കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ചില്ലെങ്കിലും എല്ലാ സിനിമക്കാർക്കും പറയാനുണ്ടാകും കുറേ അലച്ചിൽ കഥകൾ. കഥ കേൾക്കുന്ന നടന്റെ അല്ലെങ്കിൽ സംവിധായകന്റെ മൂഡാണ് സിനിമയിലേക്കുള്ള വാതിൽ. അങ്ങനെ സിനിമക്കാരനാകാൻ നടക്കുന്നവരുടെ കഥ പറഞ്ഞ ‘സൺഡേ ഹോളിഡേ’ വിജയത്തിന്റെ 30 ദിവസവും പിന്നിട്ടു. സിനിമയിൽ ഒരു സിനിമ– അതാണു സൺഡേ ഹോളിഡേ. സംവിധായകനായിത്തന്നെ അഭിനയിക്കുന്ന ലാൽ ജോസിനെ കാണാൻ ശ്രീനിവാസന്റെ കഥാപാത്രം പോകുന്ന ആ പോക്കുണ്ടല്ലോ. അപ്പോഴത്തെ ടെൻഷൻ, പേടി, മൂഡ് ശരിയാക്കാൻ നടത്തുന്ന പ്രാർഥന, നേർച്ചകൾ... അതെല്ലാം ജീവിതത്തിൽ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട് സംവിധായകൻ ജിസ് ജോയി. അതുകൊണ്ടു സിനിമയിലുള്ളതു കൂടുതലും അനുഭവങ്ങൾ തന്നെ.
ഇതു കൊള്ളാടോ...
ശ്രീനിവാസനെപ്പോലെ ഒരു സിനിമാ എഴുത്തുകാരനു മുൻപിൽ സ്ക്രിപ്റ്റുമായി പോയപ്പോൾ ചങ്കിടിച്ചു. കഥ പറഞ്ഞ രണ്ടു മണിക്കൂറും നിർവികാരനായിരുന്നു ശ്രീനിവാസൻ. കഥ ഇഷ്ടപ്പെട്ടോ.. അതോ ചീത്ത പറയുമോ... ഒന്നും മനസ്സിലാകുന്നേയില്ല. അവസാനം അദ്ദേഹം കാര്യമായ ഭാവവ്യത്യാസമൊന്നുമില്ലാതെ പറഞ്ഞു, ഇതു കൊള്ളാടോ..ജിസിനു കൃത്യമായി കാര്യം പിടികിട്ടി. ഒന്നാന്തരം ആക്കലാണ്. വിശ്വാസമാവാത്തതു കൊണ്ടു തന്നെ ചോദിച്ചു.. സാർ ശരിക്കും കൊള്ളാമോ? ഉത്തരം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലായി.. പിന്നെ താനെന്റെ കുഞ്ഞമ്മേടെ മോനല്ലേ.. തമാശ പറഞ്ഞു കളിക്കാൻ.. കൊള്ളാം എന്നു പറഞ്ഞാൽ കൊള്ളാം അത്ര തന്നെ.
പുറകിൽ നിൽക്കുന്നേയുള്ളു!
ലാൽ ജോസിനെ സമീപിച്ചപ്പോഴും സ്ഥിതി ഇതുതന്നെ. അഭിനയിച്ചിട്ടുണ്ടെന്നുള്ളതു ശരിയാണ്. പക്ഷേ സിനിമയ്ക്കു പിന്നിൽ നിൽക്കാനാണു താൽപര്യമെന്നു കട്ടായം പറഞ്ഞു. അവസാനം സ്ക്രിപ്റ്റ് വായിക്കാൻ സമ്മതിച്ചു. വായിച്ചുകേട്ടപ്പോൾ രണ്ടേ രണ്ടു വാക്ക്–നല്ല സിനിമയാണ്, ചെയ്യാം.
വിനീത് പറഞ്ഞ കഥ
സൺഡേ ഹോളിഡേ ഹിറ്റായപ്പോൾ വിനീത് ശ്രീനിവാസൻ വിളിച്ചു. പണ്ടു കല്യാണം ക്ഷണിക്കാൻ വിളിച്ചതിനു ശേഷമുള്ള ആദ്യത്തെ വിളി. വിശേഷങ്ങളൊക്കെ ചോദിച്ചു കഴിഞ്ഞപ്പോൾ വിനീത് പറഞ്ഞു, അതേ ... ജിസിന്റെ പടത്തിൽ അഭിനയിക്കുന്ന സമയത്ത് ഒരു ദിവസം രാത്രി എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ പറഞ്ഞു... ഞാൻ ഒരു ഓടുന്ന സിനിമയിൽ അഭിനയിക്കുകയാണെന്ന്... ഈ ഡയലോഗ് മുൻപു കേട്ടു ശീലമില്ലാത്തതിനാൽ എല്ലാവരും ഒന്നു പരസ്പരം നോക്കിയത്രേ.
