Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരിനെ അന്വർത്ഥമാക്കുന്ന ചിത്രം; സീറോ റിവ്യു

zero-review

പൊക്കമില്ലാത്ത വ്യക്തി പൊയ്ക്കാലിൽ കയറി നിന്ന് അപകർഷത മറയ്ക്കാൻ ശ്രമിക്കും പോലെ കാമ്പില്ലാത്ത തിരക്കഥയ്ക്ക് മുകളിൽ കെട്ടിപ്പൊക്കിയ ഒരു വ്യഥാവ്യായാമമാണ് ഷാറുഖ് ഖാൻ നായകനായ സീറോ എന്ന ചിത്രം. സൽമാൻ ഖാന്റെ റേസ് 3, ആമിർ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്നിവ ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. ആ കൂട്ടത്തിലേക്ക് ഷാറുഖ് ഖാനും പ്രവേശിക്കുകയാണ് എന്നുതോന്നുന്നു സീറോ എന്ന ചിത്രത്തിലൂടെ. സമാനരീതിയിൽ ഷാറുഖ് കുള്ളനായി എത്തിയ ഫാൻ എന്ന ചിത്രവും ബോക്സ്ഓഫീസിൽ പരാജയമായിരുന്നു.

2011 ൽ പുറത്തിറങ്ങി പ്രേക്ഷകസ്വീകാര്യത നേടിയ തനു വെഡ്സ് മനു എന്ന ചിത്രത്തിനു ശേഷം ആനന്ദ് എൽ ‍.റായ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സീറോ. ഹിമാൻഷു ശർമയാണ് സീറോയുടെ തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഷാറൂഖിന്റെ പത്നി ഗൗരി ഖാൻ ചിത്രം നിർമിച്ചിരിക്കുന്നു. മനു ആനന്ദാണ് ഛായാഗ്രാഹകൻ. അജയ്- അതുൽ ജോഡികൾ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു. 

Zero Trailer Shah Rukh

അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് തുടങ്ങിയവരാണ് സീറോയിലെ നായികമാർ. മാധവൻ ഒരു പ്രധാന വേഷത്തിലെത്തുന്നു. സല്‍മാന്‍ ഖാൻ ‍, റാണി മുഖര്‍ജി, കജോള്‍ , ദീപിക പദുക്കോൺ , ആലിയ ഭട്ട്, കരിഷ്മ കപൂർ‍, ജൂഹി ചൗള, ശ്രീദേവി എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നു. ശ്രീദേവിയുടെ അവസാന ചിത്രം കൂടിയാണ് സീറോ.

പ്രമേയം... 

ബഹ്‌വ സിങ്ങിന് പ്രായം മുപ്പത്തെട്ടായെങ്കിലും ഉയരക്കുറവ് കാരണം ഇനിയും പെണ്ണ് കിട്ടിയിട്ടില്ല. ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം തന്റെ പോരായ്മയുമായി ചേരുന്ന ഒരു യുവതിയെ ലഭിക്കുന്നു. ബഹിരാകാശ ശാസ്ത്രജ്ഞയായ ആഫിയ, സെറിബ്രൽ പാൾസി രോഗിയാണ്. എങ്കിലും വിവാഹത്തിന്റെ പടിവാതിൽക്കൽ വച്ച് ബന്ധം മുറിയുന്നു. ഇതിനിടെ ബോളിവുഡിലെ സ്വപ്നറാണിയുമായി ബഹ്‌വ അടുക്കുന്നതോടെ ത്രികോണപ്രണയത്തിലേക്ക് കഥ വഴുതി വീഴുന്നു. ആദ്യ പകുതി മുഴുവൻ ഇങ്ങനെ വലിച്ചിഴയ്ക്കുകയാണ്.

ഓം ശാന്തി ഓം എന്ന ഷാറുഖ് ചിത്രത്തിൽ ബോളിവുഡ് താരങ്ങളെ കുത്തിനിറച്ച ഗാനരംഗം ശ്രദ്ധ നേടിയിരുന്നു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു കാര്യവുമില്ലാതെ പഴയ കുപ്പിയിലെ വീഞ്ഞ് പരീക്ഷിക്കാൻ ശ്രമിച്ചതും ദുരന്തമായി.

രണ്ടാം പകുതിയിൽ ചില നാടകീയ സംഭവവികാസങ്ങൾക്ക് ശേഷം കഥാപശ്‌ചാത്തലം വിദേശരാജ്യത്തേക്ക് കൂടുമാറുന്നു. തന്റെ നഷ്ടപ്രണയിനിയുടെ മനസ്സ് വീണ്ടെടുക്കാനായി സാഹസികമായ ഒരു ദൗത്യത്തിന് നായകൻ തയാറാകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ക്ളൈമാക്സ് കണ്ടുകഴിഞ്ഞാൽ പല രാജ്യാന്തര ബഹിരാകാശ ഏജൻസികളും തലതല്ലി ചാകാൻ സാധ്യതയുണ്ട്.

Zero - a bearable love story quivering over disability theme

പ്രമേയപരമായി സാമാന്യ യുക്തിക്ക് നിരക്കാത്ത കുറെ കെട്ടുകാഴ്ചകളുടെ, ധൂർത്തിന്റെ, വികലമായ ചിത്രീകരണമായി ഒതുങ്ങുകയാണ് സീറോ.  അഭിനയപ്രധാനമായി അൽപമെങ്കിലുമുള്ളത് അനുഷ്ക ശർമയുടെ പ്രകടനം മാത്രമാണ്. അന്തരിച്ച വിഖ്യാത ജ്യോതിശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു രൂപപ്പെടുത്തിയ കഥാപാത്രം അനുഷ്ക ഭദ്രമാക്കിയിട്ടുണ്ട്. ഗാനങ്ങളും ഛായാഗ്രഹണവും മികവ് പുലർത്തുന്നുണ്ട് എന്നത് മാത്രമാണ് സാങ്കേതിക മേഖലയിൽ ആശ്വാസകരമാകുന്നത്.

zero-2

ദക്ഷിണേന്ത്യൻ സിനിമകളിൽ മാറ്റത്തിന്റെ കാറ്റു വീശുന്നതൊന്നും ബോളിവുഡ് അറിയുന്നില്ലേ ആവോ? ചെറിയ ബജറ്റിൽ, താരമൂല്യമില്ലാത്ത അഭിനേതാക്കളെ കൊണ്ടുപോലും പ്രേക്ഷകസ്വീകാര്യത നേടുന്ന ചിത്രങ്ങൾ ഇവിടെ ഇറങ്ങുമ്പോൾ, പൊള്ളയായ തിരക്കഥയുമായി, താരമൂല്യം വച്ച് പ്രേക്ഷകനെ പിടിക്കാം എന്ന ബോളിവുഡ് ആത്മവിശ്വാസത്തിൽ അടിക്കുന്ന അവസാനത്തെ ആണിയാകും സീറോ എന്ന ചിത്രം. ചുരുക്കത്തിൽ ഷാറുഖിന്റെ കടുത്ത ആരാധകർക്ക് പോലും ചിത്രം നിരാശാജനകമായ അനുഭവമാകാനാണ് സാധ്യത.