ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിക്കുകയാണ് കൊച്ചിക്കാരനായ സുധി കൊപ. ഉദാഹരണം സുജാതയിലും അനുരാഗ കരിക്കിൻ വെള്ളത്തിലും ആടിലുമെല്ലാം ആ പ്രകടനം നമ്മൾ കണ്ടു. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന പുതിയ ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയമായൊരു വേഷവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണു സുധി.
വന്ന വഴി
സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടുതന്നെയുണ്ടായിരുന്നു. 12 വർഷത്തോളം ചാൻസ് ചോദിച്ച് അലഞ്ഞിട്ടുണ്ട്. ജോൺ ഡിറ്റോ എന്ന സംവിധായകൻ വാൽമീകം എന്ന സിനിമയിൽ ചെറിയ വേഷം തന്നെങ്കിലും ഡയലോഗുള്ള വേഷം കിട്ടുന്നത് അമൽ നീരദിന്റെ സാഗർ ഏലിയാസ് ജാക്കിയിലായിരുന്നു. പിന്നെ കുറേവർഷം കഴിഞ്ഞാണു ആമേൻ വരുന്നത്. ആമേനിൽ ഫഹദിന്റെ പെങ്ങളുടെ പിന്നാലെ നടക്കുന്ന കഥാപാത്രമാണ്. അത് ക്ലിക്കായി. സപ്തമശ്രീ തസ്കരയിലെ ചെമ്പൻ വിനോദിന്റെ സഹായി ഗീവർക്കി, ആടിലെ കഞ്ചാവ് സോമൻ, യു ടു ബ്രൂട്ടസ്, അലമാര, മെക്സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും നല്ല അഭിപ്രായം നേടി.
ദേ സൂപ്പർ സ്റ്റാർ
അവസരങ്ങൾക്കായി അലയുന്ന കാലത്തു നാട്ടിൽക്കൂടി പോകുമ്പോൾ അവൻ സൂപ്പർസ്റ്റാറാകാൻ നടക്കുകയാണെന്ന് ആളുകൾ പറഞ്ഞു ചിരിക്കുമായിരുന്നു. എന്നാൽ ശങ്കരാടി, ഒടുവിൽ, നെടുമുടി എന്നിവരായിരുന്നു സുധിയുടെ മനസ്സിൽ എന്നു നാട്ടുകാർ അറിഞ്ഞില്ല. ശങ്കരാടിയും മറ്റും ചെയ്ത കഥാപാത്രങ്ങളോട് അത്രയ്ക്കുണ്ട് സുധിക്കിഷ്ടം.
പുതിയ സിനിമ
അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ‌് അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്തതിൽ നിന്നു ഏറെ വ്യത്യസ്തമായ വേഷമാണ്. നീരജ് മാധവാണു നായകൻ. ഡോമിൻ ഡിസിൽവയാണു സംവിധാനം. അജു വർഗീസ്, ധർമജൻ തുടങ്ങിയവരുമുണ്ട്.
തിരുവനന്തപുരം ഭാഷ
ഞാൻ കൊച്ചിക്കാരനാണ്. അതുകൊണ്ടു തന്നെ ഭാഷ പഠിച്ചെടുത്തു പറയാൻ അതിന്റേതായ ബുദ്ധിമുട്ടുണ്ട്. സുജാതയിൽ മഞ്ജു വാരിയർക്കൊപ്പം കോളനിയിൽ താമസിക്കുന്ന കഥാപാത്രമായിരുന്നു. ആ വേഷത്തിന് ഏറെ അഭിനന്ദനങ്ങൾ കിട്ടി. കണ്ണൂർ സ്ലാങ് ഉള്ള ഈട എന്ന സിനിമ ജനുവരിയിൽ വരുന്നുണ്ട്. ആട് രണ്ടാം ഭാഗം ഡിസംബറിൽ തിയറ്ററുകളിലെത്തും.
ഉപദേശമുണ്ടോ
അഭിനയിക്കാൻ ഉള്ള ആഗ്രഹം എല്ലാവർക്കുമുണ്ടാകും. ആഗ്രഹം മാത്രമുണ്ടായിട്ടു കാര്യമില്ല. നമ്മളെക്കൊണ്ട് ഇതു ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന തിരിച്ചറിവാണു പ്രധാനം. ആത്മവിശ്വാസത്തോടെ ശ്രമിച്ചാൽ ലക്ഷ്യത്തിലെത്താം.
കുടുംബം
അച്ഛൻ ശിവശങ്കരപിള്ള ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ജീവനക്കാരനായിരുന്നു. ബാലേ, നാടക രംഗങ്ങളിൽ സജീവമായിരുന്നു. കലൂരിൽ ക്രിയേറ്റീവ് തിയറ്റർ എന്ന പേരിൽ ട്രൂപ്പ് തുടങ്ങി. ഞാനും നാടകം കളിച്ചിരുന്നു. അമ്മ ശാന്തകുമാരി. ഭാര്യ വിനീത. ഏക മകൻ യയാതി.
പേരിലെ കൗതുകം
സുധി കൊപ്പയിലെ കൊപ വീട്ടുപേരാണോ അതോ ഗ്ലാസ് എന്നർഥം വരുന്ന കോപ്പയാണോ എന്നൊക്കെ കേൾക്കുന്നവർക്കു സംശയം തോന്നാം. എന്നാൽ മിമിക്രിയും നാടകവുമായി നടന്ന കാലത്തു സ്വന്തം പേരിനൊപ്പം തമാശയ്ക്കു സ്ഥലപ്പേരും കൂട്ടി ചേർത്തതാണു സുധി കൊപ്പ. കൊച്ചി പള്ളുരുത്തി എന്നതിന്റെ ചുരുക്കെഴുത്താണു സുധിയുടെ പേരിലുള്ള കൊപ. കൂട്ടുകാരെല്ലാം കൂടി ചേർന്നു പേരു സ്ഥിരപ്പെടുത്തിയതോടെ ഇനിയും ഒന്നും ചെയ്യാനില്ലെന്നാണു സുധിയുടെ നിലപാട്.