മുൻകാല നടി ഗീത കപൂറിനെ മക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. പക്കീസ, റസിയ സുൽത്താൻ എന്നീ ചിത്രങ്ങളിലെ നായികയായ നടി ഇന്ന് ആരോരുമില്ലാത്ത അവസ്ഥയിലാണ്.
ഒരു മാസം മുമ്പ് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗീതയെ പ്രവേശിപ്പിച്ചിരുന്നു. ഗീതയുടെ മകനാണ് കൂടെ ഉണ്ടായിരുന്നത്.
ഏപ്രില്‍ 21 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗീതയെ രോഗം ഭേദമായശേഷം ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ ആരും എത്തിയില്ല. ബിൽ ആകട്ടെ ഒന്നര ലക്ഷം രൂപയുമായി.
മകന്റെ വീട്ടിൽ അന്വേഷിച്ചപ്പോള്‍ അവിടെയും ഇല്ല. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ബിൽ അടയ്ക്കാനുള്ള പണം എടിഎം ല്‍ നിന്ന് എടുത്തിട്ട് വരാമെന്ന് പറഞ്ഞാണ് മകന്‍ പുറത്ത് പോയതെന്ന് ഗീത പറയുന്നു. എന്നാല്‍ പിന്നീട് മടങ്ങി വന്നില്ല. തുടര്‍ന്ന് രാജയുമായും ഗീതയുടെ മകളായ പൂജയുമായും ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടിയെ വൃദ്ധസദനത്തിേലക്ക് മാറ്റാനാണ് നീക്കം. കള്ളം പറഞ്ഞാണ് ഗീതയുടെ മകൻ ആശുപത്രിയിൽ ഇവരെ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാരും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. മകൻ തന്നെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും ഭക്ഷണവും വെള്ളവും തരാതെ മുറിയില്‍ പൂട്ടിയിടാറുണ്ടായിരുന്നെന്നും ഗീത പറയുന്നു. ആഴ്ചയില്‍ ഒരു ദിവസമേ ഭക്ഷണം തരാറുണ്ടായിരുന്നൊള്ളൂ എന്നും വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ചതു കൊണ്ടാണ് തന്നെ ആശുപത്രിയിലാക്കിയതെന്നും ഗീത വെളിപ്പെടുത്തി.
ഏകദേശം നൂറോളം ചിത്രങ്ങളിൽ ഗീത അഭിനയിച്ചിട്ടുണ്ട്.