Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപ്പെട്ടതെല്ലാം മകളിലൂടെ സ്വന്തമാക്കിയ ഒരു പഴയകാലനടിയുടെ കഥ

rekha.jpg.image.784.410

സിനിമയിൽ പരാജയപ്പെട്ട നടിമാരിൽ ചിലർക്കെങ്കിലും മകളെ താരറാണിയാക്കണമെന്നു മോഹമുണ്ടാകാറുണ്ട്. തങ്ങൾക്കു നഷ്ടമായതെല്ലാം വീണ്ടെടുക്കുന്നതിന്റെ മധുരസ്മൃതികളിൽ ജീവിച്ച അത്തരം അമ്മമാരിൽ മുൻപേ നടന്നവളാണു പുഷ്പവല്ലി. ഒരു പേരു കൊണ്ടു മാത്രം പുതുതലമുറയ്ക്കു പുഷ്പവല്ലിയെ അറിയണമെന്നില്ല. കാതൽ മന്നൻ ജെമിനി ഗണേശന്റെ കാമിനിയെന്ന് പുഷ്പവല്ലിയെ ആദ്യകാലത്ത് വിളിച്ചവരുണ്ട്. പഴയതലമുറയിലെ ആ നായിക തന്റെ സ്വപ്നങ്ങളെല്ലാം പിന്നീട് സ്വന്തം മകളിലൂടെ സഫലമാക്കി.

സ്നേഹിച്ച പുരുഷനും ചായംതേച്ചാടിയ സിനിമയുമെല്ലാം നിരസിച്ചിട്ടും പുഷ്പവല്ലിക്കു ഭാനുരേഖ എന്ന മകൾ തണലായി നിന്നു. പതിനാലാം വയസ്സിൽ മുംബൈയിലേക്കു സിനിമാനടിയാകാൻ പോയ മകൾക്കു കാലിടറിയപ്പോഴെല്ലാം ആ അമ്മ കൂടെനിന്നു. ഇന്ത്യൻ സിനിമയിലെ താര ചക്രവർത്തിനി രേഖയുടെ അമ്മ എന്ന ഖ്യാതിയിലാണ് ഒടുവിൽ പുഷ്പവല്ലി കണ്ണടച്ചത്. പത്രപ്രവർത്തകൻ യാസിൻ ഉസ്മാന്റെ ‘രേഖ ദ് അൺടോൾഡ് സ്റ്റോറി’ എന്ന ജീവിതകഥയിൽ അമ്മയും മകളും തമ്മിലുള്ള ഗാഢബന്ധത്തിന്റെ നനവുണ്ട്. രേഖയുടെ ബന്ധങ്ങളെന്നാൽ പ്രണയബന്ധങ്ങളാണെന്ന മുൻധാരണയിൽ പുസ്തകം വായിക്കുന്നവർ ക്ഷമിക്കുക.

മദ്രാസ് –1947

മൗണ്ട്റോഡിലെ ഇന്നത്തെ പാർക്ക് ഹോട്ടൽ തമിഴ്സിനിമയുടെ സ്പന്ദനങ്ങൾ തുടിക്കുന്ന ജെമിനി സ്റ്റുഡിയോയായിരുന്നു അന്ന്. സുബ്രഹ്മണ്യൻ ശ്രീനിവാസൻ എന്ന എസ്.എസ്. വാസനാണ് ജെമിനിയുടെ ഉടമയും സംവിധായകനും. രണ്ടു കുട്ടികളുടെ അമ്മയായ പുഷ്പവല്ലി ജെമിനിയുടെ കമ്പനി ആർട്ടിസ്റ്റാണ്. ജെമിനി നിർമിക്കുന്ന ചിത്രങ്ങളിലെല്ലാം പുഷ്പവല്ലിയുണ്ട്. വൈകാതെ വാസന്റെ കാമുകിയായി പുഷ്പവല്ലി മാറി. വിവാഹിതനായിരുന്ന വാസൻ പുഷ്പവല്ലിക്ക് എന്തും കൊടുക്കാൻ സന്നദ്ധനായിരുന്നു. ഭാര്യാപദവി ഒഴികെ. 1947 ൽ ആർ.കെ. നാരായണന്റെ കഥയിൽ പുഷ്പവല്ലി നായികയായി വാസൻ സംവിധാനം ചെയ്ത ‘മിസ് മാലിനി’ വലിയ ഹിറ്റായി. ചിത്രത്തിൽ ചെറിയ റോളിൽ രാമസ്വാമി ഗണേശൻ എന്ന യുവാവും അഭിനയിച്ചിരുന്നു. മദ്രാസ് ക്രിസ്റ്റ്യൻ കോളജിലെ കെമിസ്ട്രി അധ്യാപകന്റെ ജോലി ഉപേക്ഷിച്ച് സിനിമാക്കമ്പം മൂത്ത് ജെമിനിയിൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റായി ജോലിചെയ്യാൻ വന്നതായിരുന്നു അയാൾ. സുന്ദരൻ, സുമുഖൻ.

