11 വർഷത്തെ കഷ്ടപ്പാടിന്റെ പെൻഷനാണ് ഇൗ ജീവിതം: ധർമജൻ ബോൾഗാട്ടി

ഒരു നടന് വേണമെന്ന് കരുതപ്പെടുന്ന ‘ഗുണങ്ങളൊന്നും’ തനിക്കില്ല എന്നാണ് ധർമജൻ ബോൾഗാട്ടി ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. വലിയ ഉയരമില്ല, പറയത്തക്ക സൗന്ദര്യമില്ല, നിറവുമില്ല. പക്ഷേ ഒന്നുണ്ടായിരുന്നു. നടനാവണമെന്ന ആഗ്രഹം. ആ ആഗ്രഹവും നെഞ്ചിലേറ്റി ധർമജൻ അലഞ്ഞു. 11 വർഷത്തെ ആ അലച്ചിൽ അവസാനിച്ചത് സിനിമയിൽ തന്നെയാണ്. നടനായി തുടങ്ങി ഇപ്പോൾ നിർമാതാവു കൂടിയാകുന്ന ധർമജൻ ചിരിച്ചു കൊണ്ടു പറയുന്ന ഒരു കാര്യമുണ്ട്. ‘എന്റെ ഇൗ ജീവിതം ഒരു പെൻഷനാണ്, 11 വർഷത്തെ കഷ്ടപ്പാടിന് ലഭിച്ച പെൻഷൻ’. താൻ നിർമിക്കുന്ന നിത്യഹരിതനായകൻ എന്ന ചിത്രത്തെ കുറിച്ചും മറ്റു വിശേഷങ്ങളെക്കുറിച്ചും ധർമജൻ മനസ്സു തുറക്കുന്നു. 

125 രൂപ ശമ്പളക്കാരൻ

ഞാൻ സ്റ്റേജിലൂടെ വന്നയാളാണെന്നു നിങ്ങൾക്കറിയാം. 125 രൂപയായിരുന്നു എന്റെ ആദ്യ ശമ്പളം. ഒരിക്കൽ ഇതു ജയറാമേട്ടനോടു പറഞ്ഞപ്പോൾ എനിക്ക് 100 രൂപ ആയിരുന്നെടാ ശമ്പളമെന്ന് അദ്ദേഹം എന്നോട് പറ‍ഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള അവസ്ഥയിൽ നിന്നാണ് ഞാൻ വരുന്നത്. നിർമാതാവാകാൻ വേണ്ടി സിനിമ എടുത്തതല്ല. നിർമാതാവായി പോയതാണ്. എന്നു വച്ച് ഒരു സിനിമ മുടങ്ങിപ്പോയപ്പോൾ ഏറ്റെടുത്തതല്ല. കഥ പറയാൻ വന്നവരുടെ കഥ ഇഷ്ടപ്പെട്ടപ്പോൾ ഞാനും കൂടി ഇതിന്റെ ഭാഗമായിക്കോട്ടെ എന്നു ചോദിച്ചു. അപ്പോൾ സന്തോഷത്തോടെ അവരും അതു സമ്മതിച്ചു. 

സേഫ് സോണിൽ നിന്നു മാറണം

ചില മാറ്റങ്ങൾ സിനിമയിൽ വരണം. ഒരു ചാനൽ സിനിമ എടുക്കണമെങ്കിൽ അതിന് താരബാഹുല്യം വേണം, വലിയ നടന്മാരുടെ ആവണം എന്ന രീതിയൊക്കെ മാറണം. സിനിമ നിർമിക്കാൻ തീരുമാനിച്ചപ്പോൾ സേഫ് സോണിൽ ചെയ്യാം എന്നല്ല കരുതിയത്. വലിയ താരങ്ങൾക്ക് കൊടുക്കാനുള്ള പ്രതിഫലമൊന്നും ഞങ്ങളുടെ കയ്യിൽ കാണില്ല. പക്ഷേ ഒരു നല്ല സിനിമ കൊടുക്കാം. സിനിമയുടെ കഥയും തിരക്കഥയും പിന്നെ സംവിധായകനിലും അഭിനേതാക്കളിലുമുള്ള വിശ്വാസവുമാണ് എനിക്ക് പ്രധാനം. വലിയ താരങ്ങളുടെ സിനിമയെ വിജയിക്കൂ എന്ന  അവസ്ഥയൊക്കെ മാറി. അത്തരം ചിത്രങ്ങളും വിജയിക്കും നല്ല സിനിമകളും വിജയിക്കും.  എല്ലാ സിനിമകളും വിജയിക്കണമെന്ന ആഗ്രഹമാണ് എനിക്കുള്ളത്. 

