‘ദളിത് പെൺകുട്ടിയാകാൻ പറ്റില്ലെന്ന് മുൻനിര നടിമാർ പറഞ്ഞു’: ശ്രുതി മേനോൻ

ഏതാണ്ട് ഒന്നര പതിറ്റാണ്ടു കാലമായി ശ്രുതി മേനോൻ മലയാള സിനിമയിൽ എത്തിയിട്ട്. നടിയായും അവതാരകയായും മോഡലായുമൊക്കെ പല രൂപത്തിലും ഭാവത്തിലും ശ്രുതി ഇക്കാലയളവിൽ മലയാളികളോട് സംവദിച്ചു. വർഷങ്ങളിത്രയായിട്ടും വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് ശ്രുതി അഭിനയിച്ചിട്ടുള്ളത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ഒരുപോെല നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ശ്രുതി അഭിനയിക്കുന്ന ‘ഹു’ എന്ന സിനിമ എത്തുകയാണ്. ഇൗ ചിത്രത്തെക്കുറിച്ചും മറ്റു ചില വിവാദ വിഷയങ്ങളെക്കുറിച്ചും ശ്രുത് മനസ്സു തുറക്കുന്നു.  

എന്താണ് Who ? 

Who ഒരു സൈക്കോത്രില്ലർ സിനിമയാണ്. മലയാളത്തിലൊന്നും അധികം കാണാത്ത സയൻസ് ഫിക്ഷൻ മൂഡിലുള്ള ഒരു ചിത്രമാണിത്. മൂന്ന് ഭാഗങ്ങളുള്ള ഒരു സിനിമയുടെ ഒരു ഭാഗം മാത്രമാണ് ഇൗ ചിത്രം. അജയ് ദേവലോക എന്ന കഴിവുറ്റ സംവിധായകൻ ഹോളിവുഡ് ലുക്ക് ആൻഡ് ഫീലിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും. ഷൈൻ ടോം ചാക്കോ, കലക്ടർ ബ്രോ എന്നു വിളിക്കപ്പെടുന്ന പ്രശാന്ത് നായർ, പേളി മാണി അങ്ങനെ നിരവധി ആളുകൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഒരു സാങ്കൽപിക താഴ്‌വരയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. എന്റെ കഥാപാത്രത്തിന്റെ പേര് അരുണിമ എന്നാണ്.

കിസ്മത്തിലെ നായികാ കഥാപാത്രം തേടി വന്നതെങ്ങനെയാണ് ? 

കിസ്മത്ത് സത്യത്തിൽ ഒരു ഭാഗ്യമായിരുന്നു. മനോഹരമായ ഒരു പ്രണയകഥയായിരുന്നു അത്. മനുഷ്യരെ താഴ്ന്ന ജാതി ഉയർന്ന ജാതി എന്നൊക്കെ പറഞ്ഞ് വേർതിരിക്കുന്നത് അസാധാരണമായ കാര്യമാണ്. കിസ്മത്തിൽ അവർ എന്നെയായിരുന്നില്ല നായികയാക്കാൻ ഉദ്ദേശിച്ചിരുന്നത്. ചിത്രത്തിന്റെ അണിയറക്കാർ തേടി ചെന്ന നടിമാരൊക്കെ അനിത എന്ന കഥാപാത്രം ഒരു ദളിത് പെൺകുട്ടിയുടേതാണെന്ന് അറിഞ്ഞപ്പോൾ പറ്റില്ല പറഞ്ഞു. ഏറ്റവുമൊടുവിലാണ് സംവിധായകനായ ഷാനവാസ് ബാവക്കുട്ടി എന്റെയടുത്ത് വരുന്നത്. ഇൗ കഥാപാത്രം വേണ്ടെന്നു വച്ചവരോടൊക്കെ എനിക്ക് നന്ദിയുണ്ട്. അതു കൊണ്ട് മാത്രമാണ് എനിക്ക് കിസ്മത്തിൽ നായികയാകാൻ സാധിച്ചത്. 

മറ്റുള്ളവർ വേണ്ടെന്നു വച്ച ഒരു കഥാപാത്രം സ്വീകരിക്കാൻ ശ്രുതിയെ പ്രേരിപ്പിച്ച ഘടകം എന്താണ് ?

