അമ്മ പറഞ്ഞു,‘അച്ഛനെ എവിടെയൊക്കെയോ കാണാനുണ്ട്’: ബിനു പപ്പു അഭിമുഖം
എന്തുകൊണ്ട് ഒരു കോമഡി കഥാപാത്രം ചെയ്യുന്നില്ല, എന്ന ചോദ്യം കരിയറിന്റെ തുടക്കം മുതൽ ബിനു പപ്പു കേൾക്കുന്നതാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ചിരി പടർത്തിയ കുതിരവട്ടം പപ്പുവിന്റെ മകനെന്ന മേൽവിലാസമായിരുന്നു ബിനുവിന് മുമ്പിൽ ഈ ചോദ്യമുയർത്തിക്കൊണ്ടിരുന്നത്. അപ്പോഴൊക്കെ ബിനു പപ്പു പറഞ്ഞു,
എന്തുകൊണ്ട് ഒരു കോമഡി കഥാപാത്രം ചെയ്യുന്നില്ല, എന്ന ചോദ്യം കരിയറിന്റെ തുടക്കം മുതൽ ബിനു പപ്പു കേൾക്കുന്നതാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ചിരി പടർത്തിയ കുതിരവട്ടം പപ്പുവിന്റെ മകനെന്ന മേൽവിലാസമായിരുന്നു ബിനുവിന് മുമ്പിൽ ഈ ചോദ്യമുയർത്തിക്കൊണ്ടിരുന്നത്. അപ്പോഴൊക്കെ ബിനു പപ്പു പറഞ്ഞു,
എന്തുകൊണ്ട് ഒരു കോമഡി കഥാപാത്രം ചെയ്യുന്നില്ല, എന്ന ചോദ്യം കരിയറിന്റെ തുടക്കം മുതൽ ബിനു പപ്പു കേൾക്കുന്നതാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ചിരി പടർത്തിയ കുതിരവട്ടം പപ്പുവിന്റെ മകനെന്ന മേൽവിലാസമായിരുന്നു ബിനുവിന് മുമ്പിൽ ഈ ചോദ്യമുയർത്തിക്കൊണ്ടിരുന്നത്. അപ്പോഴൊക്കെ ബിനു പപ്പു പറഞ്ഞു,
എന്തുകൊണ്ട് ഒരു കോമഡി കഥാപാത്രം ചെയ്യുന്നില്ല, എന്ന ചോദ്യം കരിയറിന്റെ തുടക്കം മുതൽ ബിനു പപ്പു കേൾക്കുന്നതാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ചിരി പടർത്തിയ കുതിരവട്ടം പപ്പുവിന്റെ മകനെന്ന മേൽവിലാസമായിരുന്നു ബിനുവിന് മുമ്പിൽ ഈ ചോദ്യമുയർത്തിക്കൊണ്ടിരുന്നത്. അപ്പോഴൊക്കെ ബിനു പപ്പു പറഞ്ഞു, ഹാസ്യപ്രധാനമായ വേഷം ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ആരും വിളിക്കാത്തതുകൊണ്ടാണ് എന്ന്. ഒടുവിൽ അങ്ങനെയൊരു വിളിയെത്തി. സംവിധായകൻ അഷറഫ് ഹംസയാണ് ഭീമന്റെ വഴിയിലെ രസികൻ ഓട്ടോഡ്രൈവറായ കൃഷ്ണദാസിനെ അവതരിപ്പിക്കാൻ ബിനുവിനെ ക്ഷണിച്ചത്.
കാത്തിരുന്ന പോലൊരു കഥാപാത്രത്തെ ലഭിച്ചപ്പോൾ ആദ്യം തോന്നിയത് പേടിയാണെന്ന് ബിനു തുറന്നു പറയുന്നു. പക്ഷേ, ആ പേടിയും ടെൻഷനും പ്രേക്ഷകരുടെ കയ്യടികളിലും അഭിനന്ദനങ്ങളിലും അലിഞ്ഞില്ലാതായി. മാന്യനും നിഷ്കളങ്കനും സർവോപരി ഭീമന്റെ സന്തതസഹചാരിയുമായ കൃഷ്ണദാസിനെ പ്രേക്ഷകർ അത്രയേറെ സ്വീകരിച്ചു കഴിഞ്ഞു. വെല്ലുവിളിയായ ആ കഥാപാത്രത്തെക്കുറിച്ചും സിനിമാസ്വപ്നങ്ങളെക്കുറിച്ചും മനസു തുറന്ന് ബിനു പപ്പു മനോരമ ഓൺലൈനിൽ.
