മാൻവേട്ട; സൽമാനെ കുടുക്കിയ ഗ്രാമവാസികൾ

കേസുകളും വിവാദങ്ങളുമില്ലാത്തൊരു തിരക്കഥയല്ല സൽമാന്റെ ജീവിതം. ഏതു സല്ലു സിനിമയേക്കാളും ഡ്രാമയുണ്ട് ആ ജീവിതത്തിൽ. പഞ്ച് ഡയലോഗുകൾ, വയലൻസ്, വേട്ട, പ്രണയം, പ്രണയത്തകർച്ചകൾ എല്ലാമുള്ള ടിപ്പിക്കൽ ബോളിവുഡ് മസാലപ്പടമാണ് ഈ താരരാജാവിന്റെ ജീവിതം. നൂറും ഇരുന്നൂറും ക്ലബിലേക്ക് സൽമാൻ ചിത്രങ്ങൾ അനായാസം പ്രവേശിക്കുന്നതു പോലെയാണ് നൂറുനൂറുകേസുകളിൽ സൽമാൻ ചെന്നുപെടുന്നത്.

അതിൽ അവസാനത്തേതാണ് ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വച്ച കേസ്. അവസാനം ജോധ്പൂർ കോടതി സല്‍മാന്‍ ഖാനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിയോടെ ആശ്വസമാകുന്നത് 19 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കാണ്. 1998ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോധ്പൂരില്‍ എത്തിയപ്പോഴാണ് ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വച്ചു എന്ന കേസില്‍ സല്‍മാന്‍ അറസ്റ്റില്‍ ആകുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിനും സല്‍മാന്‍ ഖാനെതിരെ കേസ് ഉണ്ട്. 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ തന്നെ ഷൂട്ടിങിനിടെയാണ് ഇതും സംഭവിച്ചത്. 1998 സെപ്റ്റംബര്‍ 26, 27 തിയതികളിലായിരുന്നു ഈ സംഭവം.

അവിടെയുള്ള ഗ്രാമവാസികളാണ് സൽമാനും മറ്റുതാരങ്ങൾക്കുമെതിരെയും പരാതി നൽകുന്നത്. വന്യജിവി സംരക്ഷണ വകുപ്പിലെ സെക്ഷന്‍ 51 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിൽ 2006ൽ കുറേ ദിവസം സൽമാനു ജയിലിൽ കഴിയേണ്ടിവന്നു.

1998 ഒക്ടോബറിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. ഇന്ത്യന്‍ ആംമ്‌സ് ആക്റ്റ് 325, 327 പ്രകാരമായിരുന്നു ഇത്. ലൈസന്‍സ് ഇല്ലാത്ത 0.22 റൈഫിളും, 0.32 റിവോള്‍വറും ഉപയോഗിച്ച് കൃഷണമൃഗത്തെ വേട്ടയാടി എന്നതായിരുന്നു കേസ്. 'ഹം സാത്ത് സാത്ത് ഹേ ' എന്ന ഹിന്ദി ചിത്രത്തിന്‌റെ ഷൂട്ടിങ്ങിനായി രാജസ്ഥാനില്‍ എത്തിയതായിരുന്നു സല്‍മാന്‍ ഖാനും സംഘവും. ഷൂട്ടിംഗിന്‌റെ ഇടവേളയില്‍ സഹതാരങ്ങളായ സെയ്ഫ് അലി ഖാന്‍, സൊണാലി ബാന്ദ്ര, തബു എന്നിവര്‍ക്കൊപ്പം 2 കൃഷ്ണ മൃഗങ്ങളെ വെടിവെച്ചു എന്നാണ് എഫ്‌ഐആര്‍.

തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിത് എന്ന് വിചാര വേളയില്‍ സല്‍മാന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 2 തവണയാണ് മൊഴി നല്‍കാനായി സല്‍മാന്‍ രാജസ്ഥാനില്‍ എത്തിയത്. അപ്പോഴെല്ലാം താന്‍ നിരപരാധിയാണെന്ന് താരം ആവര്‍ത്തിച്ചു. കൃഷ്ണമൃഗങ്ങളെ വേട്ടയാടുമ്പോള്‍ സല്‍മാന് ഒപ്പം ഉണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, സൊണാലി ബാന്ദ്ര, തബു എന്നിവരില്‍ നിന്നും ജോധ്പൂര്‍ കോടതി മൊഴി എടുത്തിരുന്നു. അത്യപൂര്‍വ്വ മൃഗങ്ങളായ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിന് വന്യജീവി സംരക്ഷണ നിയമ പ്രകാരവും സല്‍മാനെതിരെ കേസ് ഉണ്ടായിരുന്നു.

