‘ആ പൊലീസ് കഥാപാത്രം സിദ്ദീഖ് ചെയ്യണം’ മോഹൻലാൽ പറഞ്ഞത്; അഭിമുഖം
പെരിങ്ങോട് ആയുർവേദ ചികിത്സക്കായി മോഹൻലാൽ എത്തിയ സമയം. സംവിധായകൻ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും പുതിയ സിനിമയുടെ കഥ പറയാൻ അവിടെയെത്തി. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ മോഹൻലാൽ ചിരിച്ചു തുടങ്ങി. കഥ കേട്ടതിനു ശേഷം സംവിധായകനോട് മോഹൻലാലിന്റെ കമന്റ്. 'ആ പൊലീസ്
പെരിങ്ങോട് ആയുർവേദ ചികിത്സക്കായി മോഹൻലാൽ എത്തിയ സമയം. സംവിധായകൻ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും പുതിയ സിനിമയുടെ കഥ പറയാൻ അവിടെയെത്തി. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ മോഹൻലാൽ ചിരിച്ചു തുടങ്ങി. കഥ കേട്ടതിനു ശേഷം സംവിധായകനോട് മോഹൻലാലിന്റെ കമന്റ്. 'ആ പൊലീസ്
പെരിങ്ങോട് ആയുർവേദ ചികിത്സക്കായി മോഹൻലാൽ എത്തിയ സമയം. സംവിധായകൻ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും പുതിയ സിനിമയുടെ കഥ പറയാൻ അവിടെയെത്തി. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ മോഹൻലാൽ ചിരിച്ചു തുടങ്ങി. കഥ കേട്ടതിനു ശേഷം സംവിധായകനോട് മോഹൻലാലിന്റെ കമന്റ്. 'ആ പൊലീസ്
പെരിങ്ങോട് ആയുർവേദ ചികിത്സക്കായി മോഹൻലാൽ എത്തിയ സമയം. സംവിധായകൻ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും പുതിയ സിനിമയുടെ കഥ പറയാൻ അവിടെയെത്തി. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനെക്കുറിച്ചു കേട്ടപ്പോൾത്തന്നെ മോഹൻലാൽ ചിരിച്ചു തുടങ്ങി. കഥ കേട്ടതിനു ശേഷം സംവിധായകനോട് മോഹൻലാലിന്റെ കമന്റ്. ‘‘ആ പൊലീസ് കഥാപാത്രമില്ലേ... അത് സിദ്ദീഖ് ചെയ്യണം. അതു സിദ്ദീഖ് ചെയ്താലേ നന്നാവൂ!’’ കോവിഡ് പൊസിറ്റീവായി വീട്ടിലിരുന്ന സിദ്ദീഖിന് ഉടനെ ഉണ്ണികൃഷ്ണന്റെ വിളിയെത്തി. അങ്ങനെയാണ് തിയറ്ററുകൾ ഉത്സവപ്പറമ്പായ ‘ആറാട്ടി’ൽ ചിരിപ്പൂരമൊരുക്കിയ മോഹൻലാൽ–സിദ്ദീഖ് കോംബോ ജനിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം കോമഡി റോളിൽ എത്തിയ സിദ്ദീഖ് സിഐ ശിവശങ്കരനായി ആറാടി. തിയറ്ററിൽ ഏറ്റവും കയ്യടി നേടിയതും സിദ്ദീഖിന്റെ ഈ രസികൻ പൊലീസ് കഥാപാത്രമാണ്. ആറാട്ടിനെക്കുറിച്ചും സിനിമയ്ക്കെതിരെ നടക്കുന്ന ഡിഗ്രേഡിങ്ങിനെക്കുറിച്ചും തുറന്നു പറഞ്ഞ് സിദ്ദീഖ് മനോരമ ഓൺലൈനിൽ...
