Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീൻ എടുത്തുവെട്ടി ധർമജൻ; ഉദ്ഘാടകനായി ബിജു മേനോൻ

dharmajan-bijumenon

നടൻ ധർമജൻ ബോൾഗാട്ടിയുടെ ‘ധർമൂസ് ഫിഷ് ഹബ്’ മത്സ്യവിൽപന ശൃംഖലയില ഏറ്റെടുത്ത് വിജയരാഘവനും. കോട്ടയത്താണ് ധർമൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമായത്. ബിജു മേനോൻ ആയിരുന്നു ഉദ്ഘാടകൻ. രമേശ് പിഷാരടി, സുരേഷ് കൃഷ്ണ, വിജരാഘവൻ,ധർമജന്‍, കലാഭവൻ പ്രചോദ്, പൊന്നമ്മ ബാബു, കോട്ടയം പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബിജു മേനോൻ മീൻ കടയുമായി കോട്ടയത്ത്

കോട്ടയത്ത് കളത്തിപ്പടിയിലാണ് ധർമൂസ് ഫിഷ് ഹബ് തുടങ്ങിയിരിക്കുന്നത്. വൻജനാവലിയായിരുന്നു ഉദ്ഘാടനത്തിനു തടിച്ചുകൂടിയത്.

വിജയരാഘവൻ ഈ ഫ്രാ​ഞ്ചൈസി ഏറ്റെടുക്കാൻ കാരണം ധർമജൻ തന്നെ പറയുന്നു: കുട്ടേട്ടൻ (വിജയരാഘവൻ) കൊച്ചിയിൽ ഷൂട്ടിങിനു വരുമ്പോഴൊക്കെ എന്നെ വിളിക്കും, ‘ധർമജാ ഞാൻ അവിടെ വരുമ്പോൾ നല്ല മീൻ തരണമെന്ന്.’ അപ്പോൾ ഞാൻ പറയും ‘ചേട്ടാ ഇനി മുതൽ ഇങ്ങോട്ടു വരണ്ട ഞങ്ങൾ അങ്ങോട്ടുവരാമെന്ന്.

വിജയരാഘവൻ, നാദിർഷാ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികൾ എടുക്കുന്നത്. മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊച്ചിയിലെ മൽസ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിൻ, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീൻപിടിത്തക്കാരിൽനിന്നു നേരിട്ടു മീൻ വാങ്ങി അയ്യപ്പൻകാവിലെ ധർമൂസ് ഫിഷ് ഹബ്ബിൽ വിൽപനയ്ക്ക് എത്തിക്കുന്ന രീതി സാമ്പത്തികവിജയം കണ്ടതോടെയാണു കൂടുതൽ താരങ്ങൾ പങ്കുചേരുന്നത്. പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വിൽപനയുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കുന്നതിനാൽ മീൻപിടിത്തക്കാർക്കു കൂടുതൽ മികച്ച നിരക്കു ലഭിക്കുന്നുണ്ടെന്നു ധർമജൻ പറയുന്നു. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നതിനു മുൻപ് പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ മീൻപിടിക്കാൻ പോകുമായിരുന്ന ധർമജന് ഇത്തരം രീതികൾ അറിയാമെന്നതും ഗുണകരമായി. മീൻപിടിത്തക്കാർക്ക് എപ്പോൾ പിടിക്കുന്ന മീനും ഉടൻ ധർമൂസ് ഹബ്ബി‍ൽ എത്തിക്കാമെന്നതാണു വിജയത്തിനു പിന്നിലെ ഘടകങ്ങളിലൊന്ന്.

അയ്യപ്പൻകാവിലെ കടയിൽ മീൻ വിഭവങ്ങൾ പാകംചെയ്തു കൊടുക്കാനും തുടങ്ങി. ഫോൺവഴി ആവശ്യപ്പെട്ടാൽ അര മണിക്കൂറിനകം നാടൻ രീതിയിൽ പാകപ്പെടുത്തി നൽകും. നിശ്ചിത സ്ഥലങ്ങളിൽ ഹോം ഡെലിവറിയുമുണ്ട്. ഫ്രാഞ്ചൈസികളിലും പാകംചെയ്ത മീൻ വിഭവങ്ങളുടെ വിൽപനയുണ്ടാകും. സിനിമാതാരങ്ങൾ അല്ലാത്തവർക്കും ഫ്രാഞ്ചൈസി നൽകുമെന്നു ധർമജൻ പറയുന്നു.

താരങ്ങളുടെ മീൻ ഫ്രാഞ്ചൈസികൾ

വിജയരാഘവൻ –കോട്ടയം

കു​ഞ്ചാക്കോ ബോബൻ –പാലാരിവട്ടം

രമേഷ് പിഷാരടി –വെണ്ണല

ടിനി ടോം –ആലുവ

നാദിർഷ, ദിലീപ് –കളമശേരി