ഭാഗമാണെന്ന് ഒരിടത്തും അവകാശപ്പെട്ടിരുന്നില്ല.
പക്ഷെ പ്രേക്ഷകർ പ്രതീക്ഷിച്ചതു മറ്റൊരു ‘മണിച്ചിത്രത്താഴ്’ ആയിരുന്നു.പ്രിയദർശൻ ഹിന്ദിയിൽ എടുത്ത ഹിറ്റ് സിനിമയുടെ റീമേക്ക് ആയിരുന്നുവെങ്കിലും ‘ആമയും മുയലും’ എന്ന ചിത്രവും പരാജയമായിരുന്നു. പരാജയ ചിത്രങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ തന്നെ അതു രക്ഷപ്പെടില്ലെന്നു തനിക്കു തോന്നാറുണ്ടെന്നു പ്രിയൻ പറയുന്നു.ചിത്രീകരണ സമയത്ത് വേണ്ടത്ര ആത്മവിശ്വാസം ഇല്ലെങ്കിൽ പടം പരാജയത്തിലേക്കായിരിക്കും.‘ധീം തരികിടതോം’ പോലുള്ള ഏതാനും ചിത്രങ്ങളിൽ ഇങ്ങനെ തോന്നിയിരുന്നു. അന്നത്തെ മാനസികാവസ്ഥയിൽ ‘ഗീതാഞ്ജലി’,‘ആമയും മുയലും’ എന്നീ ചിത്രങ്ങൾ എടുക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ ചിന്തിക്കാറുണ്ട്. ഒരു സിനിമ ചെയ്തേ തീരൂ എന്ന നിർബന്ധം കൊണ്ട് എടുത്ത പടമാണ് ‘ആമയും മുയലും’. പിന്നീട് ആ സിനിമ കണ്ടപ്പോൾ അത് തന്റേതാണെന്നു പോലും തോന്നിയിട്ടില്ല.
സൂപ്പർഹിറ്റായ സിനിമകൾ പോലും അഞ്ചോ പത്തോ വർഷം കഴിഞ്ഞു കാണുമ്പോൾ ഇങ്ങനെ അല്ലായിരുന്നു എടുക്കേണ്ടിയിരുന്നതെന്ന് തോന്നാറുണ്ട്. ‘കാലാപാനി’യും ‘പൂച്ചയ്ക്കൊരു മൂക്കുത്തി’യും ഇന്നാണ് എടുത്തിരുന്നതെങ്കിൽ മറ്റൊരു രീതിയിൽ ആകുമായിരുന്നു.സംവിധായകന്റെ കാഴ്ച്ചപ്പാടിൽ ഉണ്ടായ മാറ്റവും സാങ്കേതിക രംഗത്തെ വളർച്ചയുമാണ് ഇത്തരമൊരു തോന്നലിനു കാരണം.പഴയ കാലത്തെ ചില ക്ലാസിക് ചിത്രങ്ങൾ കാണുമ്പോഴും ഇതേ തോന്നൽ ഉണ്ടാകാറുണ്ടെന്നു പ്രിയൻ പറയുന്നു.
ഗോവിന്ദൻ എന്നയാൾ പറഞ്ഞ കഥ മോഹൻലാലിന് ഇഷ്ടപ്പെടുകയും അദ്ദേഹം അതു പ്രിയനോട് പറയുകയും ചെയ്തപ്പോഴാണ് ‘ഒപ്പം’ എന്ന സിനിമ രൂപപ്പെട്ടത്.‘ഒപ്പ’ത്തിന്റെ തിരക്കഥ പൂർത്തിയാക്കിയപ്പോൾ തന്നെ സിനിമ വിജയിക്കുമെന്ന ധൈര്യം ഉണ്ടായിരുന്നു.ഇതിനിടെ എയ്ഡ്സ് പശ്ചാത്തലമാക്കി പ്രിയൻ എടുത്ത തമിഴ് ചിത്രം ‘ചില സമയങ്ങളിൽ’ വിവിധ മേളകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.തമിഴ് സംവിധായകൻ എ.എൽ.വിജയും പ്രഭുദേവയും ചേർന്നു നിർമിച്ച ഈ സിനിമയിൽ പ്രകാശ് രാജ് മുഖ്യ വേഷം ചെയ്യുന്നു.ഡിസംബർ 23ന് ഈ ചിത്രം റിലീസ് ചെയ്യും.