ഈ സുന്ദരനായ യുവാവിനെ നായകനാക്കി വാസൻ പുതിയ ഹിന്ദിചിത്രമെടുത്തു–സൻസാർ. പുഷ്പവല്ലിയായിരുന്നു നായിക. അതും ഹിറ്റ്. പുഷ്പവല്ലിയും പുതിയ നായകനും തമ്മിലടുത്തു. അപ്പോഴേക്കും രാമസ്വാമി ഗണേശൻ ജെമിനി ഗണേശനായി മാറി. പ്രണയവും കരിയറും തമ്മിൽ തുലനം ചെയ്തപ്പോൾ പുഷ്പവല്ലി സ്വീകരിച്ചത് ആദ്യത്തേതായിരുന്നു. മറ്റു നായകൻമാരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ മടിച്ച പുഷ്പവല്ലി വാസന്റെ അപ്രീതിക്കിരയായി. അതോടെ ഹിന്ദി സിനിമയിൽനിന്നു പുഷ്പവല്ലി പുറത്തായി.

pushpavally.jpg.image.784.410

ജെമിനി ഗണേശന്റെ നിഴലിലായി പിന്നീടുള്ള പുഷ്പവല്ലിയുടെ ജീവിതം. ഇതിനിടെ ജെമിനി ഗണേശൻ ജീവിതപങ്കാളിയായി മറ്റൊരാളെ തിരഞ്ഞെടുത്തു. അലമേലു ബോബ്ജിയെ വിവാഹം ചെയ്ത ജെമിനി ഗണേശന്റെ ജീവിതത്തിൽ പിന്നീട് പുഷ്പവല്ലി രഹസ്യകാമിനി മാത്രമായി. സങ്കടത്തോടെയെങ്കിലും പുഷ്പവല്ലി അങ്ങനെ ജീവിച്ചു. 1954ൽ പുഷ്പവല്ലി രേഖയ്ക്കു ജന്മം നൽകുമ്പോൾ കാതൽ മന്നനു സിനിമയിൽ പുതിയൊരു കാമുകിയെ കിട്ടിയിരുന്നു–സാവിത്രി. സാവിത്രിയെ ജെമിനി ഗണേശൻ രഹസ്യവിവാഹം ചെയ്തുവെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ ജെമിനിയിൽ‍ നിന്ന് പുഷ്പവല്ലി വീണ്ടും ഗർഭം ധരിച്ചു. ആ മകളാണ് രേഖയുടെ അനുജത്തി രാധ. മകൾക്ക് ഭാനുരേഖ ഗണേശൻ എന്ന് പുഷ്പവല്ലി പേരിട്ടതു ജെമിനി ഗണേശൻ തന്നെ നിരസിച്ചതിലുള്ള വാശിയിൽ നിന്നാണ്. ഇതിനിടെ കെ. പ്രകാശ് എന്ന ഛായാഗ്രാഹകനെ പുഷ്പവല്ലി വിവാഹം ചെയ്തു. അതിലുമുണ്ടായി രണ്ടു മക്കൾ.