നല്ല പേടിയുണ്ടായിരുന്നു
എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്റെയും ജിനു(ജിനു ജോസഫ്)വിന്റെയും അവസ്ഥ ഒരുപോലെയായിരുന്നു. കാരണം ഞാനും ജിനുവും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഭീമന്റെ വഴിയിൽ ചെയ്തത്. എന്നാൽ, തിയറ്ററിലിരുന്ന് സിനിമ കണ്ടപ്പോൾ, കഥാപാത്രങ്ങളെ ഞങ്ങൾ പൂർണമായും ഉൾക്കൊണ്ടെന്നു പ്രേക്ഷകർ തിരിച്ചറിഞ്ഞു. അപ്പോൾ വലിയ സന്തോഷമായി. ചെമ്പൻ വിനോദിന്റെ നാട്ടിലുള്ള ഒരാളും അഷറഫ് ഹംസയുടെ നാട്ടിലുള്ള മറ്റൊരാളും ചേർന്നൊരു കഥാപാത്രമാണ് ഭീമന്റെ വഴിയിലെ കൃഷ്ണദാസ്. നല്ല വിദ്യാഭ്യാസമുള്ള മാന്യനും നിഷ്കളങ്കനുമായ ഒരു ഓട്ടോ ഡ്രൈവർ. ഒരൊറ്റ പ്രശ്നമേ ഉള്ളൂ. രണ്ടെണ്ണം അടിക്കും! അതൊരു പ്രശ്നമായി കൃഷ്ണദാസിന് തോന്നിയിട്ടില്ല എന്നതാണ് രസം.
തിയറ്ററിൽ ചിരി പൊട്ടിയ ആ രംഗം
ഈ സിനിമയുടെ കഥ പറയുന്ന സമയത്ത് അഷറഫ് ഹംസ പറഞ്ഞു, 'ബിനു... ഒരു സീനിൽ സൈക്കിൾ ചവിട്ടി വരണം' എന്ന്. സൈക്കിളില്ലേ... ചവിട്ടാമല്ലോ! കുഴപ്പമില്ല, അതു ചെയ്യാമെന്നു ഞാൻ പറഞ്ഞു. അപ്പോഴാണ് അടുത്ത നിബന്ധനകൾ സംവിധായകൻ മുന്നോട്ടു വച്ചത്. അതായത്, കൃഷ്ണദാസ് എന്ന കഥാപാത്രം ഷർട്ടും മുണ്ടും ഇല്ലാതെ സൈക്കിളോടിച്ചു വരുന്ന രംഗമാണ് അഭിനയിക്കേണ്ടത്. ഞാൻ ചെറുതായൊന്നു ശങ്കിച്ചു. പിന്നെ, ജിനുവിന്റെ കൊസ്തേപ്പ് എന്ന കഥാപാത്രം ആകെ രണ്ടു രംഗത്തിലേ ഷർട്ട് ഇടുന്നുള്ളൂ എന്നു കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി. എനിക്ക് ഒരു സീനിൽ അല്ലേ ഷർട്ടിടാതെ അഭിനയിക്കേണ്ടതുള്ളൂ എന്ന ആശ്വാസം!
ആ സീൻ ഷൂട്ട് ചെയ്തത് വളരെ രസകരമായിരുന്നു. സ്പോട്ടിൽ ഒരുപാട് improvisation നടന്നു. മുണ്ട് സൈക്കിളിന്റെ ഹാൻഡിലിൽ ചുറ്റി വച്ചു. ഷർട്ട് തോളിലിട്ടു. ചെരുപ്പ് കാരിയറിൽ വച്ചു. പിന്നെ കയ്യിലുള്ളത് മൊബൈലാണ്. അതെവിടെ വയ്ക്കും എന്നായി. ഇട്ടിരിക്കുന്ന ബോക്സറിന്റെ പിന്നിൽ തിരുകി വയ്ക്കാമെന്ന് പെട്ടെന്നൊരു ആശയം തോന്നി. അതു ചെയ്തു. ഡയലോഗ് ഒക്കെ അപ്പോൾ വന്നത് പറയുകയായിരുന്നു. സിനിമയിൽ അതു വർക്കൗട്ട് ആയി. തിയറ്ററിൽ ചിരി വീണ നിമിഷങ്ങളിലൊന്നായിരുന്നു അത്.