അന്നത്തെ അവസ്ഥ പരിതാപകരം

ഞാനൊക്കെ വളരെ പരിതാപകരമായ അവസ്ഥയിൽ നിന്ന് വന്നതാണ്. ദാരിദ്ര്യം എന്നു വിളിക്കാൻ പറ്റുമോ എന്നറിയില്ല. കാരണം അച്ഛൻ കൂലിപ്പണിക്കാരനായിരുന്നെങ്കിലും ജീവിക്കാനുള്ള വകയൊക്കെ ഉണ്ടായിരുന്നു. വീട്ടിൽ രോഗികളൊന്നും ഇല്ലായിരുന്നതു കൊണ്ട് ഭക്ഷണത്തിനൊന്നും മുട്ടില്ലായിരുന്നു. സിനിമയിലൊക്കെ വന്നതിനു ശേഷമാണ് കാര്യങ്ങൾ മെച്ചപ്പെട്ടത്. തലേവര കൊണ്ടു മാത്രമാണ് ഇൗ നിലയിലൊക്കെ എത്തിയത്. സിനിമയിൽ എത്തണം എന്ന ആഗ്രഹവും പ്രയത്നവും അതിന് സഹായിച്ചു. മറ്റുള്ളവരെയും സിനിമയിലേക്ക് എത്തിക്കാനൊക്കെ പറ്റാവുന്ന രീതിയിൽ ശ്രമിക്കാറുണ്ട്.

ചങ്കാണ് പിഷാരടി

16 വർഷമായി ഞങ്ങൾ ഒന്നിച്ചുണ്ട്. പിണങ്ങാറുണ്ട് ഞങ്ങൾ. പക്ഷേ അവന്റെ കുഴപ്പം കൊണ്ടല്ല, ഞാനായിരിക്കും അതിന് കാരണം. പല മിമിക്രി കൂട്ടുകെട്ടുകളും അഞ്ച് ആറ് വർഷങ്ങൾ മാത്രം നീണ്ടു നിൽക്കും പിന്നീട് എന്തെങ്കിലും കാരണം കൊണ്ട് പൊളിഞ്ഞു പോകും. പക്ഷേ ഞങ്ങൾ ഇരുവരും മാത്രമല്ല ഞങ്ങളുടെ ഗ്രൂപ്പ് പോലും പിരിഞ്ഞിട്ടില്ല. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണ്. ആർക്കും ഇൗഗോയില്ല. സ്റ്റേജിലൊക്കെ പരിപാടി അവതരിപ്പിക്കുമ്പോൾ എല്ലാവരും ഒരേ മനസ്സോടെ പെരുമാറും. 

അടുപ്പമുള്ള ദിലീപേട്ടൻ

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ദേ മാവേലി കൊമ്പത്തിന്റെ ഭാഗമാകുക എന്നതായിരുന്നു. അന്നൊക്കെ അതിന്റെ എഴുത്തിൽ പങ്കാളിയായി അവരുടെ ഒപ്പം ഉണ്ട്.  അഭിനയിച്ചിട്ടില്ല എന്നേയുള്ളൂ. പിഷാരടിക്കൊപ്പം അവതരിപ്പിച്ച ഒരു ഷോ കണ്ടിട്ടാണ് ദിലീപേട്ടൻ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലേക്ക് ദിലീപേട്ടൻ വിളിക്കുന്നത്. അങ്ങനെ ആരോടും അവസരം ചോദിക്കാതെ തന്നെ സിനിമയിൽ കയറാൻ സാധിച്ചു. 

കോമഡി കഥാപാത്രങ്ങളിൽ ഒതുങ്ങുകയാണോ ? 

