അന്നു മലയാള സിനിമയില്‍ ഒരേ ഒരു സിംഹാസനമേ ഉണ്ടായിരുന്നുള്ളൂ. കിരീടത്തിനു പകരം തൂവല്‍ പോലെ വെളുവെളുത്തൊരു തൊപ്പിയും വച്ച് അതീവ ശാന്തനായി ആ സിംഹാസനത്തിലിരുന്ന് ഒരു കൊച്ചു മനുഷ്യന്‍ മലയാള സിനിമാ വ്യവസായത്തെ തന്റെ വിരല്‍ തുമ്പാല്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. തൊട്ടതെല്ലാം ഹിറ്റാകുമെന്ന് ഏതോ ദേവത വരം നല്‍കിയതുപോലെ ഒരു സംവിധായകന്‍. ഇരുപ്പംവീട് ശശിധരന്‍ എന്ന ഐ.വി. ശശി.
വനിത മാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്നും
സംവിധായകന്‍ എന്ന തലയെടുപ്പിനു മുന്നില്‍ മലയാള സിനിമ നട്ടെല്ലു നിവര്‍ത്തി നിന്നിരുന്ന കാലമായിരുന്നു അത്. ഐ.വി. ശശിയുടെ മാന്ത്രികവിരലുകളാല്‍ ഒരു സിനിമ വാര്‍ത്തെടുത്തു കിട്ടാന്‍ നിര്‍മാതാക്കള്‍ എത്രനാള്‍വേണമെങ്കിലും കാത്തിരിക്കാന്‍ തയാറായി. സോമന്‍, ജയന്‍, രതീഷ്, മമ്മൂട്ടി, ശ്രീദേവി, സീമ... പ്രതിഭയുടെ പൊന്‍വെട്ടം കൊണ്ട് മലയാളത്തില്‍ പിന്നീട് മുത്തുപോലെ തിളങ്ങിയ അഭിനയപ്രതിഭകളെ സിനിമയെന്ന മഹാസാഗരത്തില്‍ നിന്ന് മുങ്ങിയെടുത്തു കൊണ്ടുവന്നു ആ മാസ്റ്റര്‍ സംവിധായകന്‍. തെന്നിന്ത്യയില്‍ നിന്ന് ആദ്യമായി അമേരിക്കയില്‍ ചിത്രീകരിച്ച ചലച്ചിത്രം തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ അല്ല. ഏഴാംകടലിനക്കരെ എന്ന ഐ.വി. ശശി ചിത്രമാണ്. നാലു ദശകങ്ങളില്‍, വിവിധ ഭാഷകളിലൂടെയുള്ള ജൈത്രയാത്ര. മലയാള സിനിമയ്ക്ക് ഏറ്റവും അധികം ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകന്‍ എന്ന റെക്കോഡും ഈ അദ്ഭുത ചലച്ചിത്രകാരന് സ്വന്തം. 150 ഓളം സിനിമകള്‍. 1977ല്‍ ആണ് 'സംവിധാനം ഐ.വി. ശശി' എന്ന തിളങ്ങുന്ന ടൈറ്റില്‍ കാര്‍ഡുമായി ഏറ്റവുമധികം സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നത്. ഇതാ ഒരു മനുഷ്യന്‍, വാടകയ്ക്കൊരു ഹൃദയം, ഇനിയും പുഴ ഒഴുകും.... ആ പന്ത്രണ്ടു സിനിമകളില്‍ മുഴുവനും സൂപ്പര്‍ഹിറ്റ്! മലയാള സിനിമ ഐ.വി. ശശി എന്ന വിസ്മയപ്രതിഭയെ മാത്രം ചുറ്റി ഭ്രമണം ചെയ്തിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകി അദ്ദേഹം ഇരിപ്പിടത്തില്‍ ഒരുവശം ചാഞ്ഞ് കൈകളില്‍ മുഖം ചേര്‍ത്തിരുന്നു. പിന്നെ, മുങ്ങി നിവരും പോലെ മുഖമുയര്‍ത്തി അതിസമ്പന്നമായ ഭൂതകാലം ഇരമ്പുന്ന കണ്ണുകളോടെ പറഞ്ഞു.

"ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ മൂന്നോ നാലോ ഗ്രൂപ്പ് സിനിമാക്കാര്‍ തങ്ങുമായിരുന്നു. പത്മരാജന്‍, ജോണ്‍പോള്‍, ആലപ്പി ഷെരീഫ് തുടങ്ങിയ തിരക്കഥാകൃത്തുകള്‍ വിവിധ ചിത്രങ്ങളുടെ പണിപ്പുരയിലായിരിക്കും. അതേ ഹോട്ടലിന്റെ വേറൊരു മുറിയില്‍ എന്റെ മറ്റൊരു ചിത്രത്തിന്റെ മ്യൂസിക് കംപോസിങ് നടക്കുന്നുണ്ടാവും... അന്ന് ഹൈദരാബാദില്‍ ചിത്രീകരിച്ചാല്‍ സിനിമകള്‍ക്ക് സബ്സിഡി കിട്ടുന്നതുകൊണ്ട് ഷൂട്ടിങ് മാത്രം ഹൈദരാബാദിലും ബാക്കിജോലികള്‍ മദ്രാസിലും ആണ്. പകല്‍ ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഫ്ളൈറ്റില്‍ മദ്രാസിലേക്കു പോരും. ഉറക്കമില്ലാത്ത രാത്രികള്‍ എന്നു പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ സത്യമാണ്, ആ ഒന്നര മണിക്കൂര്‍ ഫ്ളൈറ്റ് യാത്രയിലാണ് ഞാന്‍ അല്‍പം ഉറങ്ങിയിരുന്നത്."
സിനിമയെ വെല്ലുന്ന ജീവിതകഥ
സിനിമയോടുള്ള അഭിനിവേശം മൂത്ത് ഇരുപതാം വയസ്സില്‍ മദ്രാസിലേക്കു ട്രെയിന്‍ കയറിയ ശശിധരന്‍ എന്ന യുവാവ് പിന്നെ നേര്‍ക്കുനേര്‍ നിന്നത് സ്വന്തം സിനിമകളിലെ നാടകീയ മുഹൂര്‍ത്തങ്ങളെ വെല്ലുന്ന ജീവിതമുഹൂര്‍ത്തങ്ങളോടായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഒരു കല്യാണവീട്ടില്‍ വച്ച് ബന്ധു കൂടിയായ എസ്. കൊന്നനാട്ട് എന്ന പ്രശസ്തനായ കലാസംവിധായകനെ പരിചയപ്പെട്ടു. സിനിമയില്‍ ആര്‍ട്ട് ഡയറക്ടറായി ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന സ്വപ്നം ശശി തുറന്നു പറഞ്ഞു. നോക്കാം, ആദ്യം പഠിത്തം കഴിയട്ടെ എന്നായി സ്വാമിനാഥന്‍ എന്ന കൊന്നനാട്ട്.
ആയിടയ്ക്ക് കോളജില്‍ നിന്ന് ചെയ്യാത്ത കുറ്റത്തിന് ഞാന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. അപമാനഭാരം മൂലം വീട്ടുകാരെ അഭിമുഖീകരിക്കാന്‍ മടി. കയ്യില്‍ കിട്ടിയതെല്ലാം പെട്ടിയിലാക്കി വീടിന്റെ പിന്‍വാതിലിലൂടെ ഇറങ്ങി. അയല്‍പക്കത്തെ പെട്ടിക്കടയില്‍ ചെന്ന് അമ്പതുരൂപ വാങ്ങി തൃശൂര്‍ക്ക് ട്രെയിന്‍ കയറി. സുഹൃത്തിന്റെ വീടായിരുന്നു ലക്ഷ്യം. വണ്ടി ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്നപ്പോള്‍ അടുത്ത പ്ളാറ്റ്ഫോമില്‍ മാംഗൂര്‍- മദ്രാസ് ട്രെയിന്‍ കിടക്കുന്നു. ഒന്നും ആലോചിക്കാതെ അതില്‍ കയറി. ജീവിതത്തില്‍ മുന്നോട്ട് ഒരു കുതിപ്പെടുക്കുമ്പോള്‍ എപ്പോഴും രണ്ടു വഴികള്‍ സമാന്തരമായി എന്റെ മുന്നില്‍ തുറക്കാറുണ്ട്. അന്നും അങ്ങനെയായിരുന്നു. രണ്ടു തീവണ്ടികള്‍. ഞാന്‍ സിനിമയിലേക്കുള്ള വണ്ടി തിരഞ്ഞെടുത്തു.

മദ്രാസില്‍ എവിടെയാണ് സ്വാമിയേട്ടന്‍ താമസിക്കുന്നത് എന്നറിയില്ല. കോഴിക്കോട്ടെ ഒരു വലിയ തറവാട്ടില്‍ സമൃദ്ധിയുടെ നടുവില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ ആകെയുള്ള അമ്പതുരൂപ ചെലവാകുമല്ലോ എന്ന ഭയം മൂലം ഭക്ഷണം പോലും വാങ്ങാന്‍ മടിച്ചു. വിശന്നും അലഞ്ഞും നടക്കുമ്പോള്‍ സിനിമയുടെ ബാനറുകള്‍ വരയ്ക്കുന്ന ഒരു ഷെഡ്ഡ് കണ്ടു. വലിയ ബാനറുകള്‍ കൈകൊണ്ട് പെയ്ന്റ് ചെയ്താണ് തിയറ്ററുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രകല പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ വരയ്ക്കാന്‍ അവസരം തന്നു. ഏണിയുടെ മുകളില്‍ കയറിനിന്ന് വരയ്ക്കാന്‍ ഞാന്‍ ആവതും ശ്രമിച്ചു. ആ ചിത്രത്തില്‍ നായികയുടെ കണ്ണിനുപോലും എന്നേക്കാള്‍ വലുപ്പമുണ്ട്. കൈകള്‍ വിറച്ചു. പെയ്ന്റ് ചിത്രത്തിലേക്ക് ചിതറിവീണു. ഒരാള്‍ ബ്രഷ് പിടിച്ചു വാങ്ങി 'പോടാ, പോ' എന്ന് അലറി. എവിടെ പോകാന്‍? ആ ഷെഡ്ഡില്‍ കീറിയ കാന്‍വാസില്‍ വെറും വയറുമായി ഞാന്‍ കിടന്നുറങ്ങി.