മോഹൻലാലിനൊപ്പം അഭിനയം, അതൊരു രസമാണ്
ഛോട്ടാ മുംബൈ ആണ് മോഹൻലാലുമായി ഹ്യൂമർ ആദ്യമായി ചെയ്തൊരു സിനിമ എന്നാണ് എന്റെ ഓർമ. വളരെ ഹ്യൂമർ സെൻസുള്ള വ്യക്തിയാണ് മോഹൻലാൽ. നൈസർഗികമായി സ്പോട്ടിൽ നല്ല തമാശകൾ പറയുന്ന കക്ഷിയാണ്. സംവിധായകന്റെ ഭാഷയിൽ ആറാട്ടിൽ മോഹൻലാൽ അഴിഞ്ഞഴിഞ്ഞ് അഭിനയിക്കുകയായിരുന്നു. അതൊരു രസമാണ്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുക എന്നു പറയുന്നതുതന്നെ ഏറെ ആസ്വദിച്ചു ചെയ്യുന്ന സംഗതിയാണ്. അതിപ്പോൾ കോമഡിയാണെങ്കിലും ഇമോഷനൽ രംഗങ്ങൾ ആണെങ്കിലും ഫൈറ്റ് ആണെങ്കിലും രാവണപ്രഭുവിലേതു പോലുള്ള സംഭാഷണങ്ങൾ ആണെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ ഏറെ ആസ്വദിച്ചാണ് ചെയ്യുക. കാരണം, നമ്മളെ വളരെ കംഫർട്ടബിൾ ആക്കും അദ്ദേഹം.
സ്പോട്ടിലെ കൊടുക്കൽ വാങ്ങലുകൾ
ആറാട്ടിലെ പല രംഗങ്ങളും ചെയ്യുമ്പോൾ അറിയാതെ ഇംപ്രവൈസ് ചെയ്തിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തും അത് ആസ്വദിച്ചു, അംഗീകരിച്ചു. ഒരുപാടു കാലമായി മോഹൻലാലുമായുള്ള അടുപ്പവും സൗഹൃദവും അദ്ദേഹം തരുന്ന സ്വാതന്ത്ര്യവും കൊണ്ട് അങ്ങനെ ചെയ്യുന്നതാണ്. ഒരു കാര്യം ചെയ്യുമ്പോൾ, ‘‘അയ്യോ.. അതു വേണ്ട സിദ്ദിഖ്...’’ എന്നു പറഞ്ഞാൽ പിന്നെ ഫ്യൂസ് അടിച്ചു പോയ പോലെയാവും. പിന്നെ ഒന്നും കൂട്ടിച്ചേർത്തു പറയാൻ തോന്നില്ല. ഇത് അങ്ങനെയല്ല. ഒരു സംഗതി പറഞ്ഞാൽ ലാൽ ഭയങ്കരമായി ചിരിക്കും. ‘‘നമുക്കങ്ങനെ പറയാം ല്ലേ... എന്നാൽ ഞാൻ ഇങ്ങനെ പറയട്ടെ’’ എന്ന് തിരിച്ചു ചോദിക്കും. ഒരു കൊടുക്കൽ–വാങ്ങൽ ഏർപ്പാടുണ്ട്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ സ്പോട്ടിൽ ഇംപ്രവൈസ് ചെയ്യാൻ എല്ലാ പടത്തിലും സാധിച്ചിട്ടുണ്ട്.
ചെളിയിലേക്കു വീഴാമെന്നു പറഞ്ഞപ്പോൾ
ആറാട്ടിൽ ഒരു പാട്ടിനിടയിൽ മോട്ടർ ഓൺ ആയി എന്റെ ശരീരത്തിൽ വെള്ളം ചീറ്റി ഞാൻ പാടത്ത് ചെളിയിൽ വീഴുന്നൊരു രംഗമുണ്ടല്ലോ. അതിനു പ്ലാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാനാണ് ഉണ്ണികൃഷ്ണനോടു പറഞ്ഞത്. ലാലുവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ പുറത്തേക്കു വെള്ളമടിച്ച്, ഞാൻ പാടത്തേക്ക് വീണാൽ എങ്ങനെയിരിക്കും എന്ന്. അവർ ഓകെ പറഞ്ഞു. ഞാനതു ചെയ്യുന്ന സമയത്ത് മോഹൻലാൽ ചോദിച്ചു, ‘‘നിങ്ങൾ ഈ പാടത്തേക്ക് വീഴാൻ പോകുവാണോ?’’. ഞാൻ പറഞ്ഞു, അതെ. അപ്പോൾ മോഹൻലാലിന്റെ നിർദേശമെത്തി. ‘‘ആർട്ടിലെ കുട്ടികളോട് ആ പാടത്തിറങ്ങി വല്ല കമ്പോ മറ്റോ അവിടെ ഉണ്ടോയെന്നു നോക്കാൻ പറയൂ.’’ അതാണ് മോഹൻലാൽ. അദ്ദേഹം ഇങ്ങനെ ചെയ്തില്ലെങ്കിലും ഒരു കുഴപ്പമില്ല. എങ്കിലും അദ്ദേഹം ശ്രദ്ധിക്കും. തലയടിച്ചു വീഴാതിരിക്കാൻ ജാഗ്രത നൽകും.