അച്ഛനെ ഓർമപ്പെടുത്തുന്ന അഭിനയം
കോമഡി ചെയ്യുമ്പോൾ അച്ഛനുമായി താരതമ്യം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്റേതായ രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. പല സ്ഥലങ്ങളിലും അച്ഛൻ കയറി വരുമായിരിക്കും. എന്റെ അച്ഛൻ ആയിപ്പോയില്ലേ! ചില സമയത്ത് വാക്കുകളിലോ ഉച്ചാരണത്തിലോ അച്ഛൻ കയറി വരുമായിരിക്കും. എങ്കിലും, കഴിവതും എന്റെ രീതിക്ക് ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അച്ഛന്റെ ഏയ് ഓട്ടോയിലെ കഥാപാത്രമൊക്കെ ഇന്നും ആളുകൾ ഓർക്കുന്ന വേഷമാണ്. ഷൂട്ട് കഴിഞ്ഞ് പോസ്റ്റർ ഇറങ്ങിയപ്പോൾ ഞാൻ അമ്മയ്ക്ക് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ കാണിച്ചു കൊടുത്തു. അപ്പോൾ അമ്മ പറഞ്ഞു, 'അച്ഛനെ എവിടെയൊക്കെയോ കാണാനുണ്ട്' എന്ന്! അഭിനയത്തിൽ അതുണ്ടെന്ന് പറഞ്ഞില്ല. ഭാഗ്യം!
തേടി വരുന്ന കാക്കി വേഷങ്ങൾ
പൊലീസ് ആയിട്ടും ഓട്ടോ ഡ്രൈവർ ആയിട്ടും എന്തോ കാക്കി വേഷങ്ങൾ ഇങ്ങനെ വീണ്ടും വീണ്ടും വരുന്നുണ്ട്. സിനിമയിൽ അഭിനയിക്കാൻ വിളിക്കുക എന്നു പറയുന്നതേ വലിയ കാര്യം. ഇനി റിലീസ് ആകാനുള്ള സിനിമ സല്യൂട്ട് ആണ്. അതിൽ ഞാൻ പൊലീസ് ആണ്. റോഷൻ ആൻഡ്രൂസിനെപ്പോലെയുള്ള ഡയറക്ടറും ദുൽഖർ സൽമാനെപ്പോലെയുള്ള ഒരു ഹീറോയും വിളിക്കുമ്പോൾ 'ഞാനില്ല... പൊലീസല്ലേ' എന്നു പറഞ്ഞു വീട്ടിലിരിക്കാൻ എനിക്കു കഴിയില്ല. ചെയ്യുന്നത് കൂടുതൽ പൊലീസ് വേഷങ്ങളാണെങ്കിലും ആ പ്രകടനങ്ങളിൽ വ്യത്യാസം കൊണ്ടു വരാൻ എപ്പോഴും ശ്രമിക്കാറുണ്ട്. പിന്നെ, ധരിക്കുന്ന വസ്ത്രവും ചെയ്യുന്ന കഥാപാത്രത്തെ നന്നായി സ്വാധീനിക്കുമെന്നാണ് എന്റെയൊരു കാഴ്ചപ്പാട്.
