തിരഞ്ഞെടുപ്പ് ഫലം വന്നതിനും ശേഷം നടൻ ജഗദീഷ് നേരെ പോയത് കൊച്ചിയിലെ ഡബ്ബിങ് സ്റ്റുഡിയോയിലേക്കാണ്. മമ്മൂട്ടി നായകനായ കസബയിലും മഞ്ജുവാര്യർ നായികയായ കരിങ്കുന്നം സിക്സസിലും ജഗദീഷ് അഭിനയിക്കുന്നുണ്ട്. രണ്ടു ചിത്രങ്ങളുടേയും ഷൂട്ടിംങ് നേരത്തെ കഴിഞ്ഞതാണ്. രണ്ടിലേയും വേഷങ്ങൾക്ക് ശബ്ദം നൽകുകയാണിപ്പോൾ, ജഗദീഷ് പറഞ്ഞു.
കരിങ്കുന്നം സിക്സസിൽ മാച്ച് അനൗൺസറുടെ വേഷമാണ്. കസബയിൽ മുകുന്ദൻ എന്ന പോലീസ് ഒാഫീസറുടെ. മറ്റും ചിത്രങ്ങളുടേയൊക്കെ ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. ഇനിയും സിനിമകളിൽ അഭിനയിക്കും. ഒപ്പം സാമൂഹ്യ സാസ്്കാരിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പരിപാടികളിൽ തുടരും. ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാൻ ഉണ്ടാക്കി മുന്നോട്ടു പോകുന്ന ആളല്ല ഞാൻ. വരുന്നതുപോലെ കാണും.
അടുത്തുതന്നെ ഇനി ഒരു അമേരിക്കൻ ട്രിപ്പുണ്ട്. അതിനുശേഷം കോമഡി ഷോയുടെ കുറച്ചു എപിസോഡുകൾ ചെയ്തു തീർക്കാനുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും എന്നൊന്നും എനിക്ക് വ്യത്യാസം തോന്നിയിട്ടില്ല. അന്നും ഞാനൊരു സാധാരണ മനുഷ്യനായിരുന്നു.സിനിമയിൽ വരുന്നതിനു മുമ്പും ഒാട്ടോയിൽ യാത്ര ചെയ്യാറുണ്ട്. ഇപ്പോഴും സിനിമ റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ പോയി കാണുന്നയാളാണ് ഞാൻ. അതും ജനങ്ങൾക്കിടയിലിരുന്നു. യാതൊരു ബുദ്ധിമുട്ടും എനിക്ക് തോന്നിയിട്ടില്ല. അതെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. എന്റെ സിനിമ മാത്രമല്ല, എല്ലാമലയാള ചിത്രങ്ങളും ഒട്ടുമിക്ക തമിഴ് ചിത്രങ്ങളും അങ്ങനെ കാണാറുണ്ട്.
ഗണേഷിന്റെ വ്യക്തിപരമായ ആരോപണങ്ങളിൽ മറുപടി പറയാൻ ഞാനില്ല, അതേസമയം രാഷ്ട്രീയമായ ആരോപണങ്ങളിൽ മറുപടി പറയും, സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്യും, ജഗദീഷ് മനോരമ ഒാൺലൈനോട് പറഞ്ഞു.