വിജയ് സേതുപതി–മാധവൻ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം വിക്രംവേദ ഹിന്ദിയിൽ റീമേയ്ക്കിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നേരത്തെ സിനിമയുടെ ഹിന്ദി റീമേയ്ക്ക് അവകാശം ഷാരൂഖ് ഖാന്‍ മേടിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തമിഴിൽ ചിത്രം നിർമിച്ച വൈ നോട്ട് സ്റ്റുഡിയോസ് തന്നെ ഹിന്ദിയിലും ചിത്രം നിർമിക്കാനാണ് തീരുമാനം.
വിജയ് സേതുപതിയുടെ വേഷത്തിൽ ഷാരൂഖ് ഖാനെയാണ് പരിഗണിക്കുന്നത്. ഇതിനായി നിർമാതാക്കളും സംവിധായകരായ പുഷ്കറും ഗായത്രിയും ഷാരൂഖിനെ നേരിട്ട് കണ്ടിരുന്നു. തുടർന്ന് ഷാരൂഖിന്റെ മന്നത്തിൽ സിനിമയുടെ സ്പെഷൽ പ്രദർശനവും നടത്തി. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ട ഷാരൂഖ് റീമേയ്ക്കിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ നിരവധി ചിത്രങ്ങളിൽ കരാർ ഒപ്പിട്ടിരിക്കുന്നതിനാൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ അദ്ദേഹം തയ്യാറിയില്ല. ഷാരൂഖ് ആയിരുന്നു വിക്രം വേദയുടെ തമിഴ് ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയത്.
വിക്രം വേദ സംവിധാനം ചെയ്ത പുഷ്കർ–ഗായത്രി ദമ്പതികൾ തന്നെയാകും ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. മാധവൻ ചെയ്ത പൊലീസ് വേഷത്തിൽ അദ്ദേഹത്തെ തന്നെയാകും പരിഗണിക്കുക.