അലാദിൻ ടീസർ; ജിന്ന് ആയി വിൽ സ്മിത്ത്

ആയിരത്തൊന്ന് രാവുകൾ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്നി ഒരുക്കുന്ന ‘അലാദിനി’ൽ ജിന്ന് ആയി എത്തുന്നത് വിൽ സ്മിത്ത്. സിനിമയുടെ പുതിയ ടീസർ ട്രെയിലറിലൂടെയാണ് അണിയറപ്രവർത്തകർ ഇക്കാര്യം വെളിപ്പെടുത്തിയത്.

കനേഡിയൻ താരം മെന മസൗദ് ആണ് അലാദിന്റെ വേഷത്തിൽ എത്തുന്നത്. ജാസ്മിൻ രാജകുമാരിയായി നയോമി സ്കോട്ട് അഭിനയിക്കുന്നു.

പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഗൈ റിച്ചിയാണ് അലാദിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. അടുത്ത വർഷം മെയ് 24നാണ് റിലീസ്.

ഇതേ കഥയെ ആസ്പദമാക്കി ഐ.വി. ശശിയും സിനിമ ഒരുക്കിയിട്ടുണ്ട്. അലാവുദീനും അത്ഭുതവിളക്കുമെന്ന സിനിമ 1979ലായിരുന്നു റിലീസ് ചെയ്തത്. 

കമൽഹാസൻ അലാവുദീനായി വേഷമിട്ടപ്പോൾ എസ്.എ. അശോകൻ ജിന്ന് ആയി എത്തി. ശ്രീപ്രിയ ആയിരുന്നു ജാസ്മിൻ രാജകുമാരിയായി എത്തിയത്. ജയഭാരതി, ജെമിനി ഗണേശൻ, രജനികാന്ത് തുടങ്ങി വമ്പൻതാരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്.