‘ഞാൻ ഇവിടെ താമസിച്ചെത്താൻ കാരണക്കാരൻ ഒരാളാണ്, അത് മറ്റാരുമല്ല മിസ്റ്റർ ഷാരൂഖ് ഖാൻ.’ സമൂഹമാധ്യമത്തിൽ ലൈവിലെത്തിയ പൃഥ്വിരാജ് പറയുന്നു. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തിരക്കു കാരണമാണ് ഫെയ്‌സ്ബുക്ക് ലൈവിലെത്താന്‍ വൈകിയെന്ന് പൃഥ്വിരാജ് പറയുന്നു. തന്റെ പുതിയ സിനിമയായ 9നെ കുറിച്ച് സംസാരിക്കാന്‍ മുബൈയിലെ ഫെയ്‌സ്ബുക്ക് ഓഫീസില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്. നേരത്തെ പറഞ്ഞ് വെച്ചതില്‍ നിന്നും ഇരുപതു മിനിറ്റ് വൈകിയാണ് പൃഥ്വിരാജ് ലൈവിനെത്തിയത്.
‘ഞാൻ താമസിച്ച ഹോട്ടലിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ വീട്. ഇന്ന് ഷാരൂഖ് ഖാന്റെ പിറന്നാളാണ്. എന്നും അതുവഴി പോകുമ്പോൾ തിരക്കുകാണാറുണ്ട്. എല്ലാസമയവും അവിടെ ആളുകളെ കാണാം. എന്നാൽ ഇന്ന് ഭയങ്കരജനക്കൂട്ടവും പൊലീസുമൊക്കെയായിരുന്നു. അതുകൊണ്ട് ഞാൻ ഹോട്ടലിൽ നിന്നിറങ്ങി ആ സ്ഥലം കടന്നുകിട്ടാൻ ഒരുപാട് സമയമെടുത്തു. ഷാരൂഖ് ഖാൻ സാറിന് പിറന്നാൾ ആശംസകൾ.’
‘നയൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനാണ് ഞാൻ ഇവിടെ എത്തിയത്. ഞാൻ ആദ്യമായി സ്വതന്ത്രമായി നിർമിക്കുന്ന സിനിമ കൂടിയാണ് 9. ചിത്രത്തിന്റെ ആദ്യ റിലീസ് തിയതി നവംബർ 16 ആയിരുന്നു. ഇപ്പോൾ അത് മാറ്റിവയ്ക്കുകയാണ്. ആ ചിത്രം അതിന്റെ പൂർണതയിലെത്താൻ കുറച്ച് സമയം ആവശ്യമാകും എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് റിലീസ് നീട്ടാൻ തീരുമാനിച്ചത്.
ഒരച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായ 9 ഒരു ആഗോള ഇവന്റിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. കൂടാതെ ഒരു സയന്‍സ് ഹൊറര്‍ ചിത്രം കൂടിയായിരിക്കും ഇതെന്ന് പൃഥ്വി പറയുന്നു. ചില സാങ്കേതിക കാരണങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് 2019 ഫെബ്രുവരി എഴിലേക്ക് മാറ്റിയ വിവരവും പൃഥ്വി അറിയിച്ചു.
‘9 സിനിമ ഞാൻ കണ്ടു. വളരെ വൈകാരികമായ അച്ഛന്റെയും മകന്റെയും കഥ തന്നെയാണ് ഈ സിനിമ. ഞങ്ങളെല്ലാവരും വലിയ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ഡിസംബറില്‍ ഉണ്ടാവുമെന്നും പൃഥ്വി പറഞ്ഞു.
‘പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭം. എന്തുകൊണ്ട് ഈ ചിത്രം തിരഞ്ഞെടുത്തുവെന്ന് ചോദിച്ചാൽ ഈ സിനിമയുടെ സ്വഭാവമായിരിക്കും എന്നെ ആകർഷിച്ചത്. ചിത്രം നിർമിക്കാമെന്ന് ആദ്യം തീരുമാനിച്ചിരുന്നില്ല. പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നതിനെപറ്റിയും ആലോചിച്ചിരുന്നില്ല. പിന്നീട് സോണി പിക്ച്ചേർസുമായി കൈകോർത്ത ശേഷമാണ് ചിത്രം നിർമിക്കാൻ തീരുമാനിക്കുന്നത്.’
ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ പറ്റിയും പൃഥ്വി ലൈവില്‍ സംസാരിച്ചു. ഷൂട്ടിങ്ങ് പൂരോഗമിക്കുകയാണെന്നും ലാലേട്ടനൊപ്പം സിനിമ ചെയ്യുന്നതില്‍ വളരെയധികം സന്തുഷ്ടനാണെന്നും പൃഥ്വി പറഞ്ഞു.
‘സിനിമയുടെ അവസാനഘട്ട ഷൂട്ടിങ് ആണ് ഇനി നടക്കുക. ബോംബെയിൽ സെറ്റിട്ടാകും ചിത്രീകരണം. സിനിമകളിൽ കണ്ടുശീലിച്ച ബോംബെ ആകരുത് ലൂസിഫറിൽ കാണിക്കുന്നതെന്ന് നിർബന്ധമുണ്ട്. ലാലേട്ടൻ ഉടൻ തന്നെ ബോംബെ ഷെഡ്യൂളിൽ ജോയിൻ ചെയ്യും.’–പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫറിന് ശേഷം ബോളിവുഡിൽ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അമിതാഭ് ബച്ചനെ കഥാപാത്രമാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആടു ജീവിതം തത്ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നും ലൂസിഫറിനു ശേഷം ഷൂട്ടിങ് തുടങ്ങുമെന്നും പൃഥ്വി അറിയിച്ചു. ‘ജനുവരിയിൽ ആകും ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂൾ തുടങ്ങുക. അതിന് വേണ്ടി ഇനിയും തടി കൂട്ടണം. അതിന് ശേഷമാകും മെലിയുന്നത്. ഇതൊരു വലിയ ചിത്രമാണ്. ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കിയ ഭാഗങ്ങൾ വളരെ വളരെ നന്നായിട്ടുണ്ടെന്ന് പറയാൻ കഴിയും. റഹ്മാൻ സാർ സംഗീതം നിർവഹിച്ച ഒരു മലയാളം ഗാനവും ചിത്രീകരിച്ച് കഴിഞ്ഞു.’–പൃഥ്വി പറഞ്ഞു.
‘ആക്ഷൻ മാസ് സിനിമ കാണാനും ചെയ്യാനും വളരെ ഇഷ്ടമുള്ള ആളാണ് ഞാൻ. അങ്ങനെ ചെയ്യുമ്പോൾ അത് വലിയ ഹിറ്റാകണമെന്നും ബ്ലോക്ബസ്റ്റർ ആകണമെന്നും ആഗ്രഹിക്കുന്നു. ലൂസിഫറിന്റെ ഷൂട്ടിങിന് ശേഷം ഞാൻ അഭിനയിക്കാൻ പോകുന്നത് ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയാണ്. സച്ചിയാണ് അതിന്റെ തിരക്കഥ. രണ്ടുവർഷം മുമ്പ് കേട്ട തിരക്കഥയാണ്. കേട്ടപ്പോൾ മുതൽ അത് സിനിമയായി കാണണമെന്ന് ആഗ്രഹിക്കുന്നു. ഫൺ എന്റർടെയ്നറാകും. ഞാനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.’–പൃഥ്വി പറഞ്ഞു.