എപ്പോഴും നായകന്റെ കൂട്ടുകാരൻ എല്ലെങ്കിൽ ഒരു കോമഡി കഥാപാത്രം ഒക്കെയാണ് ചെയ്യാറ്. എന്നാൽ അടുത്ത സിനിമയിൽ ഞാൻ ഒരു വില്ലനാണ്. ഷൂട്ടിങ്ങ് ഒക്കെ പൂർത്തിയായി. ഒരു സസ്പെൻസ് കഥാപാത്രമാണ്. എന്നെ പോലെ ഒരാൾക്ക് വില്ലൻ കഥാപാത്രങ്ങൾ ഇണങ്ങുമോ എന്ന് സംശയിക്കേണ്ടതില്ല. കുറച്ചു പരിമിതികൾ ഉള്ള വില്ലൻ കഥാപാത്രമായിരിക്കും അത്.

ഗുണങ്ങൾ എല്ലാവരിലുമുണ്ട്

നമ്മളൊക്കെ കണ്ടു വളർന്ന ചില കാര്യങ്ങളുണ്ട്. സിനിമ പോലെ വലിയൊരു ക്യാൻവാസ്. അവിടെ കാണുന്നവരൊക്കെ നല്ല പൊക്കമുള്ള സുന്ദരന്മാർ. അതൊക്കെ ഒരുതരം അപകർഷതാബോധമായിരുന്നെന്ന് എനിക്ക് പിന്നീട് മനസ്സിലായി.  കലാഭവൻ മണിയെ പോലെയുള്ളവരൊക്കെ സിനിമയിലെത്തി നായകന്മാരായപ്പോഴാണ് ഒരു ആത്മവിശ്വാസം എനിക്കും ഉണ്ടായത്. നിത്യഹരിത നായകനിൽ നായകൻ വിഷ്ണുവാണ്. ഒരുപാട് ചെറുപ്പക്കാർക്ക് പ്രചോദനമാണ് വിഷ്ണു. ഞാനൊക്കെ സിനിമയിലഭിനയിക്കുന്നതു കാണുമ്പോൾ ഇവനൊക്കെ സിനിമയിൽ കയറാമെങ്കിൽ ഞങ്ങൾക്കും എന്തു കൊണ്ട് പറ്റില്ല എന്ന് ആളുകൾ ചിന്തിക്കുന്നത് നല്ലതല്ലേ ?

സിനിമ സ്വപ്നം കാണുന്നവരോട്

സിനിമ സ്വപ്നം കാണുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്. ഒരുപാട് ആളുകൾ ചാൻസ് ചോദിച്ച് വരാറുണ്ട്. അവർക്കൊക്കെ നമ്മളെ കൊണ്ടാവുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ഞാൻ പഠനമൊക്കെ കഴിഞ്ഞ് നിന്നപ്പോൾ എനിക്ക് ജോലി കിട്ടിയതാണ്. പക്ഷേ പോയില്ല. എന്റെ കൂടെയുള്ളവരൊക്കെ പണിക്കു പോയി. ശമ്പളം വാങ്ങി. ഞാൻ അപ്പോഴും വരുമാനമൊന്നുമില്ലാതെ സീരിയലിന്റെയും മിമിക്രിയുടെയും പിന്നാലെയായിരുന്നു. 11 വർഷത്തോളും അതിന്റെ പിറകെ നടന്നു. അതിന്റെ പെൻഷനാണ് എനിക്ക് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തെ അങ്ങനെയാണ് ഞാൻ കാണുന്നത്. 

നടനായി നിർമാതാവായി, ഇനി സംവിധാനം ?

സംവിധാനം ചെയ്യാനുള്ള അവസരങ്ങൾ ഒരുപാട് വരുന്നുണ്ട്. പക്ഷേ കുറേ ചിത്രങ്ങളിൽ അഭിനയിക്കാനുമുണ്ട്. പറ്റിയ തിരക്കഥ കയ്യിലുണ്ടെങ്കിലും ഇൗ തിരക്കൊക്കെ കഴിഞ്ഞിട്ട് ചെയ്യാമെന്നോർത്തിരിക്കുകയാണ് ഞാൻ.