അവർ അച്ഛന്റെ ഭാര്യയാണ്: അർജുൻ കപൂർ അന്ന് പറഞ്ഞത്

ഇന്ത്യൻ സിനിമാലോകത്തെ മുഴുവൻ ഞെട്ടിച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിടവാങ്ങൽ. രാജ്യമാകെ ശ്രീദേവിക്ക് അനുശോചനങ്ങള്‍ ഉയരുമ്പോള്‍, പ്രേക്ഷകർ ഉറ്റു നോക്കിയത് അര്‍ജുന്‍ കപൂറിലേയ്ക്കായിരുന്നു.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അര്‍ജുന്‍ കപൂര്‍. ബോണി കപൂറിന്റെ ആദ്യ ഭാര്യയും തന്റെ അമ്മയുമായ മോനയുടെ വിവാഹ ജീവിതം തകരാന്‍ കാരണം ശ്രീദേവിയാണെന്ന് അര്‍ജുന്‍ കപൂര്‍ വിശ്വസിച്ചിരുന്നു.  

ശ്രീദേവി ജീവിതത്തിലേക്ക് വന്നതോടെ മോനയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി പോകുകയുണ്ടായി. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. അമ്മയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അര്‍ജുന്‍ ഒരിക്കലും ശ്രീദേവിയോടും മക്കളോടും വലിയ അടുപ്പം കാണിച്ചുമില്ല. 2012ല്‍ അര്‍ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല

താരമായി കഴിഞ്ഞ് പല അഭിമുഖങ്ങളിലും അര്‍ജുന്‍ നേരിട്ടതും ശ്രീദേവിയുമായുള്ള ബന്ധത്തേക്കുറിച്ചുള്ള ചോദ്യങ്ങളാണ്. അവരോട് വലിയ അടുപ്പമില്ലെന്ന് വ്യക്തമായി പറയുന്നതായിരുന്നു അര്‍ജുന്റെ മറുപടികള്‍. പക്ഷേ ദേഷ്യമുള്ളതായി ഒരിക്കലും കാണിച്ചിട്ടില്ല. ‘അവര്‍ എന്റെ അച്ഛന്റെ ഭാര്യയാണ്, എന്റെ അമ്മയല്ല, കുട്ടികള്‍ എന്റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’–ഇങ്ങനെയായിരുന്നു മറുപടി. 

‘അച്ഛനോടും, അദ്ദേഹത്തിന്റെ ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം’. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ടെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

അര്‍ജുന്റെ കരിയറിനെ ശ്രീദേവി പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘എന്റെ സിനിമകൾ ശ്രദ്ധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇന്നേ വരെ ഒരു കസേരയില്‍ മുഖാമുഖം ഇരുന്ന് അതിനേക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ മാന്യമായ അംഗീകരിക്കലുണ്ട്, മനസ്സിലാക്കലുണ്ട് കാരണം ഒരു പോലെ പ്രധാനപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്, അത്രമാത്രം. അച്ഛനുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരു നല്ല മകനെന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടാകും, അത് ഞാന്‍ ചെയ്യുന്നുണ്ട്’. എന്നായിരുന്നു മറ്റൊരു മറുപടി. 

എന്നാൽ ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പിണക്കം മറന്ന് അര്‍ജുന്‍ കപൂര്‍ ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു. അര്‍ധസഹോദരിയായ ജാന്‍വിയെ നേരില്‍ കണ്ട് അര്‍ജുന്‍ ആശ്വസിപ്പിച്ചു

അമൃത്സറില്‍ ‘നമസ്‌തേ ഇംഗ്ലണ്ട്’ എന്ന സിനിമയുടെ ഷൂട്ടിങിലായിരുന്ന അര്‍ജുന്‍ ശ്രീദേവിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ മുംബൈയിലെത്തുകയായിരുന്നു.