സിനിമ എന്ന മാജിക്
ആഷിക്കേട്ടന്റെ (ആഷിക്ക് അബു) കൂടെയാണ് ഞാൻ തുടങ്ങിയത്. അസിസ്റ്റ് ചെയ്തോട്ടെ എന്ന് അദ്ദേഹത്തോടാണ് ഞാനാദ്യം ചോദിക്കുന്നത്. അഭിനയത്തിന് ഏറെ പ്രോത്സാഹനം തരുന്നതും അദ്ദേഹമാണ്. എന്നോട് അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം എപ്പോഴും പറയും. നേരിട്ടും അല്ലാതെയും ഇക്കാര്യം അദ്ദേഹം എന്നെ അറിയിച്ചിട്ടുണ്ട്. സിനിമ എപ്പോഴും അതിശയിപ്പിക്കുന്ന ഒരു പ്രക്രിയ ആണ്. എന്നെ അങ്ങനെ അതിശയിപ്പിച്ചതിന്റെ ഭാഗമായാണ് ഞാനിന്ന് സിനിമയിൽ എത്തി നിൽക്കുന്നത്. മായാനദി എന്ന സിനിമയ്ക്കു ശേഷമാണ്, ജോലി വിട്ട് പൂർണമായും ഞാൻ സിനിമയിൽ നിൽക്കാൻ തീരുമാനിച്ചത്. ആഷിക്കേട്ടൻ, ശ്യാമേട്ടൻ, ദിലീഷ് നായർ, ദിലീഷ് പോത്തൻ, വിഷ്ണു നാരായണൻ, മധു നാരായണൻ ഇതായിരുന്നു ആ സംഘം. അതിലേക്ക് വരുന്ന ഛായാഗ്രഹകർ എന്നു പറയുന്നത് സമീർ താഹിർ, ഷൈജു ഖാലിദ്, രാജീവ് രവി, ഗിരീഷ് ഗംഗാധരൻ തുടങ്ങിയവരാണ്. അവർ സൃഷ്ടിക്കുന്ന ഒരു ഇന്ദ്രജാലമുണ്ട്. അത് എന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്.
എഴുത്തും സംവിധാനവും ഉടൻ
രണ്ടു വർഷത്തിനുള്ളിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. അത്ര എളുപ്പമുള്ള ഒരു കാര്യമല്ലല്ലോ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. ഒരു കഥയുണ്ട് എന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല. അതിനെ പിന്തുണയ്ക്കാൻ വലിയൊരു സംഘം അണിയറപ്രവർത്തകരെ ആവശ്യമുണ്ട്. ഇതെല്ലാം ശരിയാകണമെങ്കിൽ ആദ്യം നമുക്കൊരു നിർമാതാവിനെ ശരിയാകണം. എല്ലാം ശരിയായാൽ സിനിമ ചെയ്യും. രണ്ടു മൂന്നു വിഷയങ്ങൾ ആലോചിച്ചു വച്ചിട്ടുണ്ട്. ഒരു ത്രില്ലർ മൂഡിലുള്ള സിനിമയുടെയും ഹൊറർ മൂഡിലുള്ള സിനിമയുടെയും തിരക്കഥകളുടെ പണികൾ നടക്കുന്നു. അതിനു മുമ്പ് തരുൺ മൂർത്തിക്കു വേണ്ടി ഒരു സിനിമ ഞാൻ എഴുതുന്നുണ്ട്. അതിന്റെ പണിയിലാണ് ഇപ്പോൾ. അതിനിടയിൽ അഭിനയിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തുന്നു. അത് വലിയൊരു ബാധ്യതയാണ്. കാരണം അച്ഛന്റെ പേര് മോശമാക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്.
സിനിമയിൽ അഭിനയം എന്നു പറയുന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം കുതിരവട്ടം പപ്പുവിന്റെ മകൻ എന്ന മേൽവിലാസം എനിക്കുണ്ട്. അദ്ദേഹം ഇത്ര കാലം മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങൾ ഇപ്പോഴത്തെ തലമുറയ്ക്കു പോലും ഏറെ ഇഷ്ടമാണ്. ആളുകൾ ഇപ്പോഴും കാണുന്നു. ചിരിക്കുന്നു... ഷെയർ ചെയ്യുന്നു. ടി ഷർട്ടിൽ, കാർട്ടൂണിൽ... അങ്ങനെ പല രൂപങ്ങളിൽ അച്ഛനെ ഇപ്പോഴും ആളുകൾ ആഘോഷിക്കുന്നു... സ്നേഹിക്കുന്നു. അതുകൊണ്ട് ആ പേര് ഒരിക്കലും മോശമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.