ബാഹുബലി 2 വിന് േശഷം തെന്നിന്ത്യമുഴുവൻ ബ്രഹ്മാണ്ഡറിലീസുമായി എത്തുകയാണ് അജിത്തിന്റെ വിവേകം. ഏകദേശം 900 കേന്ദ്രങ്ങളിലാണ് ചിത്രം നാളെ എത്തുന്നത്. കേരളത്തിൽ മാത്രം മുന്നൂറിന് മുകളിൽ തിയറ്ററുകളിൽ എത്തും.
അപൂര്‍വമായി മാത്രമേ ഒരു തമിഴ് ചിത്രത്തിന് മലയാള ചിത്രങ്ങളേക്കാള്‍ വലിയ റിലീസ് ലഭിക്കാറുള്ളൂ. രജനീകാന്ത് ചിത്രം കബാലിയുടെ റെക്കോർഡുകൾ തകർത്തെറിയാനാകും അജിത്ത് ആരാധകർ ശ്രമിക്കുക.
അന്നേദിവസം മലയാളത്തിലും തമിഴിലും മറ്റുറിലീസുകളൊന്നും ഇല്ലെന്നതും വിവേകത്തിന് തുണയാകും. ആദ്യദിന കലക്ഷനിൽ കോടികൾ വീഴുമെന്ന് ഉറപ്പ്. സമീപകാലത്ത് തമിഴ് ചിത്രങ്ങൾക്ക് കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളത്തിൽ ഇനി ഓണം റിലീസായി മാത്രമേ ചിത്രങ്ങൾ റിലീസിനെത്തൂ.
20 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഇത് ആദ്യ ആഴ്ച്ചതന്നെ മറികടന്ന് ലാഭത്തിലേക്കാക്കാനാണ് അണിയറയില്‍നിന്നുള്ള ശ്രമം. നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടത്തിന്റെ മുളകുപാടം ഫിലിംസാണ് കേരളത്തില്‍ ചിത്രം റിലീസിനെടുത്തിരിക്കുന്നത്.
ശിവ എന്ന സംവിധായകനൊപ്പം അജിത് സഹകരിക്കുന്ന തുടര്‍ച്ചയായി രണ്ടാമത്തെ ചിത്രം, ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലനായി അഭിനയിക്കുന്നു എന്നിങ്ങനെയുള്ള പ്രത്യേകതകളു ചിത്രത്തിലുണ്ട്.
കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് സംഗീതം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്. ചിത്രത്തില്‍ അജിത് ഒരു ഇന്റര്‍ പോള്‍ ഓഫീസറായാണ് വേഷമിടുന്നത്. ചിത്രത്തിലെ ചില ബൈക്ക് സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെടെ അജിത് ഡ്യൂപ്പില്ലാതെ അഭിനയിച്ചതും വാര്‍ത്തയായിരുന്നു.