എന്നെ തൂക്കിയെടുത്തു കൊണ്ടു വരുന്ന ലാലു
കൂടെയുള്ളവരെ കരുതലോടെ ചേർത്തു നിർത്തുന്നത് മോഹൻലാലിന്റെ സ്വഭാവമാണ്. ഒരിക്കൽ അദ്ദേഹത്തിന്റെ അമ്മയെ പരിചയപ്പെട്ടതിനു ശേഷം ഞാൻ മറ്റുള്ളവരോടു പറയുമായിരുന്നു, മോഹൻലാൽ ഇങ്ങനെ ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ. കാരണം അത്ര നല്ല അമ്മയാണ്. ആ അമ്മ നമ്മളോടു പെരുമാറുന്നതു കാണുമ്പോൾ നമുക്കറിയാം! ആ അമ്മ വളർത്തിയ മകനല്ലേ. ഇത്ര കാലത്തെ അടുപ്പമുള്ളതുകൊണ്ട് എന്റെ വ്യക്തിപരമായ കാര്യങ്ങളിലും ഞാനേറ്റവും ആദ്യം അഭിപ്രായം ചോദിക്കുന്ന ആളുകളിലൊരാളാണ് മോഹൻലാൽ. എനിക്കെന്തെങ്കിലും പ്രയാസമുണ്ടായാൽ അവിടെനിന്ന് ലാലു തൂക്കിയെടുത്തു കൊണ്ടുവരുന്നതൊക്കെ അദ്ദേഹത്തിന്റെ വലിയൊരു നന്മയാണ്. ഒന്നിച്ച് അഭിനയിക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്. ഞാനെപ്പോഴും സെറ്റിൽ പറയും, ഞാനും മോഹൻലാലും വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ ‘ഷോട്ട് റെഡി’ എന്ന് അസിസ്റ്റന്റ് ഡയറക്ടർ വന്നു പറയല്ലേ എന്ന് ആഗ്രഹിക്കാറുണ്ടെന്ന്. ഈ രസച്ചരട് അങ്ങു മുറിഞ്ഞുപോകുമല്ലോ!