അച്ഛൻ പേരിൽമാത്രമേ ഉള്ളൂവെന്നു രേഖ തിരിച്ചറിഞ്ഞതു സ്കൂളിലെത്തിയപ്പോഴാണ്. അച്ഛൻ മറ്റൊരുവീട്ടിൽ മറ്റാർക്കോ ഒപ്പം. മദ്രാസിലെ പ്രസന്റേഷൻ കോൺവന്റിൽ ജെമിനി ഗണേശന്റെ മകൾ നാരായണി ഗണേശനും രേഖയുമെല്ലാം ഒരുമിച്ചാണു പഠിച്ചിരുന്നത്. പ്രായമായതോടെ സിനിമകൾ കുറഞ്ഞ പുഷ്പവല്ലി മക്കളെ കഷ്ടപ്പെട്ടാണു വളർത്തിയത്. ജെമിനി ഗണേശന്റെ മക്കളാകട്ടെ സമ്പന്നതയുടെ മടിത്തട്ടിലും. എന്നും ഓരോരോ കാറിലാണ് അവർ സ്കൂളിൽ വന്നിരുന്നത്. ഒരിക്കൽ സഹോദരിയെ കാണാൻ രേഖ നേരിട്ടു ചെന്നു. നിങ്ങളെന്താണ് ഓരോ ദിവസം ഓരോ കാറിൽ വരുന്നതെന്നായിരുന്നു രേഖയുടെ നിഷ്കളങ്കമായ ചോദ്യം. ആ കൂടിക്കാഴ്ചയെക്കുറിച്ചു പത്രപ്രവർത്തകയായ നാരായണി ഗണേശൻ എഴുതിയത് ഇങ്ങനെ: ‘സുന്ദരമായ കണ്ണുകളുള്ള കുട്ടി. അവൾ മസ്കാര ഇട്ടിട്ടുണ്ടായിരുന്നു. ഞാൻ അവളുടെ കൈപിടിച്ചു ചോദിച്ചു: നിന്റെ അച്ഛന്റെ പേരെന്താണ്?

gemini-ganesan.jpg.image.784.410

അവൾ പറഞ്ഞു: ജെമിനി ഗണേശൻ.

അതെങ്ങനെ? അതെന്റെ അച്ഛന്റെ പേരല്ലേ? – ഞാൻ ചോദിച്ചു.

അവളുടെ അനുജത്തി രാധയെയും കണ്ടു. അച്ഛന്റെ അതേ ഛായ. ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. എന്റെ കണ്ണുകൾ നിറഞ്ഞു’.

ജെമിനി ഗണേശനെക്കുറിച്ചുള്ള പുസ്തകത്തിലാണ് നാരായണിയുടെ ഈ ഓർമക്കുറിപ്പ്.

ജെമിനി ഗണേശൻ പുഷ്പവല്ലിക്കു സമ്മാനിച്ചത് ജീവിതം തകർക്കാൻ പറ്റിയൊരു ഹോബികൂടിയായിരുന്നു–കുതിരപ്പന്തയം. ജെമിനി അകന്നു പോയിട്ടും പുഷ്പവല്ലി കുതിരപ്പന്തയത്തിൽ പണമെറിഞ്ഞു. സർവതും നഷ്ടമായി. കുടുംബം പുലർത്താൻ ചെറിയ വേഷങ്ങളിൽ ഓടി നടന്ന് അഭിനയിക്കേണ്ടി വന്നു, പിന്നീട് പുഷ്പവല്ലിക്ക്.

‘ഞങ്ങൾ സ്കൂളിൽനിന്നു വരുമ്പോൾ വീട്ടിൽ പാദസരത്തിന്റെ കിലുക്കമുണ്ടെങ്കിൽ ഞങ്ങൾ പുറത്തുവച്ചേ തുള്ളിച്ചാടും. അമ്മ വന്നേ... അമ്മ വന്നേ... വീട്ടിൽ ഒരു വിരുന്നുകാരിയായിരുന്നു അമ്മ. അമ്മയുടെ മടിയിലിരിക്കാൻ ഞങ്ങൾ മക്കൾ മാറിമാറി മൽസരിച്ച കാലം’– രേഖയുടെ ഓർമകൾക്ക് ബാല്യത്തിന്റെ വേദന.

എസ്എസ്എൽസി തോറ്റ ഭാനുരേഖ 1968ൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആശുപത്രിയിൽ കണ്ണുതുറക്കുമ്പോൾ അരികിൽ അമ്മ. മകൾക്കു മുന്നിൽ മൂന്നു നിർദേശങ്ങൾവച്ചു പുഷ്പവല്ലി. ഒന്നുകിൽ വീണ്ടും പഠിക്കാം, അല്ലെങ്കിൽ വിവാഹം കഴിക്കാം, അതുമല്ലെങ്കിൽ സിനിമയിൽ ചേരാം. പഠിക്കാനോ കല്യാണം കഴിക്കാനോ രേഖയ്ക്കു താൽപര്യമില്ലായിരുന്നു. സിനിമയുടെ ലോകത്തിന് ഒട്ടും നിറമില്ലെന്നാണു കുട്ടിക്കാലത്തേ പഠിച്ചത്. അപ്പോൾ സിനിമയും വേണ്ട.

