ഷാരൂഖ് ഖാന് പൊലീസിന്റെ സമന്‍സ്

റയീസ് സിനിമയുടെ പ്രചാരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഷാരൂഖ് ഖാന് സമൻസ്. ഷാരൂഖിന്റെ സിനിമയായ റയീസിന്റെ പ്രചാരണത്തിനിടെ വഡോദര റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഫഹ്രീദ് ഖാന്‍ പത്താന്‍ എന്നയാള്‍ മരിച്ച കേസിലാണ് പോലീസ് നടപടി. ജനുവരി 23 നായിരുന്നു സംഭവം.

ഷാരൂഖാനും സിനിമയുടെ നിർമാണപങ്കാളിയായ എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്. റയിൽവെയിൽ നിന്നും അനുവാദം വാങ്ങിയാണോ ചിത്രത്തിന്റെ പ്രചാരണത്തിനായി ട്രെയിൻ ഉപയോഗിച്ചതെന്നും ഇവർ ചോദിച്ചിട്ടുണ്ട്. ഏഴുദിവസത്തിനുള്ളിൽ കൃത്യമായ വിവരം ഫയൽ ചെയ്യണമെന്നാണ് നിർദേശം.

ഷാരൂഖ് ഖാനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് മുംബൈയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അഭാസിംഗ് പരാതി നല്‍കിയിരുന്നു. കേസില്‍ 45 ദിവസത്തിനകം അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റെയില്‍വേ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് താരത്തിനും പ്രൊഡക്ഷന്‍ കമ്പനിക്കും റെയില്‍വേ പോലീസ് നോട്ടീസ് നല്‍കിയത്.

റയീസ് സിനിമയുടെ റിലീസിന് മുമ്പേ ഷാരൂഖ് ഖാന്‍  ട്രെയിനില്‍  സഞ്ചരിച്ചായിരുന്നു പ്രചാരണം. അതിനെതുടര്‍ന്ന് താരത്തെ കാണുന്നതിനായി എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും വന്‍ ജനത്തിരക്കായിരുന്നു. പലയിടത്തും ക്രമസമാധാനപ്രശ്‌നവുമുണ്ടായി. ഇതിനിടെയാണ് വഡോദരയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.