ആറാട്ടിലെ കഥാപാത്രമായി മാറിയപ്പോൾ
ഡയലോഗുകൾ ഒരൽപം വേഗത്തിലാണ് ആറാട്ടിലെ എന്റെ കഥാപാത്രം പറയുന്നത്. അതിനു കാരണമുണ്ട്. ആ കഥാപാത്രത്തിന്റെ സ്വഭാവം, അയാളുടെ ബുദ്ധിയില്ലായ്മ, അതേസമയം, അയാളുടെ ഉയർന്ന പദവി. മോഹൻലാലിന്റെ കഥാപാത്രത്തെ അറസ്റ്റു ചെയ്തു കൊണ്ടുപോകാൻ വരുന്ന കഥാപാത്രമാണ് എന്റേത്. പക്ഷേ അയാളെപ്പറ്റി മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ഇയാള്‍ക്ക് ആരാധനയായി. ഇതെല്ലാം സംവിധായകൻ പറഞ്ഞുതരുമ്പോൾ ആ കഥാപാത്രത്തിന് ഒരു ശരീരഭാഷയും ശൈലിയും ഒരു നടൻ എന്ന രീതിയിൽ എന്റെ മനസ്സിൽ തോന്നും. അപ്പോൾ ഒരു ഫാസ്റ്റ് പേസ് വരുന്നതാണ്. ‘‘ഇവിടെയൊരു യുദ്ധമാണ് നടക്കാൻ പോകുന്നത്. നാളെ മുതൽ ഇവിടെ ചോരപ്പുഴ ഒഴുകും. നിങ്ങൾ അത് നീന്തിക്കടന്നു വേണം അപ്പുറത്തെത്താൻ...’’ അപ്പോൾ ഞാൻ അറിയാതെ പറഞ്ഞു പോയതാ.. ‘‘അയ്യോ... എനിക്ക് നീന്താൻ അറിയില്ല’’ എന്ന്! അയാൾ അങ്ങനെയേ പറയൂ എന്നു തോന്നും. ഒരു ക്യാരക്ടറിന്റെ ഫോർമേഷൻ വന്നു കഴിഞ്ഞാൽ ബാക്കിയെല്ലാം സ്വാഭാവികമായി വരുന്നതാണ്.
ബി. ഉണ്ണികൃഷ്ണനുമായുള്ള കണക്‌ഷൻ
ബി.ഉണ്ണികൃഷ്ണന്റെ എല്ലാ സിനിമകളിലും എനിക്കൊരു കഥാപാത്രമുണ്ടാകും. ജലമർമരം എന്ന ആദ്യ തിരക്കഥയ്ക്കു ശേഷം ഒരു വാണിജ്യ സിനിമയ്ക്കു വേണ്ടി അദ്ദേഹം തിരക്കഥ ഒരുക്കിയത് കവർ സ്റ്റോറിക്കു വേണ്ടിയാണ്. ആ സിനിമയുടെ സംവിധായകൻ ജി.എസ്. വിജയൻ എനിക്ക് വളരെ അടുപ്പമുള്ള ആളാണ്. അതിൽ എനിക്കൊരു വേഷമുണ്ടെന്ന് എന്നെ വിളിച്ചു പറയുന്നത് നടൻ സുരേഷ് ഗോപിയാണ്. അങ്ങനെ, അതിന്റെ സെറ്റിൽ ഞാനെത്തുന്നു. എറണാകുളത്തായിരുന്നു ഷൂട്ട്. ഞാൻ മേക്കപ്പ് ചെയ്ത് അവിടെ ഇരിക്കുന്ന സമയത്താണ് ബി. ഉണ്ണികൃഷ്ണൻ വന്നു പരിചയപ്പെടുന്നത്. ഞങ്ങൾ അവിടെ ഇരുന്ന് ചിരകാല സുഹൃത്തുക്കളെപ്പോലെ സംസാരിച്ചു. പിന്നീട് ആ ബന്ധം വലിയ അടുപ്പമായി വളർന്നു. അദ്ദേഹം ചെയ്ത എല്ലാ സിനിമകളിലും എനിക്ക് വർക്ക് ചെയ്യാൻ കഴിഞ്ഞു. എല്ലാ കഥകളും അദ്ദേഹം പറയും. നിരന്തരമായി ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങൾ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്, ടെലിഫിലിംസ് നിർമിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമായിരുന്നില്ല ആ സൗഹൃദം.