സിനിമയിലേക്കില്ലെന്നു രേഖ തീരുമാനിച്ചെങ്കിലും മകളെ സിനിമയിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു പുഷ്പവല്ലി. മകൾക്ക് അവസരങ്ങൾ തേടി ആ അമ്മ അലഞ്ഞു. പക്ഷേ, രേഖയെ നായികയാക്കിയാൽ അന്നു കത്തി നിൽക്കുന്ന ജെമിനി ഗണേശന്റെ ദേഷ്യം ഏറ്റുവാങ്ങേണ്ടി വരുമെന്ന കാരണത്താൽ നിർമാതാക്കളാരും താൽപര്യം കാണിച്ചില്ല. ജെമിനി ഗണേശനെ കാണാൻ ആരാധകർ തിങ്ങിക്കൂടി നിന്ന സ്റ്റുഡിയോകളിൽ തന്നെ, പുതിയ സിനിമകളുടെ ഒഡീഷനായി രേഖയെ പുഷ്പവല്ലി കൊണ്ടുചെന്നു.

‘അഞ്ജനസഫർ’ എന്ന ചിത്രത്തിൽ നായികയാക്കാൻ വാണിശ്രീയെ തേടി മദ്രാസിൽ വന്ന നെയ്റോബിയിലെ ബിസിനസുകാരൻ കുൽജിത് സിങ് യാദൃശ്ചികമായാണു സെറ്റിലിരുന്നു ഭക്ഷണം കഴിക്കുന്ന രേഖയെ കാണുന്നത്. നിർമാതാവ് നേരെ പുഷ്പവല്ലിയെ തേടി വീട്ടിലെത്തി. ‘മകൾക്ക് ഹിന്ദി അറിയാമോ’ എന്നായിരുന്നു ആദ്യ ചോദ്യം. എന്റെ മകൾ മിടുക്കിയാണ്, നിങ്ങൾ ഹിന്ദിയിൽ കൊടുക്കുന്ന സംഭാഷണം അവൾ ഇംഗ്ലിഷിൽ എഴുതി കാണാതെ പറയുമെന്ന് അമ്മ പറഞ്ഞു. ആ പരീക്ഷണത്തിൽ രേഖ അനായാസം വിജയിച്ചു.

രേഖ ബോംബെയിലെത്തി. വർഷം 1969. അപരിചിതമായ നഗരം. ജുഹുവിലെ അജന്ത ഹോട്ടലിലെ 115–ാം നമ്പർ മുറിയിലാണ് ആദ്യ ദിവസം താമസിച്ചത്. ഭാഷയറിയാതെ പുതിയൊരു ലോകത്ത് എത്തിയ പതിനാലുകാരിയുടെ ഉൾഭയം ആ മുറിയിൽ കനത്തു നിന്നു. കറുത്ത നായിക എന്ന് ബോംബെയിലെ സിനിമാമാസികകൾ തലക്കെട്ടിട്ടു. 35 ഇഞ്ച് അരവണ്ണമുള്ള നായിക എന്നാണു ചിലർ വിശേഷിപ്പിച്ചത്.

പിന്നീട് ബോളിവുഡിൽ രേഖ നടത്തിയത് സമാനതകളില്ലാത്ത തേരോട്ടമാണ്. ശർമിള ടഗോറും ആഷാ പരേഖും സൈറാ ബാനുവും അതിന്റെ ചൂടറിഞ്ഞു. നീളൻ കണ്ണുകളും ടിപ്ടോപ് മുടിയിഴകളുമായി പൂന്തോട്ടങ്ങളിൽ നൃത്തംചെയ്ത നായികമാർ ഭാനുരേഖ ഗണേശന്റെ വശ്യതയിൽ കരിഞ്ഞുവീണു. ജീവിതത്തിൽ ഒരിക്കലും പിൻബലം കിട്ടാത്ത ആ വലിയപേരിന്റെ വാലും തലയും ഭാനുരേഖ ഗണേശൻ സ്വയം മുറിച്ചുമാറ്റി–അന്നു മുതൽ രേഖ, രേഖയായി. 25000 രൂപയായിരുന്നു ആദ്യസിനിമയിലെ പ്രതിഫലം. അടുത്ത സിനിമയിൽ അതിന്റെ ഇരട്ടി. എഴുപതുകളിൽ സിനിമയുടെ കഥപോലും കേൾക്കാതെ സിനിമകൾ അഭിനയിച്ചുകൂട്ടിയത് അമ്മയുൾപ്പെടെ ഏഴുപേരുടെ കുടുംബത്തെ നോക്കാൻവേണ്ടി മാത്രമായിരുന്നുവെന്നു രേഖ പറയുന്നു.

