Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജേഷിന്റെ ചിറകിൽ മേഘയുടെ ‘ടേക്ക് ഓഫ്’

take-off-megha

രാജേഷ് പിള്ള ഫിലിംസ് എന്ന പേരു സ്ക്രീനിൽ തെളിഞ്ഞപ്പോൾ കോട്ടയം ആനന്ദ് തിയറ്ററിൽ ഇരുന്നു മേഘ ആരുമറിയാതെ കരഞ്ഞു. സന്തോഷം കൊണ്ടാ​ണോ സങ്കടം കൊണ്ടാണോ എന്നു മേഘയ്ക്ക് അറിയില്ലായിരുന്നു. കൂടെയുണ്ടായിരുന്ന താരങ്ങളായ കുഞ്ചാക്കോ ബോബൻ, പാർവതി തുടങ്ങിയവരുടെ കണ്ണുകളും നനഞ്ഞിട്ടുണ്ടാകാം. കാരണം രാജേഷിനു ഏറ്റവും പ്രിയപ്പെട്ട താരങ്ങളായിരുന്നു കുഞ്ചാക്കോയും പാർവതിയും നിവിൻ പോളിയും.

ടേക്ക് ഓഫ് എന്ന സിനിമ ഹിറ്റാകുമ്പോൾ മേഘയുടെ കണ്ണും മനസ്സും നിറയുകയാണ്. കാരണം, രാജേഷ്പിള്ള ഫിലിംസ് എന്ന കമ്പനിയുടെ ഒരു സിനിമ തിയറ്റർ നിറഞ്ഞോടുന്നതു രാജേഷ് പിള്ളയുടെ സ്വപ്നമായിരുന്നു. ട്രാഫിക്, വേട്ട, മിലി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജേഷ് പിള്ള 2016ൽ മരിക്കുമ്പോൾ 42 വയസ്സായിരുന്നു. മരണത്തിലേക്കു പോകുന്നുവെന്നു തോന്നിയ സമയത്താണു രാജേഷ് സ്വന്തം പേരിലൊരു കമ്പനി തുട‌ങ്ങുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി മേഘയുടെ പേരുവയ്ക്കുകയും ചെയ്തു. മരിക്കുന്നതിനു ദിവസങ്ങൾ മുൻപ്. അതെന്തിനായിരുന്നുവന്ന് അന്നു മേഘയ്ക്കു മനസ്സിലായില്ല.

rajesh-pillai-manju

രാജേഷ് മരണത്തിലേക്കാണു പോകുന്നതെന്നു തൊട്ടുമുൻപുള്ള രാത്രി വരെ മേഘയ്ക്കറിയില്ലായിരുന്നു. ഐസിയുവിൽനിന്നു പുറത്തിറങ്ങി നാട്ടിലേക്കാണോ കൊച്ചിയിലെ വീട്ടിലേക്കാണോ രാജേഷിനെയും കൂട്ടി പോകേണ്ടത് എന്നതാണു മേഘ ആലോചിച്ചിരുന്നത്.

രാജേഷിന്റെ മരണത്തെത്തുടർന്ന് തനിച്ചായെന്നു കരുതിയ ദിവസങ്ങളിലാണ് തിരക്കഥാകൃത്ത് സഞ്ജയും എഡിറ്റർ മഹേഷ് നാരായണനുമെല്ലാം വീട്ടിലെത്തി രാജേഷിന്റെ നിർമാണ കമ്പനിയുടെ പേരിൽ സിനിമയെടുക്കാൻ നിർബന്ധിക്കുന്നത്. മേഘയെ അവർ ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കു കൈപിടിച്ചു കയറ്റുകയായിരുന്നു. രാജേഷിന്റെയും മേഘയുടെയും വീട്ടുകാർ താങ്ങായി കൂടെനിന്നു.

ഇപ്പോൾ മേഘ പറയുന്നു, ‘രാജേഷേട്ടന്റെ സുഹൃത്തുക്കളെല്ലാം അതേ സ്നേഹത്തോടെ എന്റെ കൂടെയും നിൽക്കുന്നുവെന്നറിയുന്ന സമയത്താണു ഞാൻ ജീവിതത്തിലേക്കു മടങ്ങി വന്നത്. അതില്ലായിരുന്നുവെങ്കിൽ എനിക്കിതുപോലെ സംസാരിക്കാനുള്ള ശക്തിപോലും ഉണ്ടാകുമായിരുന്നില്ല.’

കൂട്ടുകാരന്റെ പേരിൽ ചെറിയൊരു സിനിമ എന്നായിരുന്നു ആദ്യം എല്ലാവരും ആലോചിച്ചത്. പിന്നീടതു വളർന്നു വലുതായി ടേക്ക് ഓഫ് ചെയ്തു. മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായി പറക്കാനും തുടങ്ങി.

രാജേഷിന്റെ കൂട്ടുകാർക്കു വേണ്ടിയിരുന്നത് രാജേഷിന്റെ ബാനറിലുള്ള നല്ല സിനിമയായിരുന്നു. സിനിമയെടുത്തു കുടുംബത്തെ സഹായിക്കാമെന്ന് അവർ ആലോചിച്ചിട്ടുപോലുമില്ല. ‘ആന്റോ ജോസഫിനെപ്പോലെയുള്ള നിർമാതാവിന്റെ സഹായം കൂടി വന്നതോടെ രാജേഷേട്ടന്റെ സ്വപ്നം സത്യമായി’ മേഘ പറഞ്ഞു.

പലരും എ​ഴുതി ഇതു രാജേഷ് പിള്ളയുടെ കുടുംബത്തെ സഹായിക്കാനുള്ള സിനിമയാണെന്ന്. രാജേഷിനു ചുറ്റും നിന്നവരെ ഏറ്റവും വേദനിപ്പിച്ചതും ഇതായിരുന്നു.മലയാള സിനിമാ ചരിത്രത്തിലെ അത്യപൂർവമായൊരു സൗഹൃദമാണു ടേക്ക് ഓഫ് ചെയ്തത്. സാങ്കേതിക വിദഗ്ധർ അടക്കം പലരും കുറഞ്ഞ പ്രതിഫലത്തോടെയാണ് ഈ സിനിമയിൽ പ്രവർത്തിച്ചത്.

കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ മേ‌ഘയുടെ ഫോൺ അടിച്ചുകൊണ്ടേയിരിക്കുന്നതു അഭിനന്ദനങ്ങൾ അ‌റിയിക്കാനാണ്. കൂട്ടുകാരുടെ ചിറകിലേറി ടേക്ക് ഓഫ് ചെയ്ത രാജേഷ് പിള്ളയുടെ സ്വപ്നം കണ്ടിറങ്ങിയവരുടെ മനസ്സിലും ചിറകടിച്ചുകൊണ്ടേയിരിക്കുന്നു. മേഘയുടെയും.