കാർത്തി പതിവില്ലാതെ ക്ലീൻ ഷേവിലാണ്. കണ്ടാൽ, പത്തിൽ പഠിക്കുന്ന പയ്യനാണെന്നേ പറയൂ. പുതിയ സിനിമയ്ക്കായാണ് ഈ രൂപമാറ്റം. പരുത്തിവീരനിലും കാഷ്മോരയിലും മദ്രാസിലുമൊക്കെ കണ്ട നായകരിൽനിന്നു വ്യത്യസ്തമാണു പുതിയ ഗെറ്റപ്പ്. മണിരത്നത്തിന്റെ ചിത്രത്തിലെ നായകനാണു കാർത്തിയിപ്പോൾ. പുതിയ ചിത്രമായ ‘കാട്രു വെളിയിടൈ’യുടെ വിശേഷങ്ങളുമായി കാർത്തി.
∙മണിരത്നത്തിന്റെ അസിസ്റ്റന്റ്
രണ്ടു വർഷം അദ്ദേഹത്തോടൊപ്പം സംവിധാന സഹായിയായി ജോലി ചെയ്തിട്ടുണ്ട്. ആയുധ എഴുത്തിനു വേണ്ടിയായിരുന്നു അത്. ഗുരുവിന്റെ തിരക്കഥ എഴുതുന്ന സമയത്തും ഒപ്പമുണ്ടായിരുന്നു. ആ സമയത്താണു സിനിമയിൽ അഭിനയിക്കാൻ പോയത്. പത്തു വർഷങ്ങൾക്കു ശേഷമാണു അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ഈ സിനിമയിൽ കാർത്തിയെ ആവശ്യമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. ക്യാപ്ടൻ വരുണായി മാറണമെന്നു പറഞ്ഞു തിരക്കഥ വായിക്കാൻ തന്നു. കഥ വായിച്ചതോടെ ഇത് എങ്ങനെ ചെയ്യുമെന്ന ആശങ്കയാണുണ്ടായത്. പരുത്തിവീരൻ, കൊമ്പൻ... ഞാൻ ചെയ്ത ഗ്രാമീണ വേഷങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകുക എന്നതു വെല്ലുവിളിയായാണു തോന്നിയത്.
∙വെല്ലുവിളി എങ്ങനെ അതിജീവിച്ചു
എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളെല്ലാം ഞാൻ മണി സാറിനോട് തുറന്നു പറഞ്ഞു. എന്നെക്കാളും ഈ വേഷം ചേരുക സഹോദരൻ സൂര്യയ്ക്കാണെന്നും പറഞ്ഞു. അദ്ദേഹം പക്ഷേ, വിടാൻ ഒരുക്കമല്ലായിരുന്നു. ഫൈറ്റർ പൈലറ്റ് ആകുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. വളരെ സങ്കീർണമാണ് അവരുടെ ജീവിതം. ആദ്യം ഫ്ളൈറ്റ് സിമുലേറ്ററുകളിൽ ചില അടിസ്ഥാന കാര്യങ്ങൾ പഠിച്ചെങ്കിലും വൈകാതെ വിങ് കമാൻഡറായ സുഹൃത്തിനൊപ്പം യഥാർഥ ഫൈറ്റർ പൈലറ്റുമാരെ പരിചയപ്പെടാൻ പോയി. യുദ്ധം ഉള്ളപ്പോൾ മാത്രം സജ്ജരാകുന്നവരല്ല പൈലറ്റുമാർ. പരിശീലന പറക്കൽ മുതൽ ദിവസവും അപകടങ്ങളുടെ നടുവിലാണ് അവരുടെ ജീവിതം. അതുകൊണ്ടു തന്നെ എപ്പോഴും തീവ്രമായ ആത്മവിശ്വാസം അവർക്കുണ്ട്. അതു നൽകുന്ന ബോൾഡ്നെസ് വലുതാണ്. ആ ഒരു ഫ്ളേവർ ചിത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
∙തയാറെടുപ്പുകൾ
കഥ വായിച്ച ഷോക്കിൽ, തയാറെടുപ്പിനു സമയം വേണമെന്നു മണിസാറിനോടു പറഞ്ഞിരുന്നു. കാരണം പൈലറ്റുമാരുടെ ജീവിതരീതിയൊക്കെ പഠിക്കാൻ സമയം ആവശ്യമായിരുന്നു. ഫൈറ്റർ പൈലറ്റുമാർ എപ്പോഴും ശാരീരികമായി ഫിറ്റാണ്. കൃത്യമായ ഇടവേളകളിൽ അവരുടെ ഫിറ്റ്നസ് വിലയിരുത്തും. ഭാരം കൂടാൻ പാടില്ല. ഞാൻ ഏഴു കിലോഗ്രാമോളം കുറച്ചു.
