പറക്കലിന്റെ എബിസിഡി

സന്തോഷ് ഏച്ചിക്കാനം, ശ്രീകാന്ത് മുരളി, വിനീത്

വിനീത് ശ്രീനിവാസന്റെ എബി വരുന്നതു പരീക്ഷക്കാലത്തിന്റെ ചൂടിലേക്കാണ്. പറക്കാൻ മോഹിച്ചാൽ നിങ്ങൾക്കു ദൈവം ചിറകുകൾ തരുമെന്നു പറയുന്ന ചിത്രം പരീക്ഷയ്ക്കു മുൻപു വിദ്യാർഥികൾക്കു പ്രചോദനമാകുമെന്ന കണക്കുകൂട്ടലിലാണു സംവിധായകനും കൂട്ടരും.

ഏറെക്കാലം പ്രിയദർശനൊപ്പം പ്രവർത്തിച്ച ശ്രീകാന്ത് മുരളിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് എബി. 250ൽ ഏറെ പരസ്യ ചിത്രങ്ങളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകൻ സംസാരിക്കുന്നു.

∙എബി

മറ്റുള്ളവരിൽനിന്നു വ്യത്യസ്തരാണ് എബിയെപ്പോലുള്ളവർ. അവരെ മനസ്സിലാക്കാൻ മറ്റുള്ളവർക്കു കഴിഞ്ഞെന്നു വരില്ല. സ്വന്തം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് അവർ. നമ്മുടെ ഇടയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഓഫിസുകളിൽ ജോലിചെയ്യുന്നവരിൽ പലർക്കും എബിയുടേതുപോലെ സ്വപ്നങ്ങളുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ തങ്ങളുടെ സ്വപ്നങ്ങളുടെ പിന്നാലെ പോകാൻ ചിലരെങ്കിലും തീരുമാനിക്കും. പക്ഷേ ഒരു ഘട്ടത്തിലെത്തുമ്പോൾ മുന്നോട്ടുപോകാൻ കഴിയാത്ത ഒരു അവസ്ഥയുണ്ടാകും. അപ്പോൾ ലഭിക്കുന്ന ചെറിയ പിന്തുണയോ പ്രചോദനമോ അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കും. അത്തരമൊരു പ്രചോദനത്തെ കുറിച്ചാണ് എബി എന്ന സിനിമ പറയുന്നത്.

∙വിവാദം

ഈ സിനിമയ്ക്കു വിമാനം എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന ആക്ഷേപങ്ങൾ കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. ഈ സിനിമയിൽ ഞങ്ങൾക്കു പൂർണ വിശ്വാസമുണ്ട്. ആത്മവിശ്വാസമില്ലാതെ വരുമ്പോഴാണു നമ്മൾ മറ്റുള്ളവരെ മോശക്കാരാക്കി ചിത്രീകരിക്കാൻ ശ്രമിക്കുക. പറക്കലാണു ഞങ്ങളുടെ ചിത്രത്തിന്റെ പ്രമേയം. വിമാനം ഒരു വസ്തു മാത്രമാണ്. പറക്കൽ എന്ന വികാരത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എബി എന്ന ചെറുപ്പക്കാരൻ പറക്കലിന്റെ ലോകത്താണ്. ഇഷ്ടമുള്ള ജോലിയിൽ പറന്നെത്താൻ പലരെയും ഈ ചിത്രം സഹായിക്കും.

∙വിനീത്, പൃഥ്വി

രണ്ടുപേരും നല്ല നടൻമാരാണ്. രണ്ടുപേരും ഓരോ കഥ കേൾക്കുന്നു. സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. പൃഥ്വിരാജിനൊപ്പം ഒട്ടേറെ പരസ്യചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. എല്ലാവർക്കും അവർക്കിഷ്ടമുള്ള സിനിമകൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. സന്തോഷ് ഏച്ചിക്കാനം ഈ സിനിമയുടെ കഥ പറയുകയും ഞാനും വിനീതും ചേർന്നു ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. പൃഥ്വിരാജ് എന്ന താരവുമായി പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹം മികച്ച നടനാണ്.

മെറീന മൈക്കിളാണു നായിക. അജു വർഗീസ്, സുധീർ കരമന, ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട്, ഹരീഷ്, വിനീത കോശി എന്നിവരും ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനീഷ് ചൗധരിയും പ്രധാന വേഷം ചെയ്യുന്നുണ്ട്