ഏറെനാള്‍ അലഞ്ഞു നടന്നിട്ടാണ് സ്വാമിയേട്ടനെ കണ്ടെത്താനായത്. ആരോടും പറയാതെ വീടു വിട്ടതിന് ഒരുപാട് വഴക്കു കേട്ടെങ്കിലും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി തുടരാന്‍ അനുവദിച്ചു. ഒരിക്കല്‍ പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്റെ സിനിമയ്ക്കുവേണ്ടി സ്റ്റുഡിയോയില്‍ ഒരു ടെറസിന്റെ സെറ്റിടാന്‍ തിരക്കുമൂലം സ്വാമിയേട്ടന്‍ എന്നോട് ആവശ്യപ്പെട്ടു. ആകാശവും കിളികളും മരങ്ങളുമെല്ലാം പെയ്ന്റ് ചെയ്തു വയ്ക്കുകയാണ് പതിവ്. പക്ഷേ, ക്യാന്‍വാസില്‍ നീലനിറവും മേഘങ്ങളെ സൂചിപ്പിക്കാന്‍ അല്‍പം വെള്ള നിറവും മാത്രം ഞാന്‍ നല്‍കി. ഉയരം സൂചിപ്പിക്കാന്‍ ഒരു വലിയ തെങ്ങിന്റെ തലപ്പ് വെട്ടിക്കൊണ്ടുവന്ന് അടുത്തു സ്ഥാപിച്ചു. കൂടുതല്‍ റിയലിസ്റ്റിക്കായ ആ സംവിധാനം സേതുമാസ്റ്റര്‍ക്ക് ഇഷ്ടമായി. ആര്‍ട്ട് ഡയറക്ടര്‍ എന്ന നിലയില്‍ ഇഷ്ടംപോലെ സിനിമകളിലേക്ക് എന്നെ വിളിച്ചു തുടങ്ങി.
സുഹൃത്തും കോളജില്‍ എന്റെ സീനിയറുമായിരുന്ന ഹരിഹരന്‍ അന്ന് മദ്രാസില്‍ പല സിനിമകളിലും അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നുണ്ട്. എ.ബി. രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ ഡീലക്സ് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജോലി, തിരക്കുമൂലം ഹരിഹരന്‍ എന്നെ ഏല്‍പ്പിച്ചു. ഒരു പക്ഷേ, മലയാളത്തിലെ ആദ്യ റോഡ്മൂവി ആയിരുന്നിരിക്കണം കണ്ണൂര്‍ ഡീലക്സ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഓടുന്ന ഒരു ബസ്സില്‍ സംഭവിക്കുന്ന കഥയാണത്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ തന്നെ ബസ്സുകള്‍ തിരിച്ചും മറിച്ചും ക്രമീകരിച്ചാണ് കൊല്ലം, ആറ്റിങ്ങല്‍ തുടങ്ങി എല്ലാ സ്റ്റേഷന്റെയും സെറ്റിടുന്നത്. വിഷമകരമായ ചിത്രീകരണത്തിനൊടുവില്‍ ചിത്രം എഡിറ്റ് ചെയ്തപ്പോള്‍ കൊല്ലത്ത് ഇറങ്ങേണ്ടവര്‍ തൃശൂരിലും വണ്ടിയില്‍ ഇരിപ്പുണ്ട്. അതോടെ പിഴവുകളെല്ലാം തുടക്കക്കാരനായ എന്റെ തലയിലായി. എങ്കില്‍ സംവിധാനം ഒന്നു പഠിച്ചേ പറ്റൂ എന്നു വാശിയായി. ആര്‍ട്ട് ഡയറക്ടറുടെ ജോലി കഴിഞ്ഞ് ബാക്കി സമയം സംവിധായകന്‍ എന്തു ചെയ്യുന്നു എന്നു നിരീക്ഷിക്കാന്‍ തുടങ്ങി. കാമറ എവിടെ വയ്ക്കുന്നു? എങ്ങനെ സീനുകള്‍ തയാറാക്കുന്നു... എല്ലാം നോക്കി പഠിച്ചു തുടങ്ങി.