‘ഒപ്പം’ എന്ന ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂർ അഭിനയിച്ചതിൽ അസാധാരണമായി ഒന്നുമില്ലെന്നു പ്രിയദർശൻ പറയുന്നു.ആന്റണി അഭിനയിച്ചാൽ പടം വിജയിക്കുമെന്ന അന്ധ വിശ്വാസമൊന്നും തനിക്കില്ല.‘കിലുക്കം’,‘തേന്മാവിൻകൊമ്പത്ത്’,‘ചന്ദ്രലേഖ’ തുടങ്ങി തന്റെ പല ചിത്രങ്ങളിലും ആന്റണി അഭിനയിച്ചിട്ടുണ്ട്.മോഹൻലാലിന്റെ സിനിമകളിൽ എവിടെയെങ്കിലും ഒരു ഷോട്ടിൽ അഭിനയിക്കാൻ അവസരം നൽകണമെന്നാണ് ആന്റണി ആവശ്യപ്പെടുക. അതു നൽകാറുണ്ട്.
ഹിന്ദിയിലെ രണ്ടു സിനിമകൾക്കു പുറമേ മലയാളത്തിൽ മൂന്നു ചിത്രങ്ങളാണ് പ്രിയദർശൻ ചെയ്യാൻ പോകുന്നത്. മോഹൻലാൽ നായകനാകുന്ന സിനിമയുടെ കഥ രൂപപ്പെട്ടു കഴിഞ്ഞു. അത് ഏതു പശ്ചാത്തലത്തിൽ അവതരിപ്പിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. ചിലപ്പോൾ ഇത് ഒരു റോഡ് മൂവി ആകാം. അല്ലെങ്കിൽ സ്പോർട്സ് സംബന്ധമായ ചിത്രമാകാം. എങ്ങനെ വേണമെന്നു വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. ഹിന്ദി സിനിമയ്ക്കിടെ തിരക്കഥ പൂർത്തിയാക്കാൻ സാധിച്ചാൽ ചിത്രീകരണം തുടങ്ങും. ജി.സുരേഷ്കുമാറിനും മണിയൻ പിള്ള രാജുവിനും വേണ്ടിയാണ് മറ്റു രണ്ടു ചിത്രങ്ങൾ. രണ്ടിലും ദുൽക്കർ സൽമാൻ,ഫഹദ് ഫാസിൽ തുടങ്ങിയ ന്യൂജനറേഷൻ താരങ്ങളായിരിക്കും നായക വേഷം ചെയ്യുക.
മണിയൻപിള്ള രാജുവിന്റെ സിനിമയ്ക്കായി പ്രിയനും ശ്രീനിവാസനുമായി വിശദ ചർച്ച നടത്തിയിരുന്നു. കഥ എഴുതി പൂർത്തിയാക്കിയ ശേഷം അത് എടുക്കണമെന്നു തോന്നിയാൽ മാത്രം സിനിമയാക്കാമെന്നും അല്ലെങ്കിൽ ഉപേക്ഷിക്കാമെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. പണ്ട് ശ്രീനിവാസൻ സൂപ്പർ ഹിറ്റുകൾ എഴുതിയിരുന്ന സാഹചര്യമല്ല ഇപ്പോൾ. അതിന് അനുസരിച്ചു മാറി ചിന്തിക്കണമെന്ന് ഇരുവർക്കും അറിയാം.
പുതിയ തലമുറയുടെ എല്ലാ സിനിമകളും പ്രിയദർശൻ കാണാറുണ്ട്.‘ഓംശാന്തി ഓശാന’,‘മഹേഷിന്റെ പ്രതികാരം’,‘ബാംഗ്ലൂർ ഡേയ്സ്’,‘പ്രേമം’,‘ചാർളി’ തുടങ്ങിയ സിനിമകളെല്ലാം തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. ഈ സിനിമകളെല്ലാം തിയറ്ററിൽ പോയി കാണുന്നതിനാൽ പ്രേക്ഷകരുടെ പ്രതികരണം അപ്പോൾ തന്നെ അറിയാം.പുതിയ തലമുറയിലെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസൻ എന്ന് പ്രിയദർശൻ പറയുന്നു.