നന്മയുള്ള സിനിമ
പൈപ്പ് വെള്ളം സ്റ്റേജ് കഴിഞ്ഞപ്പോൾ പിന്നെ സിനിമ എന്ന ചിന്ത മാത്രമായി. രണ്ടാമത്തെ സിനിമയാണിത്. ആസിഫലി ഒരു സഹോദരനെപ്പോലെ കൂടെയുണ്ട്. അതുകൊണ്ട് ഒന്നു പറയേണ്ട കാര്യമേയുള്ളു. വീടുവീടാന്തരം കയറിയിറങ്ങി കച്ചവടം നടത്തുന്ന നായികയുടെ റോളിലേക്ക് പണ്ട്, കഥ എഴുതുമ്പോൾ തന്നെ മഹേഷിന്റെ പ്രതികാരത്തിലെ നായികയെ മതിയെന്നു തീരുമാനിച്ചിരുന്നു. അലൻസിയറുമായി നേരത്തേ പരിചയമുണ്ട്. സംവിധായകനാകുന്നതിനു മുൻപും ശേഷവും ജിസ് ഒരു പരസ്യ സംവിധായകനായിരുന്നു. അലൻസിയറിനെ വച്ചു പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ സിനിമയിലേക്കു കടന്നു. നന്മയുള്ള സിനിമ ചെയ്യണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്തുകൊണ്ടും ഒരു ഫീൽ ഗുഡ് മൂവി. ദ്വയാർഥങ്ങളും അശ്ലീലങ്ങളുമില്ലാത്ത കുടുംബപ്രക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമ. നന്മ നിറഞ്ഞ കഥാപാത്രങ്ങൾ. സിനിമയിൽ വില്ലനില്ല. നെഗറ്റീവ് കഥാപാത്രമെന്നു തോന്നുന്നവരോടു പോലും പ്രേക്ഷകർക്കു സ്നേഹം തോന്നും. കോമഡിക്കു വേണ്ടി കോമഡിയുമില്ലാത്ത ഒരു സിനിമ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം.
പാട്ടു നോക്കി, നോക്കാതെ
മൂന്നു പാട്ടുകളും സംവിധായകൻ എഴുതിയതാണ്. അതിൽ ബാറിൽ വച്ച് ധർമജൻ പാടുന്ന പാട്ട് എഴുതിയത് 20 മിനിറ്റ് എടുത്താണ്. ദീപക് ദേവിന്റെ പ്രചോദനം കൊണ്ടാണു ജിസ് പാട്ടെഴുത്തുകാരൻ കൂടിയായത്. ബാറിലെ പാട്ട് സാഹചര്യത്തിനു ചേർന്നതാകണം എന്ന ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു. അർഥമുണ്ടാകാൻ പാടില്ല. വരികളിൽ ഒരു അന്തവും കുന്തവും ഉണ്ടാകരുത്. നാളെ മലയാളത്തെ അപമാനിച്ചു എന്ന പഴി കേട്ടാൽപോലും കൂളായി എടുക്കണം. കാരണം ആ പാട്ടിന്റെ സാഹചര്യം ഇതാണ്. ട്യൂൺ ചെയ്തു കഴിഞ്ഞു വെറും 20 മിനിറ്റിൽ പാട്ടെഴുതി തീർക്കാൻ ആവശ്യപ്പെട്ടതു ദീപക് ദേവാണ്. അതിലും കൂടുതൽ സമയമെടുത്താൽ, ഒരു വട്ടമെങ്കിലും ചിന്തിച്ചാൽ സംഗതി കാവ്യാത്മകം ആകും. അത് ആവരുത്. എന്തായാലും സിനിമയ്ക്കൊപ്പം പാട്ടുകളും സൂപ്പർ ഹിറ്റാണ്.
എറണാകുളം പാലാരിവട്ടം വാഴക്കാല സ്വദേശിയാണ് ജിസ് ജോയി. പരസ്യ സംവിധായകനായാണു തുടക്കം. ചെരിയിൽ തോമസ് ജോയിയുടെയും പുഷ്പയുടെയും മകനാണ്. നൈജിയാണ് ഭാര്യ. യോഹനും നിതാരയും മക്കൾ.