നൃത്ത സംവിധായകന്‍ തങ്കപ്പന്‍ മാസ്റ്ററുടെ അസിസ്റ്റന്റ് കമലഹാസനാണ് അന്ന് എന്റെ ആത്മ സുഹൃത്ത്. അയാളുടെ വീടിന്റെ രണ്ടുവാര അപ്പുറമാണ് ഞാന്‍ താമസിക്കുന്ന സമാ ലോഡ്ജ്. ഞങ്ങളൊരുമിച്ച് ഒഴിവു ദിനങ്ങളില്‍ നാലുമൈല്‍ അകലെയുള്ള തിയറ്ററില്‍ സിനിമ കാണാന്‍ പോകും. മറ്റുഭാഷാ ചിത്രങ്ങളില്‍, പ്രത്യേകിച്ച് ഇംഗീഷ് ചിത്രങ്ങളിലും മറ്റും എത്ര മനോഹരമായ ഷോട്ടുകള്‍ ഉണ്ട്. ഞാന്‍ കമലിനോട് ചോദിക്കും, എന്താ മലയാള സിനിമയില്‍ മാത്രം സ്റ്റാന്‍ഡില്‍ ഉറപ്പിച്ച കാമറയിലൂടെ സിനിമ പിടിക്കുന്നത്? എന്താ ട്രോളി ഒരിക്കല്‍ വച്ചാല്‍ കാമറ അതില്‍ നിന്ന് ഇറക്കാത്തത്? ഇതല്ല സിനിമ എന്ന് ചിത്രീകരണം കാണുമ്പോള്‍ ആരോ മനസ്സിലിരുന്ന് പറയും. പക്ഷേ, ഉറക്കെ പറയാന്‍ മടി. ഉള്ള കഞ്ഞി കൂടി ഇല്ലാതായാലോ?
ഞങ്ങള്‍ക്കു മനസ്സിലായി, ഇതാണ് സിനിമ
ന്യൂജനറേഷന്‍ സിനിമ എന്ന വാക്കിന്റെ അര്‍ഥം മാറ്റത്തിന്റെ സിനിമ എന്നാണെങ്കില്‍ മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ സംവിധായകന്‍ ഐ.വി. ശശി ആയിരിക്കും. നസീറും മധുവും ഇല്ലാത്ത ഒരു ഹിറ്റ് ചിത്രത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത കാലഘട്ടത്തില്‍ അദ്ദേഹം കൊടും വില്ലനായ കെ.പി. ഉമ്മറിനെ നായകനാക്കി ആദ്യ സിനിമ ചെയ്തു. 'ഉത്സവം' എന്ന ആ ചിത്രം ചുറ്റും സര്‍വത്ര വെള്ളമുണ്ടായിരുന്നിട്ടും കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാത്ത കൊച്ചിയിലെ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞു. അതുവരെ കള്ളനും പോലീസും കഥകള്‍ മാത്രം കണ്ടു ശീലിച്ച മലയാളി പ്രേക്ഷകര്‍ തങ്ങളുടെ ജീവിതത്തോടും ചേര്‍ന്നു നില്‍ക്കുന്ന ആ കഥയേയും കഥാപാത്രങ്ങളേയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് അറിയാതെ പറഞ്ഞുപോയി, ഇതാണ് സിനിമ.
