പുലി മുരുകൻ നൂറു കോടി ക്ലബിൽ കയറിയതിന്റെ ആഹ്ലാദവും ആരവവും ചലച്ചിത്രരംഗത്തു നിറയുമ്പോൾ പുലിമുരുകന്റെ ശത്രുക്കളിൽ ഒരാളായ കായിക്ക എന്ന ഹാജിയാരും ആനന്ദിക്കുകയാണ്. സിനിമയിൽ ഹാജിയാരുടെ വേഷമെടുത്ത സുധീർ കരമന 100 ചിത്രങ്ങൾ പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ്. ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘എബി’ സുധീറിന്റെ നൂറാം ചിത്രമായി. ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ അച്ഛനായാണു സുധീർ വേഷമിടുന്നത്.
രാജസ്ഥാനിൽ മേജർ രവി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘71 ബിയോണ്ട് ദി ബോർഡർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ പങ്കെടുത്തു മടങ്ങിയതേ ഉള്ളൂ സുധീർ. നൂറു ചിത്രങ്ങൾ പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിനു മോഹൻലാലിൽനിന്നും സഹപ്രവർത്തകരിൽനിന്നും ഊഷ്മളമായ അഭിനന്ദനങ്ങളാണു സുധീർ നേടിയത്. ചെറിയതും വലിയതുമായ അനവധി വേഷങ്ങളിലൂടെ ഉപനായകനായും സ്വഭാവനടനായും ഹാസ്യനടനായും സുധീർ വെള്ളിത്തിരയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച വർഷങ്ങളാണു കടന്നുപോയത്. വരാനിരിക്കുന്ന ദിവസങ്ങളിലും കൈനിറയെ ചിത്രങ്ങളാണു സുധീറിന്.
പിതാവായ കരമന ജനാർദനൻ നായരുടെ സുഹൃത്ത് ഭരത് ഗോപി അദ്ദേഹം സംവിധാനം ചെയ്ത ടെലിഫിലിമിലൂടെയാണ് സുധീറിനെ ആദ്യം ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. ‘മറവിയുടെ മണം’ എന്ന ഈ ടെലിഫിലിമിൽ നായകവേഷമായിരുന്നു സുധീറിന്. തന്റെ അഭിനയത്തെക്കുറിച്ച് ഭരത് ഗോപിക്ക് ഉണ്ടായിരുന്ന കണക്കുകൂട്ടൽ പിഴച്ചിട്ടില്ല എന്ന് ഇപ്പോൾ നൂറു ചിത്രങ്ങൾ പൂർത്തിയാക്കുമ്പോൾ സുധീർ തെളിയിക്കുകയാണ്.
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ മികച്ച നടനുള്ള പുരസ്കാരം പിതാവായ കരമന ജനാർദനൻനായരിൽ നിന്നും സർവകലാശാലയിലെ മികച്ച നടനുള്ള അവാർഡ് ഇ.കെ.നായനാരിൽ നിന്നും വാങ്ങിയതും ആദ്യകാലത്തെ മധുരിക്കുന്ന ഒാർമകളാണ് സുധീറിന്. കലാരംഗത്തേയ്ക്കുള്ള പിഴയ്ക്കാത്ത കാൽവയ്പുകളുടെ തുടക്കം അങ്ങനെ. ബാബു ജനാർദനൻ തിരക്കഥയെഴുതി പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം ആയിരുന്നു സിനിമയിലേക്കുള്ള വാതിൽ തുറന്നത്. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം. പിന്നീടു പടിപടിയായിട്ടായിരുന്നു വളർച്ച. ബാബു ജനാർദനൻ അദേഹം സഹകരിച്ച മിക്ക ചിത്രങ്ങളിലൂം സുധീറിനു വേഷം നൽകി.
തിരുവനന്തപുരത്തു സ്കൂൾ പ്രിൻസിപ്പലിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നതിനാൽ ഒരിക്കലും സിനിമയിൽ റോളുകൾക്കുവേണ്ടി ആർത്തിപിടിച്ചു നടന്നില്ല. തനിക്കു വിധിക്കപ്പെട്ട റോളുകൾ തന്നെ തേടി എത്തും എന്ന വല്ലാത്ത ഉറപ്പായിരുന്നു അതിനു പിന്നിൽ. ആ തീരുമാനങ്ങൾ ശരിയായി ഭവിക്കുകയും ചെയ്തു. ഒരു സീൻ മാത്രമുള്ള ചിത്രങ്ങളിൽ പോലും മടിയേതുമില്ലാതെ അഭിനയിക്കാനും അപ്പോഴും സമ്പൂർണ സമർപ്പണം കഥാപാത്രത്തിനു നൽകാനും സുധീർ തയാറായി. അതിന് ഉദാഹരണമായി നിരത്താൻ അനവധി വേഷങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുന്ന പുലിമുരുകനിലെ ഹാജിയാരുടെ വേഷം മാത്രം മതി ഉത്തമദൃഷ്ടാന്തമേകാൻ.
ആദ്യമായാണ് ഒരു ഹാജിയാരുടെ വേഷം ചെയ്യേണ്ടിവന്നത് എന്നു സുധീർ ഓർക്കുന്നു. അതും ഒറ്റ സീനിൽ. പക്ഷേ കൂടെ അഭിനയിക്കുന്നതു ലാലേട്ടനാണ്. അതു കൂടുതൽ വെല്ലുവിളിയായി തോന്നി. കഴിയുന്നത്ര ഭംഗിയായിട്ട്, തന്നാലാവുംവിധം മികച്ചതായിട്ടു ചെയ്തു എന്ന് വിശ്വസിക്കുന്നു സുധീർ. ചിത്രം തിയറ്ററിൽ കലക്‌ഷൻ റെക്കോർഡുകൾ ഭേദിച്ചപ്പോഴും ഒറ്റ സീനിലെത്തിയ ഹാജിയാരെ പ്രേക്ഷകർ മറന്നില്ല എന്നതു വലിയ കാര്യമായി തോന്നി സുധീറിന്. ചിത്രം കണ്ട പലരും വർഷങ്ങൾക്കു മുൻപു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിലെ ഹാജിയാരുടെ കഥാപാത്രത്തെ ഓർമിച്ചു എന്നതും യാഥാർഥ്യം.
അതു ഫോണിലൂടെ സുധീറിനോട് പങ്കു വച്ചവരും കുറവല്ല. ആ വേഷം ചെയ്തതു കരമന ജനാർദനൻ നായർ എന്ന തന്റെ പിതാവായിരുന്നു എന്നതു സുധീറിനെ കൂടുതൽ സന്തുഷ്ടനാക്കുന്നു. പിതാവിനെ ഓർമിപ്പിക്കാൻ മാത്രമല്ല, അദ്ദേഹം നേടിയതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും സുധീറിനു കഴിയുമെന്നതിനു ഇപ്പോൾ കരഗതമായ സെഞ്ചുറി തിളക്കം തന്നെ ധാരാളം. കാത്തിരിക്കുക വരും നാളുകളിൽ സുധീറിലെ നടനവൈഭവം കൂടുതൽ തിളങ്ങുന്നതു കാണാൻ.