ആമിർ ഖാൻ എന്ന നടന്റെ സിനിമകളിൽ ബോളിവുഡിന് ഒരു പ്രതീക്ഷയുണ്ട്. അടുത്ത കാലത്തെങ്ങും ആമിർ അതു തെറ്റിച്ചിട്ടുമില്ല. ആമിർ ഒരു പരാജയമറിഞ്ഞിട്ടു കാലങ്ങളായി. സൂപ്പർഹിറ്റായിരുന്ന ദംഗൽ സിനിമയ്ക്കായി ആമിർ പ്രതിഫലമായി വാങ്ങിയത് ഏകദേശം 175 കോടി രൂപയാണ്. കേൾക്കുന്നവരിൽ അമ്പരപ്പ് ഉണ്ടാക്കാം. എന്നാൽ ആമിറിനു കൃത്യമായ കണക്കുക്കളാണ് ഇക്കാര്യത്തില്‍ പറയുവാനുള്ളത്. വിജയത്തിന്റെ ഫോർമുലയെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും രീതികളെക്കുറിച്ചും ആമിറിനു പറയാനുള്ളത് ഇതാണ്.
‘എനിക്ക് ഏതെങ്കിലും തിരക്കഥയോ പ്രമേയമോ ഇഷ്ടമായാൽ അത് എത്രയും പെട്ടെന്നു ചെയ്യാനാണ് ആഗ്രഹിക്കുക. അതു ചെയ്യുക മാത്രമല്ല അതിന്റെ ഉത്തരവാദിത്തം കൂടിയാണ് ഞാൻ ഏറ്റെടുക്കുന്നത്. ഈ തിരക്കഥ സിനിമയാകുമ്പോൾ അതിന്റെ നിർമാതാവിനു നഷ്ടമുണ്ടാകരുതെന്നാണ് ഞാൻ മനസ്സിൽ കാണുക. അത് എന്റെ ഉത്തരവാദിത്തമാണ്. അതൊരിക്കലും നിർമാതാവിന്റെ മാത്രം തലയിൽ വയ്ക്കാൻ ഞാൻ അനുവദിക്കില്ല.
എന്റെ കരിയറിൽ ഒരു നിർമാതാവിനും ഞാൻ നഷ്ടം വരുത്തിയിട്ടില്ല. ഇൻഡസ്ട്രിയിൽതന്നെ അങ്ങനെ പറയുന്നവരുണ്ട്, ആമിറിനൊപ്പം പ്രവർത്തിച്ചാൽ നഷ്ടം ഉണ്ടാകില്ല എന്ന്. ഞാനൊരു സിനിമ തിരഞ്ഞെടുത്താൻ അതിന്റെ നിർമാതാവോ സംവിധായകനോ പ്രൊഡക്‌ഷൻ കണ്‍ട്രോളറോ എന്നെ ചോദ്യം ചെയ്യാൻ വരില്ല. ‘താരേ സമീൻ പർ’ എന്ന സിനിമ തന്നെ ഉദാഹരണമായി എടുക്കാം. കൊച്ചുകുട്ടിയെ പ്രധാന കഥാപാത്രമാക്കി എടുക്കുന്ന സിനിമ കാണാൻ ആരുവരും എന്നാണ് സ്വാഭാവികമായും ആദ്യം ഉയരുന്ന ചോദ്യം. പക്ഷേ അവരാരും എന്നോട് അങ്ങനെ ചോദിച്ചിട്ടില്ല. അത് എന്നിലുള്ള വിശ്വാസം കൊണ്ടാണ്. ആ വിശ്വാസത്തെ ഞാൻ എന്തിനാണു താഴ്ത്തിക്കെട്ടുന്നത്. അവിടെ കടമ എന്റേതാകുന്നു.
‘ലഗാൻ’ തന്നെ എടുത്തുനോക്കൂ, ഇന്ത്യൻ സിനിമയിൽ പരമ്പരാഗതമായി നടന്നുപോന്നിരുന്ന പല കാര്യങ്ങളെയും പൊളിച്ചെഴുതിയാണ് ആ സിനിമ നിർമിച്ചത്. പണം മുടക്കുന്നതു നിർമാതാവ് മാത്രമല്ല, പണം പലിശയ്ക്ക് എടുക്കുന്നവർ, വിതരണത്തിനെടുക്കുന്നവർ- അതിൽ സബ് ഡിസ്ട്രിബ്യൂട്ടർമാരും ഉണ്ട്- പിന്നെ എക്സിബിറ്റേഴ്സും. ഇവർക്കൊക്കെ ലാഭം കിട്ടുമ്പോഴാണു ബിസിനസ്സ് ഉണ്ടാകുന്നത്. പുരാതനമായ ബിസിനസ്സ് രീതിയെന്നൊക്കെ എന്റെ ഭാഷയിൽ പറയാം.