രണ്ടു സിനിമകള്‍ പേരു വയ്ക്കാതെ ചെയ്ത ശേഷമാണ് ഉത്സവം എന്ന ചിത്രം പേരു വച്ച് ചെയ്യാന്‍ അവസരം വന്നത്. ഉമ്മുക്കയോട് നായകനാകാമോ എന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കെന്താ വട്ടുണ്ടോ? എന്നാണു ചോദിച്ചത്. "നസീറിനെ വിളിച്ചാല്‍ അസലാവും. വല്ല ബലാല്‍സംഗ സീനും ഉണ്ടെങ്കില്‍ ഞാന്‍ ചെയ്യാമെന്നായി ഉമ്മുക്ക. പക്ഷേ, വ്യത്യസ്തമായ ചിത്രമേ ചെയ്യൂ എന്ന തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു. അവസാനം ഉമ്മുക്ക വഴങ്ങി. ശ്രീവിദ്യ മാത്രമാണ് അറിയപ്പെടുന്ന നടി. പിന്നെ ചെറിയ റോളുകളില്‍ ഒതുങ്ങി നിന്നിരുന്ന സോമന്‍, രാഘവന്‍, സുകുമാരന്‍ തുടങ്ങിയവരാണ് പ്രധാന റോളുകളില്‍. ഒരു വര്‍ഷം വിതരണത്തിന് ആളെക്കിട്ടാതെ ആ ചിത്രം പെട്ടിയിലിരുന്നു. അവസാനം കലാനിലയം കൃഷ്ണന്‍ നായര്‍ വിതരണത്തിന് ഏറ്റെടുക്കുകയായിരുന്നു. റിലീസ് ചെയ്ത ദിവസം കോഴിക്കോട് രാധാ തിയേറ്ററിന്റെ എതിര്‍വശത്തുള്ള ലോഡ്ജിന്റെ വരാന്തയില്‍ ഞാനും മുരളീമൂവീസ് രാമചന്ദ്രനും ഉറങ്ങാതെ കാത്തിരുന്നു. ആദ്യ ഷോയ്ക്ക് അഞ്ചോ പത്തോ പേരാണ് കയറിയത്. സെക്കന്റ് ഷോയ്ക്ക് കുറച്ചുകൂടി ആളുവന്നു. തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് ആലപ്പുഴയിലെ സ്റ്റാറ്റസ് വിളിച്ചറിയിച്ചു. വലിയ പ്രതീക്ഷ ഒന്നും വേണ്ട എന്ന മട്ടില്‍. പക്ഷേ, ഞായറാഴ്ച മാറ്റിനിക്ക് തിയറ്റര്‍ നിറഞ്ഞ് ആള്. തിയറ്ററിന്റെ വാതിലുകള്‍ അടയുന്നതും ഹൌസ്ഫുള്‍ എന്ന ബോര്‍ഡ് കൊണ്ടുവന്നു തൂക്കുന്നതും ഞങ്ങള്‍ വരാന്തയുടെ അഴികളില്‍ പിടിച്ച് നോക്കിനിന്നു. നിറഞ്ഞു തൂവിയ കണ്ണുകള്‍ തുടക്കാനാവാതെ വിതുമ്പുകയും ചിരിക്കുകയും ചെയ്തു.
രണ്ടാമത്തെ സിനിമ 'അനുഭവം' തികച്ചും വ്യത്യസ്തമായ ഒരു കുടുംബ കഥയായിരുന്നു. ചിത്രത്തില്‍ നായികയാകാന്‍ ഒരു പഴയ ബാലതാരത്തെയാണ് നിശ്ചയിച്ചത്. നക്ഷത്രക്കണ്ണുള്ളവള്‍, ശ്രീദേവി. തനിക്കുവച്ചിരുന്ന റോള്‍ ജയഭാരതിക്കു നല്‍കേണ്ടി വന്നു എന്നറിഞ്ഞ് അവള്‍ അന്ന് പൊട്ടിക്കരഞ്ഞു. അതു കണ്ട വേദനയില്‍ അടുത്ത ചിത്രത്തില്‍ നീയാണ് നായിക എന്നവള്‍ക്ക് ഞാന്‍ വാക്കു നല്‍കി. ആലിംഗനം എന്ന ചിത്രം ഹിറ്റായതോടെ ശ്രീദേവി എന്ന നായിക തെന്നിന്ത്യയുടെ സുവര്‍ണ താരമായി മാറി.
ഇതാ ഇവിടെവരെ എന്ന ചിത്രത്തില്‍ തോണിക്കാരനായി അഭിനയിക്കാന്‍ വന്നതാണ് ജയന്‍. ഒത്ത ആകാരം. നല്ല പെരുമാറ്റം. ചെറിയ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും സിനിമയുടെ ചിത്രീകരണം കഴിയും വരെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് സെറ്റില്‍ തന്നെ നില്‍ക്കുന്ന ആ ചെറുപ്പക്കാരനെ എനിക്കു സ്നേഹിക്കാതിരിക്കാനായില്ല. അങ്ങാടിയില്‍ നായകനായതോടെ ജയന്‍ ജനപ്രിയ നായകനായി മാറി. അന്നൊക്കെ മിക്ക ദിവസവും വീട്ടില്‍ ഞാന്‍ ഉറക്കമുണര്‍ന്നു വരുമ്പോള്‍ കാണുന്ന കാഴ്ച എന്റെ അമ്മ ജയനു പ്രാതല്‍ വിളമ്പുന്നതായിരിക്കും.
