കാലിൽ ചിലങ്ക കെട്ടിയ കാറ്റുവീശുന്ന വീട്. നൃത്തം ചെയ്യുന്ന പൊട്ടിച്ചിരികൾക്ക് സ്നേഹത്തിന്റെ മഞ്ചാടിപ്പൊട്ടുകളാണ് സമ്മാനം. പിന്നെ അഭിനയം ഒട്ടുമല്ലാത്ത അഭിനന്ദനങ്ങളും. പ്രശസ്ത നർത്തകി ഡോ. മേതിൽ ദേവികയുടെയും മകൻ ദേവാംഗിന്റെയും കൈപിടിച്ച് നടൻ മുകേഷ് വലതുകാൽ വച്ച മരടിലെ വീടാണിത്. രണ്ടരവർഷം പിന്നിടുന്നു. സ്വപ്നങ്ങൾ പോലും വരാൻ മടിച്ച ഈ വീട്ടിൽ ഇന്ന് കാറ്റും കിളികളും സന്തോഷവും കൂടു കൂട്ടിയിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കു ചുവടുവയ്ക്കുന്ന സന്തോഷത്തിനിടെ മുകേഷും ദേവികയും സംസാരിച്ചു.
∙ബഡായിക്കഥകൾ വീട്ടിലുമുണ്ടോ?
ദേവിക: വീട്ടിൽ എന്നെ കഥകളൊക്കെ പറഞ്ഞ് പറ്റിക്കാറുണ്ട്. അതൊക്കെ പറ്റിക്കലാണെന്നു മനസിലായി തന്നെ ഞാൻ കേട്ടിരിക്കും. പിന്നെ, ടിവിയിൽ ബഡായി ബംഗ്ലാവ് വന്നാൽ കഴിഞ്ഞു. അവസാനത്തെ പഞ്ച് ഡയലോഗ് വരുമ്പോൾ ആരെങ്കിലും സംസാരിച്ചാലോ നമ്മൾ മറ്റെവിടേക്കെങ്കിലും പോയാലോ ആള് ചൂടാകും. സ്വന്തം പരിചയത്തിന്റെ പുറത്താണ് ആ പഞ്ച് വരുന്നത്. ഒരിക്കൽ ഗീതാഗോവിന്ദത്തിന്റെ രചയിതാവ് ജയദേവന്റെയും ഭാര്യ പത്മാവതിയുടെയും കഥ ഞാൻ മുകേഷേട്ടനോട് പറഞ്ഞു. പത്മാവതി നർത്തികയാണ്. ജയദേവൻ ഗായകനും. കഥ മുകേഷേട്ടൻ ശ്രദ്ധിച്ചു എന്നുപോലും എനിക്കു തോന്നിയില്ല. പക്ഷേ അതൊക്കെ കഴിഞ്ഞ് ഒരു ദിവസം ടിവി കാണുമ്പോൾ അതാ ഗായകൻ വിധുപ്രതാപും ദീപ്തിയും ഗസ്റ്റ്. അന്നത്തെ പഞ്ച് ഡയലോഗ് വിധുവിനെയും ദീപ്തിയേയും ജയദേവനോടും പത്മാവതിയോടും ഉപമിച്ചായിരുന്നു.
Mukesh & Devika Cover shoot for vanitha
∙ദേവിക എപ്പോഴാണ് മലയാള സിനിമയിൽ അഭിനയിക്കുന്നത്?
മുകേഷ്: ഒരാൾ സിനിമയുടെ കഥയുമായി വന്നാൽ എല്ലാം വിശദമായി കേട്ടുകഴിഞ്ഞ് ‘നോ’ പറയുന്നതാണ് ദേവികയുടെ ഏറ്റവും വലിയ സന്തോഷം. എന്റെ തന്നെ ജോടിയായി കുറേ സിനിമകളിൽ ഓഫർ വന്നു. ഇപ്പോൾ വരുന്നവരോട് ഞാൻ മുൻകൂറായി പറയും. ഇതാണ് സംഭവം.
∙രാത്രി വൈകി ദേവിക വിളിച്ചാലും ‘അന്തസ് വേണമെടോ അന്തസ്’ എന്നു പറയുമോ?
മുകേഷ്: ആ ഓഡിയോ കേട്ടിട്ട് ഇന്നസെന്റ് പറഞ്ഞത് അമ്മയുടെ പേരിൽ എനിക്കൊരു അവാർഡ് തരുമെന്നാണ്. വർഷങ്ങളായി ഞങ്ങൾ കലാകാരന്മാർ പറയാൻ ആഗ്രഹിക്കുന്ന മറുപടിയാണിത്. നീ പറഞ്ഞ് എല്ലാവരും അറിഞ്ഞത് ഭാഗ്യം.
സംവിധായകൻ രഞ്ജിത്ത് പറഞ്ഞത് ആ മറുപടി ഒരു കവിതയായിരുന്നു എന്നാണ്. കാണാതെ പഠിച്ചു പറഞ്ഞാൽ പോലും ഇത്ര ഭംഗിയാവില്ല. എല്ലാവരും സപ്പോർട്ട് ചെയ്യുമ്പോൾ സന്തോഷം സിനിമയിലും അത് ക്യാച്ച് വേഡായി.
ദേവിക: ആ സംസാരം നടക്കുമ്പോൾ തന്നെ ഞാൻ മുകേഷേട്ടനോട് പറഞ്ഞിരുന്നു ആരോ റെക്കോഡ് ചെയ്യുന്നുണ്ടെന്ന്.
∙തിരഞ്ഞെടുപ്പ് ചൂടിലാണോ?
മുകേഷ്: ജനിച്ചതും വളർന്നതും ഒരു രാഷ്ട്രീയ കുടുംബത്തിലാണ്. രക്തത്തിൽ തന്നെയുണ്ട് പൊളിറ്റിക്സ്. അല്ലാതെ സിനിമാനടനായത് കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതല്ല. കലാരംഗത്ത് അല്ലായിരുന്നെങ്കിൽ പണ്ടേ രാഷ്ട്രീയക്കാരൻ ആയേനെ. നമ്മുടെ നാട്ടിൽ നിന്ന് മത്സരിച്ചാൽ അതിന് ഒരു യുക്തിയുണ്ട്. അഴിമതി നടത്താനോ വെട്ടിപ്പിനോ അല്ല മത്സരിക്കുന്നത്. ജയിച്ചാൽ എന്തൊക്കെ ചെയ്യണം എന്നുപോലും കൃത്യമായ പ്ലാനുണ്ട്. എല്ലാം വരുന്നിടത്തുവച്ച് കാണാം.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം
ദേവിക. ഇലക്ഷൻ സമയത്ത് ഞാൻ സൗത്ത് ആഫ്രിക്കയിൽ പോകേണ്ടതാണ്. പക്ഷേ, കൂടെ നിൽക്കണമെന്ന് മുകേഷേട്ടൻ പറഞ്ഞു. രാഷ്ട്രീയമൊന്നും വലിയ പിടിയില്ലെങ്കിലും വോട്ടു ചെയ്യാറുണ്ട്. മത്സരിക്കുമെങ്കിൽ എന്തായാലും മുകേഷേട്ടനുവേണ്ടി പ്രചരണത്തിനിറങ്ങും. എനിക്കും ആളുകളുമായി ഇടപെടാനുള്ള സമയമായെന്നു തോന്നുന്നു.