അമ്മ മഴവില്ല്’ മെഗാഷോ; പിന്നാമ്പുറ കാഴ്ചകൾ

തിരുവനന്തപുരം∙ അഴകിന്റെ മഴവില്ലു തെളിഞ്ഞ വേദിയിൽ മലയാള സിനിമാലോകം അണിനിരന്നു; കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ പതിനായിരങ്ങളെ സാക്ഷി നിർത്തി  ‘അമ്മ മഴവില്ല്’ മെഗാഷോ. ആടിയും പാടിയും തമാശ പറഞ്ഞും തകർപ്പൻ പ്രകടനങ്ങളാണ് മലയാള ചലച്ചിത്രലോകത്തെ മിന്നും താരങ്ങൾ പുറത്തെടുത്തത്. താരസംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്നാണു താരോത്സവം സംഘടിപ്പിച്ചത്.

താരോത്സവം കൊണ്ടു ലക്ഷ്യമിടുന്ന കാര്യങ്ങൾ വിവരിക്കാനായി കൂറ്റൻ സ്ക്രീനിൽ മമ്മൂട്ടിയുടെ മുഖം തെളിഞ്ഞതോടെ കാഴ്ചക്കാർ ആവേശത്താൽ ആരവം മുഴക്കി. ‘മലയാള സിനിമയിലെ കലാകാരന്മാരെ സഹായിക്കാൻ വേണ്ടിയാണു ഷോ സംഘടിപ്പിക്കുന്നത്. ചലച്ചിത്രലോകത്തെ വലിയ കൂട്ടായ്മയാണ് ഇതിനു പിന്നിൽ’– മമ്മൂട്ടി പറഞ്ഞു. 

മലയാള സിനിമയിലെ പഴയകാല നടീ നടന്മാരെ ആദരിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്കു തുടക്കം. ‘ഗുരുവന്ദനം’ എന്നു പേരിട്ട ചടങ്ങിൽ മലയാളത്തിലെ പുതുമുഖ താരങ്ങളാണു പഴയകാല നടീനടന്മാരെ ആദരിച്ചത്. മധു, ജി.കെ.പിള്ള, ജനാർദനൻ, കെ.ആർ.വിജയ, രാഘവൻ, ബാലചന്ദ്രമേനോൻ, കെപിഎസി ലളിത, പൂജപ്പുര രവി, ടി.പി.മാധവൻ, ശ്രീലത നമ്പൂതിരി തുടങ്ങിയവരെയാണ് ആദരിച്ചത്. ജഗതി ശ്രീകുമാർ, ഷീല, കവിയൂർ പൊന്നമ്മ, കന്യ ഭാരതി തുടങ്ങിയവർക്കു ചടങ്ങിനെത്താനായില്ലെങ്കിലും ആദരമർപ്പിച്ചു. 

കാളിദാസ്, ഷഹീൻ, സിനിൽ, മാളവിക, ഷെറിൻ, നിരഞ്ജൻ, ബാലു, അർജുൻ, നിമിഷ, രേഷ്മ തുടങ്ങിയ പുതുനിര താരങ്ങളാണു ഗുരുവന്ദനം അർപ്പിച്ചത്. എംഎം ടിവി ഡയറക്ടറും മലയാള മനോരമ ഡപ്യൂട്ടി എഡിറ്ററുമായ ജയന്ത് മാമ്മൻ മാത്യു, അമ്മ അധ്യക്ഷൻ ഇന്നസന്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്ന് സ്വാഗത ഗാനത്തോടെ നൃത്ത വിരുന്ന് അരങ്ങേറി. കരിമരുന്നു പ്രകടനവും വേദിയോടു ചേർന്ന് ഒരുക്കിയിരുന്നു. പിന്നാലെ മോഹൻ ലാൽ, മമ്മൂട്ടി, ജയറാം, ദുൽഖർ സൽമാൻ, സിദ്ദിഖ്, ഇന്നസന്റ്, നെടുമുടി വേണു, നമിത, ഹണി റോസ്, ഷംന കാസിം തുടങ്ങിയ മിന്നും താരങ്ങളുടെ പ്രകടനം. ‘വന്ദേ മുകുന്ദഹരേ...’ ഇന്നസന്റ് പാടിയപ്പോൾ ഇടക്കയിൽ പിന്നണിയൊരുക്കിയത് നെടുമുടി വേണു. മോഹൻലാലിനൊപ്പം ദുൽഖറിന്റെയും സംഘത്തിന്റെയും കോമഡി സ്കിറ്റ്. ലാലിനൊപ്പം ഷംന കാസിമും ഹണി റോസും നൃത്തച്ചുവടുകളുമായെത്തിയപ്പോൾ സ്റ്റേഡിയം ആർത്തു വിളിച്ചു. ഉദയ സ്റ്റുഡിയോയുടെ സ്കിറ്റിനു നേതൃത്വം നൽകിയത് ജയറാമും സിദ്ദിഖും. ദുൽഖറിന്റെ നൃത്തച്ചുവടുകളും വേദിയെ ഹരം പിടിപ്പിച്ചു. 

മലയാളത്തിലെ പ്രമുഖതാരങ്ങളുടെ ദൃശ്യവിരുന്ന് കാണാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയും എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്‍ ദേവന്‍ സൂര്യയെ സ്വീകരിച്ചു. മോഹന്‍ലാല്‍ നേരിട്ടു ക്ഷണിച്ചതിലുള്ള സന്തോഷവും സൂര്യ പങ്കിട്ടു.