എന്നെ ഉപയോഗപ്പെടുത്തുന്ന സംവിധായകൻ
എന്നെ രസകരമായി അദ്ദേഹം സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ ഉദാഹരണം. അതു ചെയ്യുമ്പോൾ ഇടയ്ക്ക് എന്നെ കളിയാക്കുകയും ചെയ്യും. ‘‘സിദ്ദീഖ്, ഞാൻ പലതും പറയും... പക്ഷേ, സിദ്ദീഖിനൊരു നാണക്കേട് തോന്നുന്നില്ലേ, ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ’’ എന്ന്! ‘‘സിനിമ കഴിഞ്ഞു വല്ല ചീത്തപ്പേരും കേട്ടാൽ എന്നെയൊന്നും പറഞ്ഞേക്കരുത്’’ എന്നൊക്കെ തമാശയായി പറയും. പക്ഷേ, സിനിമ റിലീസ് ആയപ്പോൾ ആ കഥാപാത്രത്തിന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്. സഹപ്രവർത്തകരായ പല നടന്മാരും എന്നോട് ചോദിച്ചിട്ടുണ്ട്, ‘‘ഇക്കാ ഉണ്ണികൃഷ്ണനുമായി ഇത്രയും വലിയ സുഹൃദ്ബന്ധം വരാൻ കാരണമെന്താണ്’’ എന്ന്. ഞാൻ ആലോചിക്കുമ്പോൾ ഉണ്ണികൃഷ്ണൻ മാത്രമല്ല, രഞ്ജിത്, ഷാജി കൈലാസ്, രൺജി പണിക്കർ, സത്യൻ അന്തിക്കാട് എന്നിവരോടൊക്കെ എനിക്ക് വലിയ ആത്മബന്ധവും അടുപ്പവും ഉണ്ട്. അതിന്റെ പ്രധാന കാരണം എനിക്ക് തോന്നിയിട്ടുള്ളത് ഞങ്ങൾ കൂടുതലും സംസാരിക്കുന്ന വിഷയം സിനിമയാണ് എന്നതാണ്.
‘‘ഉണ്ണികൃഷ്ണന്റെ കൂടെ കൂടി ഇംഗ്ലിഷ് പഠിച്ചോ?’’
ഞങ്ങൾ തമ്മിൽ എന്നും സംസാരിച്ചിട്ടുള്ളത് സിനിമയെക്കുറിച്ചാണ്. എല്ലാ വിഷയങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ട്. പിന്നീടൊരിക്കൽ സിനിമയിൽ ഒരു ഇംഗ്ലിഷ് ഡയലോഗ് പറഞ്ഞപ്പോൾ ടി.പി. മാധവൻ ചേട്ടൻ എന്നോടു പറഞ്ഞു, ‘‘ആ ബി.ഉണ്ണികൃഷ്ണനുമായുള്ള അടുപ്പം തുടങ്ങിയതിനു ശേഷം കുറേ ഇംഗ്ലിഷ് ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ടല്ലോ’’ എന്ന്. ചില ഇംഗ്ലിഷ് വാക്കുകൾ സ്ക്രിപ്റ്റിൽ എഴുതി കാണുമ്പോൾ എനിക്ക് തോന്നും, ഈ വാക്ക് അവിടെ അത്ര യോജിക്കുന്നില്ലല്ലോ! കുറച്ചൂടെ നല്ലൊരു വാക്ക് കിട്ടുന്നതിനായി ഞാൻ ഉണ്ണികൃഷ്ണനെ വിളിക്കും. എല്ലാം കൃത്യമായി കേട്ടതിനു ശേഷം എനിക്ക് നല്ലൊരു വാക്ക് പറഞ്ഞു തരും. ഈ മാറ്റം ഞാൻ സംവിധായകരോടു പറയുമ്പോൾ അവരും അത് അംഗീകരിക്കും. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാത്ത ചിത്രങ്ങളിൽപ്പോലും അദ്ദേഹം ഇതു പോലെ എന്നെ സഹായിച്ചിട്ടുണ്ട്. മറ്റൊരു ഉദാഹരണം പറയാം. ഒരു സിനിമയുടെ ഡബ്ബിങ്. ആ സമയത്ത് ഉണ്ണി എന്റെ കൂടെ അവിടെ വന്നിരുന്നു. ‘‘നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ പ്രൊവോക്കേറ്റഡ് ആവില്ല’’ എന്നതായിരുന്നു ഡയലോഗ്. അപ്പോൾ അദ്ദേഹം തിരുത്തി. ‘‘പ്രൊവോക്കേറ്റഡ് അല്ല, പ്രൊവോക്ക്ഡ്’’. അങ്ങനെ ഒരുപാടു രീതിയിൽ അദ്ദേഹം സഹായിക്കാറുണ്ട്. സിനിമയിൽ നല്ല കഥാപാത്രങ്ങൾ തരികയും എന്റെ വളർച്ചയിൽ വലിയൊരു പങ്കു വഹിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഉണ്ണികൃഷ്ണൻ.