ജയനെ നായകനാക്കി തുഷാരം എന്ന ചിത്രം പ്ളാന്‍ ചെയ്തുവച്ചിരിക്കുന്ന സമയം. കശ്മീരില്‍ ലൊക്കേഷന്‍ തീരുമാനിച്ച് എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് ആകസ്മികമായ ആ അപകടമരണം. ചിത്രം ഉപേക്ഷിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. രതീഷ് എന്ന പയ്യന്‍ പെട്ടെന്നു ശ്രദ്ധയില്‍പെട്ടു. അവന്റെ കണ്ണുകള്‍ക്ക് എന്തോ ഒരു മാസ്മരികതയുണ്ടായിരുന്നു. പക്ഷേ, ജയനു വേണ്ടി സൃഷ്ടിച്ച കഥാപാത്രമാണ്. നൃത്തവും സ്റ്റണ്ടും അറിയാത്ത രതീഷിനെ എങ്ങനെ കഥാപാത്രത്തിലേക്ക് കൊണ്ടു വരും? നുങ്കംപാക്കത്തെ എന്റെ വീടിന്റെ ടെറസ്സ് രതീഷിന്റെ അഭിനയക്കളരിയായി മാറി. ത്യാഗരാജന്‍ മാസ്റ്റര്‍ ഫൈറ്റ് പഠിപ്പിച്ചു. രഘു മാസ്റ്റര്‍ നൃത്തം പഠിപ്പിച്ചു. തുഷാരം റിലീസ് ചെയ്തതോടെ രതീഷും താരമായി.
തകര്‍ച്ചയുടെ പടുകുഴികള്‍
ഗ്രാമീണ സിനിമകളുടെ സംവിധായകന്‍ എന്നോ ഇടിപ്പടങ്ങളുടെ രാജാവ് എന്നോ ഒന്നും ഒരു കാറ്റഗരിയിലും തളച്ചിടാന്‍ കഴിയുന്നതായിരുന്നില്ല ഐ.വി. ശശിയുടെ സിനിമകള്‍. എം ടിയുടെ സ്ക്രിപ്റ്റില്‍ തീഷ്ണവികാരങ്ങളുള്ള കഥാപാത്രങ്ങളെ വരച്ചിട്ടപ്പോള്‍ ടി. ദാമോദരന്റെ തിരക്കഥകളിലൂടെ കൂലിത്തല്ലുകാരനും അബ്കാരിയും രാഷ്ട്രീയക്കാരനും കള്ളക്കടത്തുകാരനുമെല്ലാം മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു. പക്ഷേ, തീപാറുന്ന നായകന്മാരെയും തന്റേടികളായ നായികമാരെയും സൃഷ്ടിക്കുന്ന തിരക്കുകള്‍ക്കിടയില്‍ ഡയബറ്റിസ് എന്ന വില്ലനെ ഇടിച്ചു വീഴ്ത്താന്‍ ഈ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ മറന്നുപോയി.
"സിനിമ എന്നൊരു മന്ത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അതിനിടയില്‍ ആരോഗ്യമൊക്കെ ആരു നോക്കാന്‍? അഞ്ചുകൊല്ലം മുമ്പാണ് ശരിക്കും വീണുപോയത്. എല്ലാത്തരത്തിലും ഒരു വലിയ പതനമായിരുന്നു. വലിയൊരു അസുഖത്തിന്റെ പിടിയിലായിപ്പോയി. ചില ബിസിനസ് ആസൂത്രണങ്ങള്‍ പിഴച്ചതുകൊണ്ട് വീടും കടക്കെണിയിലായി. ആരോഗ്യം തീര്‍ത്തും മോശമായി. ഡോക്ടര്‍മാര്‍ കഷ്ടിച്ച് ഒരു കൊല്ലം മാത്രം ആയുസ്സ് വിധിച്ചു. സീമയുടെ പ്രാര്‍ഥനയും കരുതലുമാണ് എല്ലാറ്റില്‍ നിന്നും കരകയറാന്‍ സഹായിച്ചത്. അവളെ പോലെ ഒരു ഭാര്യയെ കിട്ടിയതാണ് എന്റെ പുണ്യം. നുങ്കംപാക്കത്തെ വലിയ വീട് വിറ്റ് കടങ്ങള്‍ വീട്ടി. ആയുര്‍വേദ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തു."
ഇപ്പോള്‍ ശക്തമായ രണ്ടാംവരവിനൊരുങ്ങുകയാണ് ഐ.വി. ശശി. ഐഎഎസുകാരായ രണ്ടു തിരക്കഥാകൃത്തുകള്‍ക്കൊപ്പം സെക്രട്ടേറിയേറ്റ് പശ്ചാത്തലമായി പുതിയ സിനിമ ഒരുക്കാന്‍ തയാറെടുക്കുമ്പോഴാണ് വനിതയുടെ അവാര്‍ഡ്. അത് ഒരു പത്തു സിനിമ കൂടി ചെയ്യാനുള്ള പ്രചോദനം പോലെയായെന്ന് അദ്ദേഹം. പിന്നെ പറയാന്‍ വിട്ടുപോയ കാര്യം എന്നുപറഞ്ഞ് ഒരു അനുബന്ധ കഥ കൂടി.
