സ്വപ്നം കാണുക പോലും ചെയ്യാത്ത കാര്യങ്ങളാണു തന്റെ ജീവിതത്തിൽ നടന്നതെന്നു ചെമ്പൻ വിനോദ് പറയും. ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളിലൂടെ താരപരിവേഷത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ അവിചാരിതമായ വഴിത്തിരിവുകളെക്കുറിച്ചാണു വിനോദ് പറയുന്നത്.
നായകനിലെ (2010) ശരവണൻ മുതൽ ആമേനിലെ ൈപലക്കുട്ടി വരെ (2013) ചെമ്പൻ വിനോദിന്റെ യാത്ര സാവധാനമായിരുന്നു. ആദ്യ മൂന്നു വർഷം ചിത്രങ്ങൾ കുറവായിരുന്നെങ്കിൽ ആമേൻ ഇറങ്ങിയതിനു ശേഷം ഇതുവരെ 26 ചിത്രങ്ങൾ വിനോദിന്റെ ക്രെഡിറ്റിലുണ്ട്. ഇതു സ്വപ്നതുല്യമാണോ എന്നു ചോദിച്ചാൽ അതിനും മേലെയാണെന്നു വിനോദ് പറയും. ‘‘സ്വപ്നതുല്യം എന്ന വാക്കൊന്നും പോരാ, നമ്മൾ എന്താണു സ്വപ്നം കാണുക? 100 കോടി ലോട്ടറി അടിക്കണം അല്ലെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയാകണം എന്നൊക്കെയല്ലേ? എന്നാൽ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത കാര്യങ്ങളാണു ജീവിതത്തിൽ സംഭവിച്ചത്’’– വിനോദ് പറയുന്നു. സ്വപ്നം കാണാത്ത മറ്റൊരു കാര്യത്തിന്റെ പണിപ്പുരയിലാണ് വിനോദിപ്പോൾ. അങ്കമാലിക്കാരനായ വിനോദ് സ്വന്തം നാടിന്റെ കഥ പറയുന്ന സിനിമയുടെ തിരക്കഥ എഴുതുകയാണ്. അവിചാരിതമായി കടന്നുവന്ന പുതിയ വേഷത്തെക്കുറിച്ചു വിനോദ് സംസാരിക്കുന്നു...
∙ കഥ
ജീവിതത്തിന്റെ പകുതി അങ്കമാലിയിലും പകുതി ബെംഗളൂരുവിലുമായിരുന്നു. അതുകൊണ്ടു രണ്ടു സിനിമകൾക്കുള്ള കഥ എന്റെ കയ്യിലുണ്ട്. അങ്കമാലിയുടെ കഥയാണ് ആദ്യം പറയുന്നത്. ബാക്കിയുള്ള കഥകൾ അവസരം ലഭിച്ചാൽ സിനിമയാക്കും. നാട്ടിൽ ഞാൻ കണ്ടിട്ടുള്ളതും നാട്ടുകാർക്ക് അറിയാവുന്നതുമായ ചില സംഭവങ്ങൾ ചേർത്തുവച്ചതാണു സിനിമ. ഒരു നാടൻ സിനിമയാണിത്. ലിജോ ജോസ് പെല്ലിശേരിയാണു സംവിധായകൻ. അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാകും.
കഥയെഴുതാനുള്ള പ്രചോദനം സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും തിരക്കഥാകൃത്ത് റഫീക്കുമാണ്. ആമേനിലെ ആദ്യ സീനിലുള്ള ‘ഇലയിൽ പൊതിഞ്ഞു കൊടുക്കുന്ന സംഭവം’ ഞങ്ങളുടെ നാട്ടിൽ 1995ൽ നടന്നതാണ്. അത് ഞാൻ പറഞ്ഞതു ലിജോ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതു ഭംഗിയായി എടുത്തിട്ടുമുണ്ട്. അങ്കമാലിയിൽ ഇങ്ങനെ ഒട്ടേറെ തമാശകളുണ്ട്. അങ്കമാലിക്കു പ്രത്യേകമായ ഒരു ഫുഡ് കൾച്ചറുണ്ട്. തൃശൂരും എറണാകുളവും അല്ലാത്ത ഒരു ഭാഷയും. നാട്ടുകാരുടെ സഹായത്തോടെ ഷൂട്ട് െചയ്യുന്ന സിനിമയായിരിക്കുമിത്.
Amen - Malayalam Movie Comedy
∙ സങ്കൽപ്പത്തിലെ സിനിമ
ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല. ആളുകളെ എന്റർടെയിൻ ചെയ്യിക്കുക എന്നതാണ് ഉദ്ദേശ്യം. ഉദാഹരണത്തിന്, നമ്മൾ ഒരു ഉൽസവമോ പള്ളിപ്പെരുന്നാളോ കാണാൻ പോയാൽ അതിൽ എല്ലാം ഉണ്ടാകും. ഭക്തി, എഴുന്നള്ളിപ്പ്, ബാൻഡ് മേളം, വെടിക്കെട്ട്, പോക്കറ്റടിക്കാർ, സുന്ദരികളായ പെൺകുട്ടികൾ, ഗാനമേള, നാടകം... ഇങ്ങനെ എല്ലാം േചർന്നു കളർഫുളായിരിക്കണം സിനിമയെന്നാണ് എന്റെ വിശ്വാസം. സിനിമ കാണാൻ പല തരത്തിലുള്ള ആളുകളാണു വരുന്നത്.