ഞാനൊരു പെർഫോമിങ് ആർടിസ്റ്റ് ആണ്. പണ്ടുകാലത്ത് നഗരവീഥികളിൽ പ്രകടനം നടത്തി കഴിവു തെളിയിച്ച ശേഷം തന്റെ തൊപ്പി ഊരി ആളുകളോടു പൈസ ചോദിക്കുന്നവരുണ്ടായിരുന്നു. ഇഷ്ടപ്പെട്ടെങ്കിൽ മാത്രം പൈസ തരൂ എന്നാണ് അവർ ചോദിക്കുക. കുറച്ചു പേർ പൈസ തരും, ചിലർ തരികയുമില്ല. എന്റെ പ്രവർത്തനവും ഇതുപോലെയാണ്. ലാഭമാകാത്ത ഒരു സിനിമയ്ക്കും അധികമായി ചില്ലിക്കാശു ഞാൻ വാങ്ങാറില്ല. സിനിമ പൂർണമായും ലാഭം നേടി എല്ലാവർക്കും അതിന്റെ ലാഭം എത്തിക്കഴിഞ്ഞാൽ മാത്രമാണ് നിർമാതാവെന്ന നിലയിൽ എനിക്കു പൈസ വരുന്നത്. ഇനി സിനിമ മോശമായാൽ അത് എന്റെ മാത്രം നഷ്ടമാണ്. മറ്റുള്ളവരെ ഞാൻ കുറ്റപ്പെടുത്തില്ല, അവർക്കൊരു നഷ്ടവും ഉണ്ടാകില്ല.
തലാഷ് എന്നൊരു ചിത്രമുണ്ട്. അത് 95 കോടി കലക്ട് ചെയ്തു. അതൊരു പരാജയ ചിത്രമായി വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ അതെനിക്കു നല്ല ലാഭം നേടിത്തന്ന സിനിമയാണ്. എനിക്കൊരുപാട് ഇഷ്ടപ്പെട്ട കഥയാണ് തലാഷിന്റേത്. പക്ഷേ ഇതൊരു മുന്നൂറു കോടിയുടെ ചിത്രമല്ല. എന്നാലും എനിക്ക് ഇതു ചെയ്തേ മതിയാകൂ. ജീവിതത്തിൽ നമുക്ക് ഏറ്റവും വിലമതിക്കുന്ന ഒരു കാര്യം നഷ്ടപ്പെടുന്നതിന്റെ വേദനയെക്കുറിച്ചായിരുന്നു ആ സിനിമ. ആ നഷ്ടത്തെ എങ്ങനെ അതിജീവിക്കും. അതാണ് ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ചത്.’
അതൊരു കമേഴ്സ്യൽ സിനിമ ആകില്ലെന്നും അറിയാമായിരുന്നു. കാരണം ആ സിനിമയുടെ സ്വഭാവം അങ്ങനെയാണ്. പക്ഷേ ആ സിനിമ എനിക്ക് ചെയ്തേ തീരൂ. അങ്ങനെ ഞാനും ഫർഹാനും റിതേഷും ചർച്ചയ്ക്ക് ഇരുന്നു. സിനിമയുടെ ബജറ്റിനെക്കുറിച്ചായിരുന്നു ചർച്ച. ഈ തുകയുടെ മുകളില്‍ ബജറ്റ് പോകരുത്. റിലയൻസ് ആയിരുന്നു സിനിമയുടെ വിതരണം. ആ ബജറ്റ് മുന്‍കൂട്ടി കണ്ടാണ് ചിത്രം വിറ്റത്. എന്റെ മനസ്സിൽ എഴുപതു കോടി കിട്ടുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചിത്രം 95 കോടി കലക്ട് ചെയ്തു. ’
എനിക്ക് മുന്നൂറുകോടിയുടെ പടം ചെയ്യണമെന്നു നിർബന്ധമേയില്ല. മൂന്നു കാര്യങ്ങളുണ്ട്, എന്റെ മനസ്സിൽ കാണുന്നതുപോലെ തന്നെ ആ സിനിമ വരണം, ആസ്വാദകരെ രസിപ്പിക്കണം, പണം മുടക്കുന്നവർക്കു നഷ്ടവും വരരുത്. എല്ലാ സിനിമകളും ആയിരമോ രണ്ടായിരമോ കോടി കലക്ട് ചെയ്യില്ല. എന്നാൽ നമ്മുടെ ചിന്തകൾക്ക് അതിർവരമ്പുകൾ ഇടരുത്. പരിശ്രമിക്കുക. ഹൃദയം പറയുന്നതുപോലെ മുന്നോട്ടു പോകുക. ‘താരേ സമീൻ പർ’ അന്നത്തെ കാലത്ത് 88 കോടിയാണു കലക്ട് ചെയ്തത്. അന്നത്തെ കാലത്തെ കലക്‌ഷനിൽ രണ്ടാം സ്ഥാനത്തായിരുന്നു അത്. വെൽകം എന്ന സിനിമയായിരുന്നു ഒന്നാമത്. എന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി കണക്കാക്കുന്ന സിനിമയാണ് താരേ സമീൻപർ.’
