Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിനിമയില്‍ ഇന്ന് സൗഹൃദങ്ങള്‍ക്ക് സ്ഥാനമില്ല’

prem-prakash-actor

ഗായകനായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു അഭിനേതാവും നിര്‍മാതാവും ഒക്കെ ആയിത്തീര്‍ന്ന കലാകാരനാണ് പ്രേംപ്രകാശ്. മുന്‍കാല മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ജോസ്പ്രകാശിന്റെ സഹോദരന്‍ എന്ന ലേബലില്‍ നിന്നും മാറി സ്വന്തമായി ഒരു മുദ്ര സിനിമാരംഗത്ത് ഇദ്ദേഹം പതിപ്പിച്ചു. പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ പി.പദ്മരാജന്‍, അഭിനേതാക്കളായ അശോകന്‍, റഹ്മാന്‍, ബിജു മേനോന്‍, ജ്യോതിര്‍മയി തുടങ്ങി ഒരു കൂട്ടം കലാകാരന്മാര്‍ക്ക് ആദ്യമായി സിനിമയില്‍ അവസരം നല്‍കുവാന്‍ പ്രേംപ്രകാശിലെ നിര്‍മാതാവിനു പ്രചോദനമായത് ചലച്ചിത്രം എന്ന രൂപത്തോടുള്ള പാഷന്‍ മാത്രമായിരുന്നു.

മക്കളും യുവ തിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയരുമായ ബോബിയും സഞ്ജയ്യും തിരക്കഥ ഒരുക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'നിര്‍ണായകം' മെയ് അവസാന വാരം തിയറ്ററുകളില്‍ എത്തുന്നു. ഇതിലെ വളരെ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രേം പ്രകാശ് മനോരമ ഓണ്‍ലൈനിനോട്:

ഹൗ ഓള്‍ഡ് ആര്‍ യുവിനു ശേഷം നിര്‍ണായകം. മക്കള്‍ തിരക്കഥ എഴുതുന്ന സിനിമയിലേ അഭിനയിക്കൂ എന്നുണ്ടോ?

അങ്ങനെയൊന്നും ഇല്ല. ഇതിനിടയില്‍ ചിറകൊടിഞ്ഞ കിനാക്കളിലേക്ക് ക്ഷണം വന്നിരുന്നു. ആ സമയത്ത് ഞാനും ഭാര്യയും കൂടി മകളെ കാണാന്‍ സിംഗപ്പൂരിലേക്കു പോയതു കാരണം അതു നടന്നില്ല. പ്രത്യേകിച്ചൊരു മാനദണ്ഡങ്ങളും ഞാന്‍ ഒരു പ്രൊജക്ട് സ്വീകരിക്കുമ്പോള്‍ നോക്കാറില്ല.

നിര്‍ണായകത്തിലെ കഥാപാത്രം എന്താണ്?

എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല ഒരു വേഷമാണിതില്‍ എന്നു വേണമെങ്കില്‍ പറയാം. ആസിഫ് അലിയുടെ അച്ഛനായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു അച്ഛന്‍-മകന്‍ ബന്ധവും, അമ്മ-മകന്‍ ബന്ധവും ഈ സിനിമയില്‍ പരാമര്‍ശിക്കുന്നു. ദാമ്പത്യ ബന്ധത്തിലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ തന്നെ ഏറ്റവും വലിയ ഒരു സാമൂഹിക പ്രശ്നവും ഈ സിനിമ ഉള്‍ക്കൊള്ളുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലൊക്കെ വളരെ കഷ്ടപ്പെട്ടു പ്രവേശനാനുമതി നേടിയാണു ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. അതൊക്കെ സംവിധായകന്‍ വി കെ പി ഗംഭീരമായി ചിത്രീകരിച്ചിട്ടുമുണ്ട്. മാസ് ഓഡിയന്‍സിനു ഈ സിനിമ ഇഷ്ടപ്പെടും.

prem-prakash-nirnayakam

പെരുവഴിയമ്പലം, കൂടെവിടെ, ആകാശദൂത്, എന്റെ വീട് അപ്പൂന്റേയും, അയാളും ഞാനും തമ്മില്‍.. തുടങ്ങിയ നല്ല കുറേ സിനിമകള്‍ നിര്‍മ്മിച്ച നിര്‍മാതാവെന്ന നിലയില്‍ ഇന്നത്തെ മലയാള സിനിമ നിര്‍മാണത്തെ എങ്ങനെ നോക്കി കാണുന്നു?

ഇന്ന് എല്ലാം പണത്തെ ആധാരമാക്കിയാണ്. സൗഹൃദങ്ങള്‍ക്കോ ബന്ധങ്ങള്‍ക്കോ ഒരു സ്ഥാനവും ഇല്ല. പല പുതിയ താരങ്ങളും പഴയ ആര്‍ട്ടിസ്റ്റുകളെ ബഹുമാനിക്കാറില്ല. എന്നേക്കാളും സീനിയര്‍ ആയ ആളുകള്‍ക്ക് പോലും ഡേറ്റ് കൊടുക്കുവാന്‍ യുവ താരങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ല. സിനിമയില്‍ ചില രാഷ്ട്രീയമൊക്കെ ഉണ്ട്. അതൊന്നും ഇല്ല എന്നു പറയാന്‍ പറ്റില്ല.

ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നു സിനിമ നിര്‍മിക്കാന്‍ തീരുമാനിക്കുന്നു. ചലച്ചിത്രം എന്തെന്നറിയാത്ത ഇക്കൂട്ടര്‍ എടുക്കുന്ന പടങ്ങളില്‍ മിക്കതും പരാജയപ്പെടുന്നു. ഇങ്ങനെയൊരു ട്രെന്‍ഡ് ഇപ്പോഴില്ലേ?

ഞാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ട്രഷറര്‍ ആണ്. സംഘടനയില്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ വരുന്ന പലരും ഈ മേഖലയില്‍ പരിചയക്കുറവുള്ളവരാണ്. എവിടുന്നെങ്കിലും 25 ലക്ഷം രൂപ സംഘടിപ്പിച്ചു ഇവര്‍ സിനിമ നിര്‍മിക്കാനിറങ്ങുന്നു. സാറ്റലൈറ്റ് റൈറ്റില്‍ നിന്നും മറ്റുമുള്ള ആദായമാണ് ഇക്കൂട്ടര്‍ മുന്‍പില്‍ കാണുന്നത്. അല്ലാതെ നല്ല ഒരു കലാസൃഷ്ടി ഉണ്ടാകണമെന്നല്ല.

prem-prakash-boby-sanjay

സാറ്റലൈറ്റ് റൈറ്റ് സിനിമയെ നശിപ്പിച്ചു എന്നു പറയാമോ?

അങ്ങനെ പറയാന്‍ പറ്റില്ല. ചിലര്‍ അതുകൊണ്ട് രക്ഷപെട്ടിട്ടുമുണ്ട്. എന്നാല്‍ മിക്കവരും കാശിനോടുള്ള ആര്‍ത്തിയില്‍ സാറ്റലൈറ്റ് റൈറ്റില്‍ നിന്നുള്ള നേട്ടം കണ്ട് മുന്നും പിന്നും നോക്കാതെ സിനിമ എടുക്കാന്‍ പുറപ്പെടുകയാണ്.

ഗായകനായിട്ടായിരുന്നല്ലോ സിനിമയില്‍ അരങ്ങേറ്റം. ഓര്‍ക്കുന്നുണ്ടോ ആ വരികള്‍?

1968 ല്‍ ' കാര്‍ത്തിക' എന്ന സിനിമയിലായിരുന്നു ഞാന്‍ പാടി അരങ്ങേറ്റം കുറിച്ചത്. അതൊരു മുഴുനീളഗാനം ഒന്നും ആയിരുന്നില്ല. ഒരു അശരീരിയായിരുന്നു. ആ വരികള്‍ ഇതാണ്:

കാര്‍ത്തിക നക്ഷത്രത്തെ പുണരുവാനെന്തിനു പുല്‍ക്കൊടി വെറുതെ മോഹിച്ചു? മാനത്തെ മുത്തിന് കൈ നീട്ടി കൈ നീട്ടി മനംപൊട്ടിക്കരയുന്നതെന്തിനു നീ?

പാട്ട് എനിക്കൊരു ഭ്രമമായിരുന്നു അന്നും ഇന്നും. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഞാന്‍ പഴയ ഹിന്ദി സിനിമ ഗാനങ്ങളൊക്കെ പാടി അക്കാലത്ത് പുരസ്കാരങ്ങള്‍ നേടിയിരുന്നു. അന്നു ചേട്ടന്‍ സിനിമയില്‍ ആയതുകൊണ്ട് അദ്ദേഹം വഴി ഒരു ചാന്‍സ് ആരോടെങ്കിലും ചോദിക്കാന്‍ കൂട്ടുകാരാണ് പറഞ്ഞത്. അങ്ങനെ സംഗീത സംവിധായകന്‍ ബാബുരാജാണ് എനിക്ക് ആദ്യമായി അവസരം തരുന്നത്. പിന്നീട് കുടുംബത്തിനോടുള്ള ചുമതല കാരണം പാട്ട് തുടരാന്‍ ഞാന്‍ ശ്രമിച്ചില്ല.

ഗായകന്‍, നടന്‍, നിര്‍മാതാവ്, മികച്ച രണ്ട് തിരക്കഥാകൃത്തുക്കളുടെ അച്ഛന്‍... സിനിമ പ്രേംപ്രകാശ് എന്ന വ്യക്തിക്ക് സൌഭാഗ്യങ്ങള്‍ മാത്രമാണ് തന്നിരിക്കുന്നത്...

അതെ. ഞാന്‍ സിനിമയില്‍ എത്തുവാന്‍ നിമിത്തമായത് ചേട്ടന്‍ ജോസ് പ്രകാശാണ്. അദ്ദേഹത്തിന്റെ പിന്തുണകൊണ്ടാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ വന്നത്. പിന്നെ മക്കളുടെ ഉയര്‍ച്ചയും ആളുകള്‍ അവര്‍ക്ക് നല്‍കുന്ന അംഗീകാരവും കാണുവാന്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഭാഗ്യമുണ്ടായി . എല്ലാം ദൈവാനുഗ്രഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.