∙ എഴുത്ത് എളുപ്പമാണോ ?
മെനക്കെട്ട പണിയാണ്, എഴുത്തുകാരെയൊക്കെ കാണുമ്പോൾ ഇപ്പോൾ നല്ല ബഹുമാനം തോന്നും. ‘അതേ എഴുതിവന്നപ്പോൾ ബ്ലോക്കായി, അത് ശരിയായില്ല’ എന്നു പറഞ്ഞുകേട്ടാൽ എന്തു ബ്ലോക്ക്, നമ്മള് കുറെ കണ്ടതാണെന്ന ലൈനിലാണു നമ്മൾ സാധാരണ രീതിയിൽ ചിന്തിക്കുക. എഴുതാനിരിക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ആദ്യം എഴുതിയത് തിരക്കഥാകൃത്ത് റഫീക്കിനോടു പറഞ്ഞു. റഫീക്കാണ് പ്രോൽസാഹിപ്പിച്ചത്. പിന്നീട് ലിജോ ചോദിച്ചു, നീ കുറെ കാലമായി എഴുതുന്നുണ്ടല്ലോ, അത് ഒന്നു പറയാൻ പറഞ്ഞു. ആദ്യത്തെ 10 മിനിറ്റ് പറഞ്ഞപ്പോൾ മുഴുവൻ സിനിമയും ഇതേ മൂഡിലാണോ എന്നു ചോദിച്ചു. അതേയെന്നു പറഞ്ഞപ്പോൾ നമ്മൾക്കിതു െചയ്യാമെന്നായി ലിജോ. എന്നാൽ പലവിധ കാരണങ്ങളാൽ അന്ന് അതു നടന്നില്ല.
∙ യുവ ഹാസ്യനടൻമാർക്കിടയിൽ മൽസരമുണ്ടോ?
മൽസരമില്ല, എനിക്ക് ചേരുന്നതേ എനിക്കു ചെയ്യാൻ പറ്റൂ. അവർക്കു ചേരുന്നത് എനിക്കു ചേരില്ല. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. പരസ്പരം ചിലപ്പോൾ സജസ്റ്റ് ചെയ്യാറുണ്ട്. ഇത് എന്നെക്കാൾ നന്നായി ചെയ്യാൻ പറ്റുന്ന ഒരാളുണ്ടെങ്കിൽ അയാൾക്ക് ആ വേഷം കിട്ടുന്നതല്ലേ നല്ലത്. ഒട്ടേറെ പ്രത്യേകതയുള്ള നല്ല കഥകളാണ് ഇപ്പോൾ വരുന്നത്. ഇനി വരുന്നതു മലയാള സിനിമയുടെ കാലമാണ്. അത്രയ്ക്കു നല്ല കഥകളും സംവിധായകരുമുണ്ട്.
∙ വിനോദ് ജോസ് എന്നല്ലേ ഇപ്പോൾ കൂടുതൽ അറിയപ്പെടുന്നത് ?
അതെന്താണെന്ന് എനിക്കു പിടികിട്ടിയിട്ടില്ല. ചിലപ്പോൾ എന്നെ ചെമ്പൻ എന്നു വിളിക്കുന്നത് എന്നോടുള്ള ബഹുമാനക്കുറവാണെന്ന് അവർക്കു തോന്നുന്നുണ്ടാകാം. എന്റെ വീട്ടുപേരാണ്. അത് വിളിച്ചുകേൾക്കുന്നതിൽ അഭിമാനമേയുള്ളൂ.
∙ കോമഡിയിൽ നിന്നു ട്രാക്ക് മാറിത്തുടങ്ങിയോ ?
കോമഡി തന്നെയാണു കൂടുതലും. എന്നാൽ സീരിയസായ വേഷങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. അതിൽ കോമഡിയുടെ അംശം തീർച്ചയായും ഉണ്ടാകും. എന്റെ തടിക്കും പൊക്കത്തിനും അനുസരിച്ച് ഗുണ്ടയുടെ വേഷമായിരിക്കും സിനിമയിൽ കിട്ടുകയെന്നാണു ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, കോമഡിയാണ് എനിക്കു കിട്ടിയത്.
∙ അന്യഭാഷാ ചിത്രങ്ങൾ ?
രണ്ടു കന്നഡ ചിത്രങ്ങൾ ചെയ്തു. മറ്റു ഭാഷകളിലും ഓഫറുകളുണ്ട്. അവർക്ക് ഒരു പടം തീരാൻ ഒരുപാടു സമയം വേണം. ആ സമയമുണ്ടെങ്കിൽ മലയാളത്തിൽ നാലു സിനിമയുടെ വർക്ക് തീരും.