മരണത്തിൽ വീണ്ടും വഴിത്തിരിവ്; ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ്

ശ്രീദേവിയുടെ മരണം പുതിയ വഴിത്തിരിവില്‍. നടിയുടെ തലയില്‍ ആഴത്തിലുളള മുറിവുണ്ടെന്ന് ദുബായിലെ ഫോറന്‍സിക് ഫലം വെളിപ്പടുത്തുന്നു. ഇത് എങ്ങനെയുണ്ടായെന്ന് പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണ്. 

ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത ഏറുകയും മൃതദേഹം മുബൈയിലെത്തിക്കുന്നതിലെ അനിശ്ചിതത്വം തുടരുകയും ചെയ്യുന്നതില്‍ ഹിന്ദി സിനിമാലോകവും ആരാധകരും ആശങ്കയില്‍ തുടരുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്.  അപകടം നടന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചും എവിടെ നിന്നാണ് മദ്യം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളും ദുബായിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പരിശോധിക്കുന്നുണ്ട്.  

ശ്രീദേവിയുടേത് അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ പബ്ലിക് പ്രോസിക്യൂഷന്‍ ഇനി കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യത ഏറുകയാണ്. അങ്ങനെയെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇനിയും വൈകും. അതിനിടെ ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ശ്രീദേവിയുടേത് അപകട മരണമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻറെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള രേഖകൾ ദുബായ് പൊലീസ് കൈമാറുകയുള്ളൂ. 

പബ്ലിക് പ്രോസിക്യൂഷനിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനാണ് ശ്രമം. ഇനി അത് എളുപ്പമാകും എന്ന് തോന്നുന്നില്ല.  ശ്രീദേവിയുടെ മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണവും പരിശോധനയും വേണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചാൽ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിൻറയും നേതൃത്വത്തിൽ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

ശ്രീദേവിയുടെ മരണം സംബന്ധിച്ച് പല കാര്യങ്ങളിലും അവ്യക്തത തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് ഭർത്താവ് ബോണി കപൂറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്ന ബർദുബായ് പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. റാസൽ ഖൈമയിലെ വിവാഹാഘോഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് പോയ ബോണി കപൂർ വീണ്ടും ദുബായിലേക്ക് തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി ചോദിച്ച് മനസിലാക്കി. ചോദ്യം ചെയ്യലിനു ശേഷം ബോണി കപൂറിനെ ഹോട്ടലിലേക്ക് മടങ്ങാൻ പൊലീസ് അനുവദിച്ചു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നീളുകയാണെങ്കിൽ അത് അവസാനിക്കുന്നത് വരെ ബോണി കപൂർ യുഎഇയിൽ തുടരേണ്ടി വരുമെന്നാണ് സൂചന.