മൈൻ ചവിട്ടി ആപത്തിലാകുന്ന കാഞ്ഞാണിയെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി എത്തുന്ന ഗിരിയെ ഓർക്കുന്നില്ലേ. അവസാനം രക്ഷിക്കാനെത്തിയ ഗിരിയ്ക്ക് പണിയും കൊടുത്ത് കാഞ്ഞാണി ഓടി രക്ഷപ്പെടുന്നു. ജൂഡ് ആന്തണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന സിനിമയിലായിരുന്നു പൊട്ടിച്ചിരിയ്ക്ക് വഴിയൊരുക്കിയ ഈ നർമ രംഗം ഉണ്ടായിരുന്നത്.
ഇപ്പോഴിതാ ഇതേ സന്ദർഭത്തിലൊരു സിനിമ ഹോളിവുഡിൽ റിലീസിന് ഒരുങ്ങുന്നു. മൈൻ എന്നു പേരുളള ചിത്രം ഇറ്റാലിയൻ–അമേരിക്കൻ സൈക്കോ ത്രില്ലറാണ്.
ആഫ്രിക്കൻ മിഷനുമായി ബന്ധപ്പെട്ട് മരുഭൂമിയിൽ കുടുങ്ങിപ്പോകുന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മൈനുകൾ നിറഞ്ഞ മരുഭൂമിയിൽ ഒറ്റപ്പെട്ട് പോകുന്ന സൈനികൻ അബദ്ധവശാൽ മൈനിൽ ചവിട്ടുകയും പിന്നീട് അതിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രപ്പാടുമാണ് സിനിമയുടെ പ്രമേയം.
സഹായത്തിന് ആരുമില്ല, കാലൊന്ന് അനങ്ങിയാൽ ജീവൻ നഷ്ടപ്പെടും. ഫാബിയോ ആണ് ഈ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. ഇറ്റലിയിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം അമേരിക്കയിൽ ഈ വര്‍ഷം റിലീസിനെത്തും.