മുംബൈ ∙ നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചനം അറിയിക്കാനായി ഭർതൃസഹോദരൻ അനിൽ കപൂറിന്റെ വസതിയിൽ എത്തിയവരിൽ ഒരാൾ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി – അർജുൻ കപൂർ. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകൻ. ആദ്യഭാര്യ മോനയിൽ ബോണിക്കു പിറന്ന മകനാണു ബോളിവുഡ് താരംകൂടിയായ അർജുൻ.
മോന ജീവിച്ചിരിക്കെ ആയിരുന്നു ബോണിയും ശ്രീദേവിയുമായുള്ള വിവാഹം. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകർത്ത ശ്രീദേവിയോടു വലിയ പിണക്കം അർജുൻ പുലർത്തിയിരുന്നെന്ന വാർത്ത ബോളിവുഡ് വൃത്തങ്ങളിൽ വ്യാപകമായിരുന്നു.
‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമൃത്‌സറിലായിരുന്ന അർജുൻ, മരണവാർത്ത അറിഞ്ഞയുടൻ മുംബൈയിലെത്തുകയും അർധസഹോദരിയായ ജാൻവിയെ ആശ്വസിപ്പിക്കുകയും ചെയ്തു. ദുബായിൽ നടന്ന മോഹിത് മർവയുടെ വിവാഹച്ചടങ്ങിലും അർജുൻ പങ്കെടുത്തിരുന്നു. അർജുനെ കൂടാതെ അൻസുല എന്ന മകളും മോനയുമായുള്ള ബന്ധത്തിൽ ബോണിക്കുണ്ട്.