"മരണം കട്ടില്‍ക്കീഴെ കാത്തുകെട്ടിക്കിടക്കുന്നു എന്ന് ഭയപ്പെട്ടിരുന്ന നാളുകളിലൊന്നില്‍ കമലഹാസന്‍ എന്റെ വീട്ടിലേക്ക് ഓടിക്കയറി വന്നു. അയാള്‍ എന്നെ പഴയൊരു സംഭവം ഓര്‍മിപ്പിച്ചു. നാല്‍പ്പതു വര്‍ഷം മുമ്പാണ്. ഞങ്ങള്‍ ഒരുമിച്ചു ചെയ്ത തമിഴ്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പെട്ടെന്നൊരു മഴ. നനയാതിരിക്കാന്‍ ഞങ്ങള്‍ ഗാര്‍ഡനിലെ ചെറിയ കുടിലിലേക്കു കയറിനിന്നു. പെട്ടെന്നൊരു നിമിഷം അയാള്‍ എന്റെ തോളില്‍ കൈയ്യിട്ട് എന്തോ പറയാനായി പിന്നിലേക്കു നടന്നു. തൊട്ടു പിന്നാലെ ഒരു വലിയ ഇടിമിന്നല്‍. ഞങ്ങള്‍ കയറി നിന്ന അലങ്കാരക്കുടില്‍ അഗ്നിക്കിരയായി.
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കമല്‍ എന്റെ കൈകളില്‍ മുറുകെപ്പിടിച്ചു പറഞ്ഞു. മരിക്കാനാണെങ്കില്‍ ഞാനും നീയും നാല്‍പ്പതു വര്‍ഷം മുമ്പ് മരിക്കണമായിരുന്നു. നമുക്കിനിയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ടെടാ..."
തൃഷ്ണയിലെ നായകന്‍
എംടിയുടെ സ്ക്രിപ്റ്റില്‍ 'തൃഷ്ണ' എന്ന ചിത്രം ചെയ്തപ്പോള്‍ പുതുമുഖങ്ങളെയാണ് ആദ്യം പരിഗണിച്ചത്. പക്ഷേ, ശരിയായില്ല. അപ്പോള്‍ രതീഷിനെ വിളിച്ചു. തിരക്കേറിയ താരമായിക്കഴിഞ്ഞിരുന്ന രതീഷ് പറഞ്ഞു, 'ഞാന്‍ ഒരാളെ അയയ്ക്കാം, ചിലപ്പോള്‍ എന്നേക്കാള്‍ മികച്ച അഭിനേതാവായി മാറും അയാള്‍. പിറ്റേന്ന് വെളുപ്പിനെ മെലിഞ്ഞ് കൊലുന്നനെ മീശയില്ലാത്ത ഒരാള്‍ വന്നു. ഒരു മീശയൊക്കെ മുഖത്തൊട്ടിച്ചു നോക്കിയപ്പോള്‍ തരക്കേടില്ല. അങ്ങനെ അയാള്‍ തൃഷ്ണയില്‍ നായകനായി. സ്വന്തം ഭാഗം ചിത്രീകരിച്ച ശേഷം പിരിയാന്‍ നേരം വിഷണ്ണനായി അയാള്‍ ചോദിച്ചു. സര്‍, എന്റെ ഭാഗം നന്നായില്ല അല്ലേ? സര്‍ എന്നെ കഴുതക്കുട്ടി എന്നു വിളിച്ചില്ലല്ലോ. ഐ.വി. ശശി ദേഷ്യപ്പെട്ട് 'കഴുതക്കുട്ടീ' എന്നു വിളിച്ചാലേ നടീനടന്മാര്‍ക്ക് ഭാഗ്യം തെളിയൂ എന്നൊരു കഥ സിനിമാലോകത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. ഞാനയാളെ ചേര്‍ത്തുപിടിച്ച് അടുത്ത സിനിമയിലും തീര്‍ച്ചയായും കൂടെയുണ്ടാവുമെന്ന് പറഞ്ഞു. മമ്മൂട്ടി എന്ന ആ നടന്‍ അഹിംസ എന്ന അടുത്ത ചിത്രത്തിലും നായകനായി. അതിലെ വില്ലന്‍ മോഹന്‍ലാല്‍ ആയിരുന്നു. അവര്‍ ഒരുമിച്ച് അഭിനയിച്ച ആദ്യചിത്രമായിരുന്നു അഹിംസ.