2006ല്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി എന്ന കേസില്‍ സല്‍മാനെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ കോടതിയുടെ അനുമതിയോടെ അല്ലാതെ രാജ്യം വിട്ട് പോകില്ലെന്ന ഉറപ്പിന്മേല്‍ ശിക്ഷ റദ്ദാക്കി. 2013ല്‍ ഹൈക്കോടതി വിദേശ യാത്ര നടത്താനുള്ള അനുമതി നല്‍കി. 2016ല്‍ സല്‍മാന്‍ ഖാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
‌‌
ലൈസൻസ് റദ്ദായ തോക്കില്‍ നിന്നാണ് കൃഷ്ണമൃഗത്തെ കൊന്നതെന്ന് ആരോപിക്കുന്ന തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2016 ജൂലൈ 25 ൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ വെറുതെവിട്ടു. ആയുധം കൈവശം വച്ച കേസിലും വന്യജീവി സംരക്ഷ കേസിലും സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു.

എന്നാല്‍ വിധിയെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ അപ്പീല്‍ നൽകി. കൃഷ്ണമൃഗത്തെ കൊന്നകേസില്‍ വിചാരണക്കോടതി ശിക്ഷിച്ച സല്‍മാന്‍ ഖാനെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

‌പ്രധാനമായും ഈ രണ്ടുകേസുകളാണ് സൽമാനെതിരെ ഉള്ളതെങ്കിലും വിവാദങ്ങളുടെ കഥ അവിടെ അവസാനിക്കുന്നില്ല. 2002ൽ സൽമാൻ ഓടിച്ച വാഹനം ബേക്കറിക്കു മുന്നിലെ നടപ്പാതയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ കയറി ഒരാൾ മരിക്കുകയും നാലുപേർക്കു പരുക്കേൽക്കുകയും ചെയ്തെന്ന കേസിലും സൽമാനെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കാനാവില്ലെന്നാണ് വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി പറഞ്ഞത്.

സല്ലുവിന്റെ മറ്റുവിവാദങ്ങൾ

സംഗീത ബിജ്ലാനി തൊട്ട് കത്രീന കൈഫ് വരെയുള്ള കാമുകിമാരുമായി അടിച്ചുപിരിഞ്ഞ ചരിത്രമാണ് സല്ലുവിന്റേത്. സംഗീതയായിരുന്നു സൽമാന്റെ ആദ്യ കാമുകി. വഴിപിരിഞ്ഞ സംഗീത പിന്നീട് ക്രിക്കറ്റ് താരം അസ്ഹറുദ്ദീനെ വിവാഹം കഴിച്ചു. പിന്നീട് സോമി അലിയുടെ ഊഴമായിുന്നു. യുഎസിൽ നിന്ന് മുംബൈയിലെത്തിയ സോമിക്ക് ബോളിവുഡിൽ മേൽവിലാസമുണ്ടാക്കാൻ സഹായിച്ചത് സൽമാനായിരുന്നു. ഇരുവരും കമിതാക്കളുമായി. എന്നാൽ സൽമാന്റെ അമിത മദ്യപാനവും വന്യമായ പെരുമാറ്റവും സഹിക്കാനാവാതെ സോമിയും വിട്ടുപോയി.

ഹം ദിൽ ദേ ചുക്കേ സനം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഐശ്വര്യാ റായിയുമായി ഖാൻ അടുത്തത്. മൂന്നുവർഷം കഴിഞ്ഞപ്പോൾ ആ ബന്ധം തകർന്നു. സൽമാൻ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതിനെ കുറിച്ച് ഐശ്വര്യ ലോകത്തോടു പറയുകയും ചെയ്തു. കത്രീന കൈഫുമായാണ് ഏറ്റവുമധികം കാലം ബന്ധമുണ്ടായത്. എന്നാൽ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ആ ബന്ധവും മുറിഞ്ഞു.

മുൻകാമുകിയായ ഐശ്വര്യയുമായി അടുത്ത വിവേക് ഒബ്റോയിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണവും സൽമാന് എതിരെ ഉയർന്നു. കത്രീനയുടെ പിറന്നാൾ വിരുന്നിൽ വച്ച് സൽമാൻ ഷാറുഖുമായി കൊമ്പുകോർത്തിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സൗഹൃദത്തിലാകുന്നത്.