അഭിനയിക്കുന്നതിനു പ്രതിഫലം വാങ്ങിയ ശേഷം സിനിമയുടെ ലാഭത്തിന്റെ ശതമാനം എടുക്കുന്ന താരങ്ങളുണ്ട്. അതിനു പലകാരണങ്ങളുണ്ടാകാം. എന്നാൽ എന്റെ രീതി എങ്ങനെയാണെന്നു വിശദമാക്കാം. നൂറുകോടിയുടെ സിനിമയാണെന്ന് വിചാരിക്കുക. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം, അതിലെ സാങ്കേതിക പ്രവർത്തകരുടെ പ്രതിഫലം, പ്രൊഡക്‌ഷനു വേണ്ടി വന്ന പൈസ, പോസ്റ്റ് പ്രൊഡക്‌ഷൻ. ഇതൊക്കെ ചേർത്താകും സിനിമയ്ക്കു നൂറുകോടി മുടക്കാകുന്നത്. എന്നാൽ അതിലൊരു പത്തു പൈസ പോലും ഞാൻ പ്രതിഫലമായി വാങ്ങാറില്ല’.
ചിത്രം റിലീസ് ചെയ്യുന്ന സമയത്തും എന്റെ പ്രതിഫലം പൂജ്യം. റിലീസിനു ശേഷം ചിത്രം ലാഭമുണ്ടാക്കിത്തുടങ്ങുമ്പോൾ അത് ആദ്യം പോകുന്നത് മാർക്കറ്റിങ്ങിനായി നമ്മൾ മുടക്കിയ തുകയുടെ അക്കൗണ്ടിലേക്കാണ്. സിനിമയുടെ നൂറുകോടി മുതൽമുടക്ക് കലക്ട് ചെയ്ത ശേഷമാകും ഈ അക്കൗണ്ടിലേക്കു ലാഭം എത്തിത്തുടങ്ങുകയെന്ന് ഓർക്കണം. നൂറുകോടി സിനിമയിൽ 25 കോടിയെങ്കിലും പരസ്യത്തിനായി ചിലവാക്കണം.
ആ തുകയും കൂടി തിരികെ ലഭിക്കുന്നതോടെ നിർമാതാവിനു മുടക്കിയ പണം മുഴുവൻ തിരികെയെത്തി. അതിനു ശേഷമാണ് എന്റെ പ്രതിഫലം ഞാൻ വാങ്ങിത്തുടങ്ങുന്നത്. അഥവാ സിനിമയുടെ മുതൽമുടക്ക് തിരിച്ചുപിടിച്ച് മാർക്കറ്റിങ്ങിനു ചെലവഴിച്ച തുകയിൽ നിർമാതാവിനു പത്തുകോടി നഷ്ടം വന്നാൽ ഒരു പൈസ പോലും പ്രതിഫലമായി ലഭിക്കില്ല. തീർച്ചയായും ഞാൻ വലിയൊരു ശതമാനമാണ് എന്റെ പ്രതിഫലമായി വാങ്ങുന്നത്. കാരണം ഞാനാണ് റിസ്ക് ഏറ്റെടുക്കുന്നത്. സിനിമയ്ക്കായി അത്രത്തോളം ഞാൻ ആത്മസമർപ്പണം ചെയ്യുന്നുണ്ട്.’–ആമിർ പറയുന്നു.