എന്റെയടുത്ത് ഇൗ ചിത്രത്തിന്റെ അണിയറക്കാർ എത്തിയെന്നറിഞ്ഞപ്പോൾ സിനിമാ മേഖലയിൽ നിന്നു തന്നെയുള്ള ഒരുപാട് ആളുകൾ എന്നെ വിളിച്ചു. ശ്രുതി ഇതു ചെയ്യേണ്ട എന്നു പറഞ്ഞു. എങ്ങനെയാണ് ദളിത് പെൺകുട്ടിയായി അഭിനയിക്കുക ? എന്തിനാണ് അത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ? ഇങ്ങനെ പലതും പറഞ്ഞ് പലരും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതൊക്കെ കേട്ടതോടെ എനിക്കൊരു വാശിയായി. മനുഷ്യരെ ജാതി പറഞ്ഞ് വേർതിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല. അതിനു പിന്നിലെ ഘടകവും ഇതു വരെ പിടി കിട്ടിയിട്ടില്ല. പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചപ്പോൾ അതൊരു വാശിയായി അങ്ങനെ ആ സിനിമ ചെയ്യാൻ തീരുമാനിച്ചു.

പത്തൊമ്പതു വയസ്സുള്ള ഷെയ്നിന്റെ നായിക ?

ഷെയ്ൻ എന്റെ അടുത്ത സുഹൃത്തായി മാറുന്നത് ഇൗ സിനിമയോടെയാണ്. ഞാൻ ജീവിതത്തിൽ ഇതു വരെ അനുഭവിച്ചിട്ടില്ലാത്ത പല വികാരങ്ങളും എനിക്ക് പകർന്നു തന്നത് ഇൗ സിനിമയാണ്.  സിനിമയിൽ ഇരുപത്തിമൂന്ന് വയസ്സുള്ള കഥാപാത്രമായാണ് ഷെയ്ൻ അഭിനയിച്ചത്. എനിക്ക് അവനിൽ നിന്നും അവന് എന്നിൽ നിന്നും പലതും പഠിക്കാൻ സാധിച്ചു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും ഒരുപാട് മികച്ചതായിരുന്നെന്ന് അഭിനയിച്ച സമയത്ത് തന്നെ തോന്നിയിരുന്നു. പല രംഗങ്ങളും ഞങ്ങൾ വളരെ ആസ്വദിച്ചാണ് ചെയ്തത്. 

ശ്രുതി നടത്തിയ ഒരു ടോപ്‌ലെസ് ഫോട്ടോഷൂട്ട് വലിയ വിവാദമായിരുന്നു, അതിനെ വിമർശിച്ച ആളുകളോട് പറയാനുള്ളത് എന്താണ് ?

ഇൗ ആളുകൾ ആരാണ് ? എന്റെ ജീവിതത്തിൽ ഇവർക്കൊക്കെ എന്ത് അധികാരമാണുള്ളത് ? ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാൻ നിങ്ങൾക്കെന്താണ് അവകാശം ? ഞാൻ അറിയുന്നവരും അറിയാത്തവരും നാവിന് എല്ലില്ലാതെ എന്തൊക്കെയോ പറഞ്ഞു. ഇപ്പോൾ ശ്രുതിക്ക് സിനിമകളൊന്നുമില്ല. ഇത് പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതാണ്. ശ്രുതിക്ക് നാണമില്ലേ ? ഇങ്ങനെയൊക്കെയാണ് ഞാൻ കേട്ട വിമർശനങ്ങൾ. 

എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? എന്തു ചെയ്യാൻ പറ്റും നിങ്ങൾക്ക് ? എത്ര നാൾ നിങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു ? നിങ്ങളുടെ ജീവിതത്തിലോ എന്റെ ജീവിതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടായോ ? ഇല്ല. ഒരു കമ്പ്യൂട്ടർ സ്ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതാണോ ധൈര്യം ? ധൈര്യമുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി ചോദിക്കൂ. ഞാൻ ഉത്തരം പറയാം. ഒളിച്ചിരുന്ന് വിമർശിക്കാനും അശ്ലീലം പറയാനും നിങ്ങൾ ഇൗ പറഞ്ഞതു കൊണ്ടൊന്നും എന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആ ഫോട്ടോഷൂട്ട് വൾഗറാണെന്ന് എന്റെ ഭർത്താവിന് തോന്നിയിട്ടില്ല. അദ്ദേഹമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എനിക്ക് ആരോടും ദേഷ്യമില്ല, കാരണം നിങ്ങൾ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല.

ഇത്തരത്തിൽ ഒരു തുറന്നു പറച്ചിലിന് വലിയ ധൈര്യം വേണ്ടേ ?

നിങ്ങൾ തെറ്റു ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ടതില്ല എന്നാണ് എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളത്. ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. ചെയ്തതിനു ശേഷം അതു തെറ്റായിപ്പോയോ എന്നോർക്കരുത്. ചെയ്യുന്നതിന് മുമ്പ് തന്നെ എല്ലാ വശങ്ങളും ചിന്തിക്കണം. നമ്മുടെ സമൂഹം ഒരു പ്രത്യേക തരത്തിലുള്ളതാണ്. അത്ര പെട്ടെന്ന് ആർക്കും മാപ്പ് തരില്ല.