തമിഴ് സൂപ്പര്‍താരം അജിത്തിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു. വിവേഗം എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിനാണ് പരുക്കേറ്റത്.
വളരെ അപകടം പിടിച്ച സംഘട്ടനരംഗത്തിൽ ഡ്യൂപ്പിന് ഉപയോഗിക്കണമെന്ന് അണിയറപ്രവർത്തകർ നിർബന്ധിച്ചെങ്കിലും അജിത്ത് ഇതിന് തയ്യാറായില്ല. അപകടനം നടന്ന ഉടൻ താരത്തിന് പ്രാഥമിക ചികിത്സ നൽകി. എന്നാൽ അപകടവാർത്ത പുറത്തായാൽ ആരാധകർ അടക്കംവിഷമിക്കുന്നതിനാൽ ഒരുകാരണവശാലും മാധ്യമങ്ങൾ അറിയരുതെന്ന് അജിത്ത് പറഞ്ഞിരുന്നുവെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
വിവേഗത്തിന്റെ അവസാനഘട്ട ചിത്രീകരണം യൂറോപ്പില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു അപകടം. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്, വിവേക് ഒബ്റോയി തുടങ്ങിവരും അഭിനയിക്കുന്നുണ്ട്.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സാഹസിക രംഗങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത നടനാണ് സൂപ്പർതാരം അജിത്ത്. സിനിമയിലെ പല രംഗങ്ങളും ഡ്യൂപ്പുകളെ അരികിൽ മാറ്റി നിർത്തി അപകടം പിടിച്ച രംഗങ്ങളിൽ സ്വയം അഭിനയിക്കുകയാണ് പതിവ്.