ഡിഗ്രേഡിങ് ആറാട്ടിന് ഗുണം ചെയ്തു
അടുത്ത കാലത്തായി വളർന്നു വന്ന സംസ്കാരമാണ് ഡിഗ്രേഡിങ്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ഇത് വളരെ കൂടുതലാണ്. കാരണം, ആളുകൾക്ക് സമൂഹമാധ്യങ്ങളിൽ ചെലവഴിക്കാൻ സമയം കൂടുതൽ ലഭിക്കുന്നുണ്ട്. അതിൽ ഒരാൾ കമന്റിടുമ്പോൾ അതിനു മറുപടിയായി വേറൊരാൾ പ്രതികരിക്കുന്നു. അതിങ്ങനെ വഷളായി പോകും. എന്നാൽ, അത് സിനിമയുടെ കാഴ്ചയെ ബാധിക്കുമെന്ന് തോന്നുന്നില്ല. നിരവധി പേർ ആറാട്ടിനെ ഡിഗ്രേഡ് ചെയ്തുകൊണ്ട് പോസ്റ്റുകൾ ഇടുന്നുണ്ട്. അതെല്ലാം കണ്ടിട്ട് ആളുകൾ സിനിമയ്ക്കു കേറി തിരിച്ചു വരുമ്പോൾ പറയുന്നത്, ‘‘ഈ കുറ്റം പറയുന്നത്രയ്ക്ക് ഒന്നുമില്ലല്ലോ... എനിക്കിഷ്ടപ്പെട്ടു’’ എന്നാണ്. അപ്പോഴെനിക്കു തോന്നി ആളുകൾ ഡിഗ്രേഡിങ് ചെയ്ത് പോസ്റ്റിടുന്നത് സിനിമയ്ക്ക് ഗുണമേ ചെയ്തിട്ടുള്ളൂ എന്ന്. ഇപ്പോഴും തിയറ്ററുകളിൽ ആറാട്ട് ഹൗസ്ഫുൾ ആയിത്തന്നെയാണ് ഓടുന്നത്.
ഭയങ്കര പ്രതീക്ഷയോടെ സിനിമ കാണാൻ ചെന്നാൽ അതു മോശമായി തോന്നും. ഒട്ടും പ്രതീക്ഷയില്ലാതെ ചെന്നാൽ സിനിമ നന്നായെന്നും തോന്നും. അതു സാധാരണമാണ്. കുറച്ചു ദിവസങ്ങളായി നടക്കുന്ന ഡീഗ്രേഡിങ് തിയറ്ററിൽ ആറാട്ടിനെ ബാധിച്ചിട്ടില്ല. അവിടേക്ക് ജനങ്ങളുടെ കുത്തൊഴുക്കല്ലേ! ഡിഗ്രേഡിങ് ഒരു സംസ്കാരമായി വളർന്നു കഴിഞ്ഞു. ഒരുപാടു തെറിവാക്കുകൾ ഉള്ള സിനിമകൾ വരുന്നു. എല്ലാം പച്ചയ്ക്ക് കാണിക്കുന്ന സിനിമകൾ വരുന്നു. അതു കാണേണ്ടവർ അതു കാണട്ടെ! ഒരു സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടെന്നു പറയാനും ഇഷ്ടമായില്ലെന്നു പറയാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇഷ്ടമായില്ലെന്നു പറയുമ്പോൾ, ‘നീയാരാ അങ്ങനെ പറയാൻ’ എന്നു പറഞ്ഞു ബഹളമുണ്ടാക്കുന്നത് ശരിയായ രീതിയല്ല. അതുകൊണ്ട്, ഞാൻ ഈ കമന്റുകളൊന്നും നോക്കാൻ പോവാറില്ല.