വാന്തി ശാന്തി ജീവിതസഖിയായ കഥ
ശാന്തി എന്ന പെണ്‍കുട്ടിയെ ആദ്യമായി കാണുമ്പോള്‍ അവള്‍ക്ക് എട്ടോ ഒമ്പതോ വയസുണ്ടാവും. തങ്കപ്പന്‍ മാസ്റ്ററുടെ ഡാന്‍സ് സ്കൂളില്‍ അന്ന് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത് കമലഹാസനാണ്. വൈകുന്നേരങ്ങളില്‍ ഞാന്‍ കമലിനോടു സംസാരിക്കാന്‍ ചെല്ലുമ്പോള്‍ മെലിഞ്ഞ് കൊലുന്നനെയുള്ള പെണ്‍കുട്ടി നൃത്തത്തിനിടയില്‍ തളര്‍ന്നു വീഴുകയും ഛര്‍ദ്ദിക്കുകയും ചെയ്യുന്നതു കാണാം. ക്ഷീണം മാറിയാല്‍ വീണ്ടും നന്നായി നൃത്തം ചെയ്യും. കമല്‍ ഇടയ്ക്കിടെ നെറ്റി ചുളിച്ച് കളിയാക്കും. 'ഛീ... വാന്തി ശാന്തി'... എന്ന്. വാന്തി എന്നാല്‍ തമിഴില്‍ ഛര്‍ദ്ദി എന്ന് അര്‍ഥം. അവള്‍ അതു മൈന്‍ഡു ചെയ്യാതെ നടന്നുപോകും.
ഞാന്‍ പറഞ്ഞില്ലേ, ജീവിതത്തില്‍ പലപ്പോഴും സമാന്തരമായി രണ്ടു വഴികള്‍ തെളിയാറുണ്ടെന്ന്. എനിക്കാദ്യം പ്രണയം തോന്നിയത് ശ്രീദേവിയോടായിരുന്നു. ഒരിക്കല്‍ അവളെ കാണാന്‍ ഹൈദരാബാദില്‍ ഒരു തെലുങ്കു ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ രണ്ടാം നായികയായ ശാന്തി പെണ്‍കുട്ടിയെ അവള്‍ എനിക്കു പരിചയപ്പെടുത്തി. ഇതു മലയാളത്തിലെ പെരിയ ഡയറക്ടര്‍. നിനക്കു മലയാള സിനിമയില്‍ റോള്‍ തരും. മറുപടി എടുത്തടിച്ചതു പോലെയായിരുന്നു. 'ഒന്നു പോയാ.. നിറയെപ്പേര്‍ അപ്പടി സൊല്ലിയിരിക്ക്.'
ഒരിക്കല്‍ ഉദയാ സ്റ്റുഡിയോയില്‍ നൃത്തരംഗം ഷൂട്ട് ചെയ്യുമ്പോള്‍ നടുവില്‍ അവള്‍ മാത്രം ചെരിപ്പിട്ട് നൃത്തം ചെയ്യുന്നു. 'ഇത്തരം കുരുത്തംകെട്ട പെണ്ണുങ്ങളെ എന്തിനു കൊണ്ടു വന്നു? എന്ന് ഞാന്‍ ദേഷ്യപ്പെട്ടു. ഇയാള്‍ എന്തിനാണ് എപ്പോഴും എന്നെ ഭരിക്കാന്‍ വരുന്നത്' എന്ന് അവള്‍ ചീറി. ആ നിഷ്കളങ്കതയും നേരേ വാ, നേരേ പോ സ്വഭാവവും എനിക്കു വലിയ ഇഷ്ടമായി. സിനിമയില്‍ എന്നല്ല അതുവരെയുള്ള ജീവിതത്തില്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
അവളുടെ രാവുകള്‍ എന്ന ഒരൊറ്റച്ചിത്രത്തിലൂടെ ശാന്തി സീമയായി. ഒന്നാംനിര നായികമാരിലേക്ക് നക്ഷത്രംപോലെ ഉദിച്ചുയര്‍ന്നു. ഞങ്ങളുടെ അടുപ്പം അറിഞ്ഞ് എന്റെ അമ്മയാണ് നിനക്ക് സീമയെ വിവാഹം കഴിച്ചൂടെ എന്ന് ചോദിച്ചത്. 1980 ഓഗസ്റ്റ് 28ാം തീയതിയായിരുന്നു വിവാഹം. കല്യാണദിവസം കമല്‍ അവളുടെ നിറുകയില്‍ കൈ വച്ച് ചേര്‍ത്തു നിറുത്തി എന്നോടു പറഞ്ഞു. 'ഓര്‍മയുണ്ടോ വാന്തി ശാന്തിയെ? എന്റെ പെങ്ങളാണ്, നന്നായി നോക്കിയില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും.'
ഞങ്ങളുടെ മകന്‍ അനി ഇപ്പോള്‍ പ്രിയദര്‍ശന്റെ ടീമില്‍ അസോസിയേറ്റ് ഡയറക്ടര്‍. മകള്‍ അനു എംബിഎ പഠിച്ച് ഭര്‍ത്താവ് മിലന്‍ നായര്‍ക്കൊപ്പം ലണ്ടനില്‍ ജോലി ചെയ്യുന്നു. അവള്‍ക്ക് ഒരു കുഞ്ഞുമുണ്ട്. ആരവ്.