ഷാരൂഖ് ഖാനെ വിമാനാപകടത്തിൽ കൊല്ലപ്പെടുത്തി വിദേശമാധ്യമം!

ബോളിവുഡിന്റെ പ്രിയതാരം കിങ് ഖാൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്നു വിദേശമാധ്യമം. ലോകമെമ്പാടുമുള്ള  ഷാരൂഖ് ഖാൻ ആരാധകരെ അൽപസമയത്തേക്കെങ്കിലും സങ്കടക്കടലിലാഴ്ത്തി ബോളിവുഡ് ബാദ്ഷ മരിച്ചെന്നു ഫ്രഞ്ച് മാധ്യമം ഇൽ പയ്സ് ടിവിയാണു തെറ്റായി റിപ്പോർട്ടു ചെയ്തത്.

പ്രചരിച്ച വ്യാജ റിപ്പോർട്ട് ഇങ്ങനെ. ഒരു ‌‌ച‌ടങ്ങിൽ പങ്കെടുക്കുന്നതിനായി ഗൾഫ്സ്ട്രീം ജി550 എന്ന സ്വകാര്യജെറ്റിൽ പാരിസിലേക്കു യാത്ര ചെയ്യുകയായിരുന്നു ഷാരൂഖ് ഖാൻ. സെക്രട്ടറിയും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ഏഴു പേർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്നു സ്വകാര്യ ജെറ്റ് നിയന്ത്രണം നഷ്ടപ്പെട്ടു തകരുകയായിരുന്നു. ഈ ദുരന്തം ഇന്ത്യൻ സിനിമാലോകത്തിനു കനത്ത ആഘാതം സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്ത ഇന്ത്യയിലും  പ്രചരിച്ചു. എന്തായാലും വാർത്തയുടെ സത്യാവസ്ഥ അറിയുന്നതിനായി മാധ്യമങ്ങൾ മുംബൈ ജോയിന്റ് കമ്മീഷണറെ ബന്ധപ്പെട്ടതോടെയാണ് വാർത്തയുടെ വ്യാജമെന്നു തെളിഞ്ഞത്. ബോളിവുഡ് ബാദ്ഷായുടെ മാനേജ്മെന്റുമായി ബന്ധപ്പെട്ട ജോയിന്റ് കമ്മീഷണർക്കു താരം മുംബൈയിൽ തന്നെയുണ്ടെന്നും ചിത്രീകരണത്തിരക്കിലാണെന്നും മറുപടി കിട്ടി.

ഇതാദ്യമല്ല ഷാരൂഖ് ഖാൻ മരിച്ചെന്ന വാർത്ത പ്രചരിക്കുന്നത്. ഇതിനു മു‍ൻപും പലകുറി സമൂഹമാധ്യമങ്ങളിൽ ബോളിവുഡ് ബാദ്ഷ മരിച്ചതായി വാർത്ത പരന്നിരുന്നു. സലീം കുമാർ, മാമുക്കോയ, ജഗതി തുടങ്ങിയ മലയാള താരങ്ങളും ഇത്തരം വ്യാജവാർത്തകൾക്ക് ഇരയായിട്ടുണ്ട്. എന്തായാലും വ്യാജവാർത്ത പരന്നതോടെ ഫോൺകോളുകളുടെ പ്രവാഹമാണു സൂപ്പർതാരത്തിന്.