ആർട്ടെന്നോ കൊമേഴ്സ്യൽ എന്നോ വേർതിരിവില്ലാതെ പലരും പല രീതിയിൽ ചിന്തിക്കുകയും അത് വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് പുതിയ തലമുറയുടെ പ്രത്യേകത. പ്രതീക്ഷിക്കുന്നതിന് അപ്പുറമുള്ള പുതുമയാണ് അവർ നൽകുന്നത്. അതിനാൽ മലയാള സിനിമയിൽ കടുത്ത മത്സരമാണിപ്പോൾ.അവരുമായി വേണം തന്നെപ്പോലുള്ളവർ മത്സരിച്ചു പിടിച്ചു നിൽക്കാനെന്നു പ്രിയൻ ചൂണ്ടിക്കാട്ടുന്നു.
പുതിയ തലമുറ തന്നോടു കാട്ടുന്ന സ്നേഹത്തിൽ അദ്ദേഹത്തിനു നന്ദിയുണ്ട്. ‘ഒപ്പം’ എന്ന സിനിമയുടെ പരസ്യ ചിത്രം എടുക്കാൻ പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സ്വയം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് പ്രിയൻ ചൂണ്ടിക്കാട്ടി.അൽഫോൻസിനെ പോലൊരു വലിയ സംവിധായകനോട് ഇത്തരം കാര്യങ്ങൾ അങ്ങോട്ട് ആവശ്യപ്പെടാനാവില്ലല്ലോ.അൽഫോൻസ് തയാറായപ്പോൾ താൻ സമ്മതിച്ചു.അതു ഗംഭീരമായി ചെയ്യാൻ അൽഫോൻസിനു കഴിഞ്ഞു.
പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയുമായുമായും സുഹൃത്തുക്കളെ പോലെ ഇടപഴകുന്ന ശൈലിയാണ് പ്രിയദർശനുള്ളത്.‘ഒപ്പം’ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ അത് എങ്ങനെ എടുത്തുവെന്നു പുതിയ തലമുറയിലെ പലരും പ്രിയനോട് ചോദിക്കുകയുണ്ടായി.എവിടെ വച്ചെടുത്തുവെന്നും ഷോട്ടിന്റെ പ്രത്യേകത എന്തെന്നും അദ്ദേഹം വിശദീകരിച്ചു കൊടുത്തു. പുതിയ ആളുകൾ എന്തു ചോദിച്ചാലും പറഞ്ഞു കൊടുക്കാൻ താൻ തയാറാണെന്നു പ്രിയൻ പറയുന്നു. സിനിമയിൽ ചെറിയവരെന്നും വലിയവരെന്നുമുള്ള വ്യത്യാസമില്ല. പരസ്പരം പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. കാര്യങ്ങൾ പഠിക്കുന്നതിനു പ്രായ വ്യത്യാസം നോക്കിയിട്ടു വലിയ കാര്യമൊന്നുമില്ല.
‘പൂച്ചയ്ക്കൊരു മൂക്കുത്തി’യും ‘അറബിയും ഒട്ടകവും’ പോലുള്ള മുഴുനീള ഹാസ്യ സിനിമകൾ ഇനി പ്രിയദർശൻ എടുക്കുന്നില്ല. പണ്ടു വിജയിച്ച ചിത്രങ്ങൾ ആവർത്തിക്കാനുള്ള പ്രവണത സ്വാഭാവികമാണ്.പക്ഷെ അതു പ്രേക്ഷകരെ മടുപ്പിക്കും എന്നതിനാലാണ് മാറി ചിന്തിക്കുന്നത്. വീണ്ടും വിജയപാതയിലേക്ക് എത്തിയ സാഹചര്യത്തിൽ ഇനി കുഴിയിൽ വീഴാതെ നോക്കണം.കുറെ അധികം ബുദ്ധിമുട്ടിയാൽ നമുക്കു കൊടുമുടി കീഴടക്കാം. പക്ഷെ അവിടെ തുടരാനാണ് ബുദ്ധിമുട്ടെന്നു പ്രിയദർശൻ ചൂണ്ടിക്കാട്ടുന്നു.
പഴയ രീതിയിലുള്ള തമാശയുടെ കാലം കഴിഞ്ഞു.നാദിർഷയും മറ്റും ചെയ്യുന്നത് ഇന്നത്തെ രീതിയിലുള്ള തമാശപ്പടമാണ്. മുഴുനീള തമാശ വിട്ടാലും തന്റെ സിനിമയിൽ തുടർന്നും നല്ല ഹാസ്യരംഗങ്ങൾ ഉണ്ടാകുമെന്നും പ്രിയദർശൻ ഉറപ്പു പറയുന്നു.
സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്
ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്