∙അദിതി റാവു
ഭാഷയറിയാതെയാണ് അദിതി അഭിനയിക്കുന്നത്. ഡയലോഗുകൾ പൂർണമായി മനഃപാഠമാക്കിയാണു വരിക. അഞ്ചു സീൻ വീതമാണ് ഒരോ ദിവസവും ഷൂട്ട് ചെയ്യുന്നത്. ചില സീനുകൾ ഒറ്റ ഷോട്ടിലാണ്. പല സീനുകളും ഞങ്ങൾ ചർച്ച ചെയ്തു ചെയ്തിട്ടുണ്ട്. നല്ല നർത്തകിയാണ് അദിതി.
∙ സംവിധാന സഹായിയിൽനിന്നു നായകനിലേക്ക്
മണിരത്നം ചിത്രങ്ങളിൽ പശ്ചാത്തലത്തിൽ വരുന്ന ചെടികളും മഞ്ഞുതുള്ളികളും വരെ സിനിമയിൽ അഭിനയിക്കുകയാണ്. കണ്ണാടിയുടെ പ്രതിഫലനം പോലും സിനിമയുടെ ഭാഗമാക്കാൻ കഴിയുന്ന മാജിക്കുള്ള സംവിധായകനാണ് അദ്ദേഹം. രവിവർമൻ സാറായിരുന്നു ക്യാമറ. പെയിന്റിങ് പോലെ മനോഹരമാണ് ഓരോ ഷോട്ടും. ഗുഡ്, രവിയെന്നു മണിരത്നം പറയുമ്പോൾ രവിവർമൻ സാറിന് ഭയങ്കര സന്തോഷമാണ്.
∙ക്യാപ്ടൻ വരുൺ
സിനിമയിലെ രണ്ടു കഥാപാത്രങ്ങളും കവിത ഏറെ ആസ്വദിക്കുന്നവരാണ്. എനിക്കു കവിത അടുത്തുകൂടി പോയിട്ടില്ല. മണിസാർ അതിന്റെ അർഥം പറഞ്ഞുതരും. ഈ കഥാപാത്രത്തിനു കവിത മനസ്സിലാക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നു മനസ്സിലായതോടെ അതും പഠിച്ചെടുക്കാൻ ശ്രമിച്ചു. കവിതാ ശകലങ്ങളിലൂടെ ഇടയ്ക്കു കാര്യം പറയുന്ന കൂട്ടത്തിലാണു ക്യാപ്ടൻ വരുൺ. ഒട്ടേറെ സ്ഥലങ്ങളിൽ വരുൺ നിശബ്ദനാണ്. ആ നിശബ്ദതയ്ക്ക് ഏറെ അർഥതലങ്ങളുണ്ട്. ഡബ് ചെയ്യുന്ന സമയത്ത് ആ സീനുകൾ കണ്ടപ്പോൾ ഇതു ഞാൻ തന്നെയാണോയെന്ന അത്ഭുതത്തിലായിരുന്നു. എയർഫോഴ്സിൽ 10 വർഷം ജോലി ചെയ്ത പൈലറ്റിന്റെ പ്രണയ കഥയാണിത്.
∙എ.ആർ. റഹ്മാന്റെ പാട്ടുകൾ
പാട്ടു കേട്ടപ്പോൾ ഞാൻ മണിസാറിനോട് പറഞ്ഞു, ഇത് തൊണ്ണൂറുകളിലെ റഹ്മാൻ പാട്ടുകളെ ഓർമിപ്പിക്കുന്നു എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത്, ഇത് ഒരു ക്ലാസിക് ലവ് സ്റ്റോറിയാണ്. ഇതിനു പറ്റുന്ന പാട്ടുകളാണു ചിത്രത്തിനുള്ളതെന്നാണ്.. ഒന്നര ദിവസം കൊണ്ടാണു പാട്ടുകൾ ലഡാക്ക് ഉൾപ്പെടെയുള്ള ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്തത്. സാധാരണ സിനിമകളിൽ നാലും അഞ്ചും ദിവസമാണു പാട്ടിനായി ഷൂട്ട് െചയ്യുന്നത്.