ആദ്യസിനിമയിലെ നായകൻ ബിശ്വജിത്തുമായുള്ള രേഖയുടെ ചുംബനം ലൈഫ്മാസികയുടെ കവറായിരുന്നു. അന്നുതൊട്ടിന്നുവരെ മുംബൈയിലെ സിനിമാമാസികകളുടെ തെന്നുന്ന പേജുകളിൽ സ്വന്തം ശരീരചിത്രങ്ങൾ യൗവനത്തിനു കനവുകൾ നെയ്യാൻ കൊടുത്ത് അവർ രസിച്ചു. പ്രണയമിറ്റുവീഴുന്ന ഗോസിപ്പുകളിൽ രേഖയുടെ പേർ അവർ കൊരുത്തിട്ടു. ജീവിതത്തോടു തുറന്നസമീപനം സ്വീകരിച്ച രേഖയെ ഉൾക്കൊള്ളാൻ എഴുപതുകളിലെ ഇന്ത്യയ്ക്കു കഴിഞ്ഞില്ല എന്നതായിരുന്നു യാഥാർഥ്യം.

അമ്മയുടെ പേരുള്ള വീട്

സിനിമയിൽ രേഖയുടെ ഉയർച്ചകൾക്കും വ്യക്തിജീവിതത്തിലെ വീഴ്ചകൾക്കുമെല്ലാം പുഷ്പവല്ലി സാക്ഷിയായിരുന്നു. 1991ലായിരുന്നു പുഷ്പവല്ലിയുടെ മരണം. അമ്മയുടെ വിയോഗം രേഖയെ തളർത്തി. ഭർത്താവ് മുകേഷ് അഗർവാൾ രേഖയുടെ ദുപ്പട്ടയിൽ ജീവനൊടുക്കിയതിന്റെ പിറ്റേവർഷമായിരുന്നു അമ്മയുടെ മരണം. ജീവിതത്തോടുള്ള രേഖയുടെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾക്ക് ഇതു കാരണമായി. സമൂഹത്തെ ഞെട്ടിച്ച പ്രസ്താവനകളുമായി വിവാദങ്ങളുടെ മുനത്തുമ്പിൽ ജീവിച്ച രേഖ സ്വയം ഉൾവലിഞ്ഞു. മുംബൈയിലെ തന്റെ വീടിന് പുഷ്പവല്ലിയെന്നാണു രേഖ നൽകിയിരിക്കുന്ന പേര്.

1994ൽ ഫിലിംഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജെമിനി ഗണേശനു നൽകാൻ സംഘാടകർ രേഖയെ വിളിച്ചു. വേദിയിലെത്തിയ രേഖ പിതാവിന്റെ കാൽതൊട്ട് വന്ദിച്ചു. ‘എന്റെ പ്രിയപ്പെട്ട മകളുടെ കയ്യിൽ നിന്ന് ഇത്തരമൊരു ബഹുമതി വാങ്ങുന്നതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ജെമിനി ഗണേശന്റെ പ്രസംഗം. അവിഹിത സന്തതിയെന്നു സമൂഹം അവഹേളിച്ച മകളെ അച്ഛൻ അംഗീകരിക്കുന്ന അനർഘ നിമിഷം കാണാൻ പുഷ്പവല്ലി ഇല്ലാതെപോയി. രേഖയെ സിനിമാപ്രേമികൾ പുഷ്പവല്ലിയുടെ മകൾ എന്നല്ല വിളിച്ചത്. ജെമിനി ഗണേശന്റെ മകളെന്നാണ്. ഇപ്പോഴും വിളിക്കുന്നത് അങ്ങനെ തന്നെ. എല്ലാം പൊറുക്കുന്ന അമ്മ അതും ക്ഷമിക്കട്ടെ.