മലയാള സിനിമ ഏത് വഴിക്ക് തിരിയണം എന്ന് അറിയാതെ നില്‍ക്കുന്ന സമയത്ത് പുതുവഴിയിലേക്കൊരു ട്രാഫിക് സിഗ്നൽ കാണിച്ചുകൊടുത്ത വ്യക്തിയായിരുന്ന രാജേഷ് പിള്ള. ‘ട്രാഫിക്’ എന്ന ചിത്രം മലയാളത്തിന് ഒരുപുതുവഴി സമ്മാനിച്ചു. തരംഗമായി മാറിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് പിള്ള തന്നെയാണ്. സംവിധായകനുള്ള ഹൃദയാദരമായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ചിത്രീകരണമാരംഭിച്ച ഹിന്ദി റീമേക്ക് നിരവധി പ്രതിസന്ധികള്‍ക്കിടെയാണ് രാജേഷ് പിള്ള പൂര്‍ത്തിയാക്കിയത്. ഹിന്ദിയില്‍ ശ്രീനിവാസന്‍ ചെയ്ത റോളില്‍ മനോജ് വാജ്‌പേയി, അനൂപ് മേനോന്റെ റോളില്‍ ജിമ്മി ഷെര്‍ഗില്‍, റഹ്മാന്‍ ചെയ്ത വേഷത്തിൽ പ്രസോണ്‍ജിത് ചാറ്റര്‍ജി, ഡോക്ടറായി പരമ്പ്രതാ ചാറ്റര്‍ജി, വിനീത് ശ്രീനിവാസന്‍ ചെയ്ത റോളില്‍. വിശാല്‍ സിംഗ് എന്നിവരാണ് അഭിനയിക്കുന്നത്.
അന്തരിച്ച നടൻ ജിഷ്ണുവും ചിത്രത്തിലൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജിഷ്ണുവിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ട്രാഫിക്.
ട്രാഫിക് റിലീസ് ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ വലിയ ഒരാഗ്രഹമായിരുന്നു. സുരേഷ് നായരാണ് ഹിന്ദിയിൽ തിരക്കഥ ഒരുക്കിയത്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. എന്‍ഡമോള്‍ മീഡിയയുടെ ബാനറില്‍ രാജേഷ് ധര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര നിര്‍മ്മാണ വിതരണകമ്പനിയായ ഫോക്‌സ് സ്റ്റാര്‍ ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.