കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ നായകൻ ആകേണ്ടിയിരുന്നത് മറ്റൊരു നടൻ ആയിരുന്നെന്ന് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. മറ്റൊരു നടനെ വച്ചാണ് തിരക്കഥ എഴുതിയതെന്നും എന്നാൽ പിന്നീട് താൻ തന്നെ അതിൽ നായകനായാൽ മതിയെന്ന് മറ്റ് അണിയറപ്രവർത്തകർ പറയുകയുമായിരുന്നെന്ന് വിഷ്ണു മനോരമ ഒാൺലൈനിനോട് പറഞ്ഞു.
‘ ചെറുപ്പം മുതൽ അഭിനയം തന്നെയായിരുന്നു ആഗ്രഹവും മോഹവും. എന്നെയും ബിബിനെയും അഭിനയിപ്പിക്കാമെന്നു പറഞ്ഞതു കൊണ്ടാണ് ഞങ്ങൾ എഴുതിയതു പോലും. തിരക്കഥാകൃത്തുക്കളായി മാറിയതാണ്. അമർ അക്ബർ അന്തോണി എന്ന ചിത്രം ഞങ്ങളെ കഥാപാത്രങ്ങളാക്കി എഴുതിയതാണ്. നൗഫൽ എന്ന സുഹൃത്തും സംവിധായകനുമായ വ്യക്തിയോട് ഞങ്ങൾ കഥ പറയുകയും ചെയ്തു. എന്നാൽ ഞങ്ങളെ വച്ചു ചെയ്താൽ സാറ്റ്ലൈറ്റ് കിട്ടില്ലെന്നുള്ള സ്ഥിതി വന്നപ്പോൾ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഇൗ കഥ ഞങ്ങൾ ഒരിക്കൽ ഷാജോൺ ചേട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹം ഇത് നാദിർഷിക്കയോട് പറഞ്ഞു. അങ്ങനെ നാദിർഷിക്ക കഥ പറയാൻ ആവശ്യപ്പെട്ടു. ഒരു പ്രതീക്ഷയും ഞങ്ങൾക്കില്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു അങ്ങനെ അതു സിനിമയായി.’
‘സിനിമയായിരുന്നു ജീവിതം. മറ്റു ജോലികൾക്കൊന്നും പോയിട്ടില്ല. എന്നെങ്കിലും നായകനാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. കട്ടപ്പന എഴുതാനിരിക്കുമ്പോഴും എന്നെ വച്ചു തന്നെ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ അമർ അക്ബർ അന്തോണി വലിയ വിജയമായതോടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചു. ഞാൻ ചെയ്തു ശരിയായില്ലെങ്കിൽ എന്താവും എന്ന ആശങ്കയുണ്ടായിരുന്നു. രണ്ടാമത്തെ ചിത്രമാണ് ഏറ്റവും പ്രധാനം എന്ന് പലരും പറഞ്ഞു. അതോടെ മറ്റൊരു നടനെ മനസ്സിൽ കണ്ട് തിരക്കഥ എഴുതി പൂർത്തീകരിച്ചു. പിന്നീട് അദ്ദേഹത്തെ പോയി കണ്ടെങ്കിലും മറ്റു ചില പ്രശ്നങ്ങൾ മൂലം അതു നടന്നില്ല. നൗഫലിക്ക ആയിരുന്നു പടം സംവിധാനം ചെയ്യാനിരുന്നത്. ഇത് ഇവനെ വച്ചു ചെയ്താൽ പോരെ ഇവനു പറ്റിയ കഥയല്ലേ എന്നു നാദിർഷിക്കയാണ് പറഞ്ഞത്. ഞാനും വിഷ്ണുവും പുതിയ ആളുകളാണ് അപ്പൊ ചെറിയ പടമായിപ്പോകും എന്ന നൗഫലിക്ക പറഞ്ഞു. നാദിർഷിക്ക ചെയ്താൽ പടത്തിന് ഒരു വെയിറ്റ് ആകും എന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ തന്നെ നാദിർഷിക്ക സമ്മതവും മൂളി. അങ്ങനെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ ജനിക്കുന്നത്.’
‘ഞങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളാണ് ഞങ്ങൾ എഴുതാറ്. ഞങ്ങളുടെ അനുഭവങ്ങളും കൂട്ടുകാരുടെ അനുഭവങ്ങളും സിനിമയിൽ കൊണ്ടു വരാറുണ്ട്. ഞങ്ങൾക്കിടയിൽ പറയാറുള്ള തമാശകളാണ് സിനിമയിലും ഉൾപ്പെടുത്തുന്നത്. എണീക്ക് രതീഷ് തുടങ്ങിയ ഡയലോഗുകളൊക്കെ ഞങ്ങളുടെ നാട്ടിൽ നേരത്തെ മുതൽ തന്നെ ആളുകൾ പറയുന്നതാണ്. ഒരുപാട് നാളുകൾ കൊണ്ടാണ് ഒരു തിരക്കഥ എഴുതുന്നത്. അത്ര വലിയ കഴിവുള്ള എഴുത്തുകാരുമല്ല ഞങ്ങൾ. പിന്നെ ഒരു ഭാഗ്യത്തിന് ഒക്കെ സംഭവിക്കുന്നുവെന്ന് മാത്രം.’ വിഷ്ണു പറയുന്നു.