പുതിയ കാലം, മാറ്റേണ്ട ശൈലികൾ
പുതിയ കാലത്ത് അഭിനയരീതി കുറച്ചൊന്നുമല്ല, ഒരുപാട് മാറ്റേണ്ടതുണ്ടെന്ന് എനിക്കു തോന്നാറുണ്ട്. പുതുതായി വരുന്ന പല അഭിനേതാക്കളും പാഠപുസ്തകങ്ങളാണ്. ഞാൻ അവരെ കാണുമ്പോൾ ചോദിക്കാറുണ്ട്, എങ്ങനെയാണ് നിങ്ങൾ ഇത്ര റിലാക്സ്ഡ് ആയി, മുമ്പിൽ ക്യാമറ ഉണ്ടെന്നോ, പറയുന്നത് സംഭാഷണമാണെന്നോ തോന്നാത്ത തരത്തിൽ ഇത്ര സ്വാഭാവികമായി പെർഫോം ചെയ്യുന്നത് എന്ന്! ‘‘ഒന്നു പോ ഇക്കാ... നിങ്ങളൊക്കെ ചെയ്ത പോലെ അഭിനയിക്കണമെങ്കിൽ എത്ര കൊല്ലം ഞങ്ങൾ കാത്തിരിക്കണം’’ എന്നൊക്കെ അവർ പറയും. എങ്കിലും ഞാൻ അവരെ കണ്ട് പഠിക്കാനേ ശ്രമിച്ചിട്ടുള്ളൂ.
എന്റെ അഭിനയത്തിൽ അൽപം മാറ്റം വരുത്തണമെന്നല്ല, അടപടലം അഴിച്ചു പണിയണം എന്നാണ് തോന്നിയിട്ടുള്ളത്. എങ്കിലേ, നിലനിൽക്കാൻ കഴിയൂ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കുന്നതു പോലെയല്ല ദുൽഖറിന്റെയോ പ്രണവിന്റെയോ കൂടെ അഭിനയിക്കുമ്പോൾ ചെയ്യേണ്ടത്. അതു മാറിയിരിക്കുന്നു. ഞങ്ങളെപ്പോലെ ഉള്ളവരാണ് അതു മാറ്റേണ്ടത്. എങ്കിലേ നമുക്ക് നിലനിൽപുണ്ടാവുകയുള്ളൂ.
ഉദാഹരണത്തിന്, തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ. ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത മുഖങ്ങൾ വന്ന് കഥാപാത്രങ്ങളായി സിനിമയിൽ നിറഞ്ഞാടുമ്പോൾ അദ്ഭുതപ്പെട്ടുപോയി. ആദ്യം ആ സിനിമ കണ്ടപ്പോൾ എനിക്കതിന്റെ കഥയിലേക്കൊന്നും കേറാൻ കഴിഞ്ഞില്ല. അവരുടെ അഭിനയം നോക്കിയിരുന്നു. പിന്നെ, ഒരിക്കൽ കൂടി കണ്ടപ്പോഴാണ് കഥ ശ്രദ്ധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം വന്നതിന്റെയും ലോക്ഡൗൺ വന്നതിന്റെയും പ്രയോജനം ഇതൊക്കെയാണ്. ഒരുപാട് പഠിക്കാൻ പറ്റുന്നുണ്ട്.
സിനിമ കണ്ടും ആളുകളുടെ അഭിനയം കണ്ടുമൊക്കെ പഠിക്കാൻ കഴിഞ്ഞു. ഞാനൊക്കെ സിനിമയിൽ വന്ന സമയത്ത് നമ്മുടെ പ്രാദേശിക ഭാഷാശൈലികൾ ഡയലോഗ് ഡെലിവറിയിൽ വരാതെ സൂക്ഷിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അതെല്ലാം മാറി. പ്രദേശിക ഭാഷാ ശൈലികൾ ആളുകൾ സിനിമയിൽ ഉപയോഗിക്കാനും അത് പ്രേക്ഷകർ ഇഷ്ടപ്പെടാനും തുടങ്ങി. അതുകൊണ്ട്, അഭിനേതാവ് എന്ന നിലയിൽ ഞാൻ കുറച്ചൊന്നും മാറിയാൽ പോരാ! നിലനിൽക്കണമെങ്കിൽ അടപടലം അഴിച്ചു പണിയണം.