‘ഗിരിജ’ വാതിലടച്ചു; അങ്കമാലി പുറത്തായി

ഗിരിജ തിയറ്ററിനു മുന്നില്‍ ആളുകള്‍

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന അങ്കമാലി ഡയറീസ് ഹോൾഡ്ഓവർ ആക്കാന്‍ തൃശൂരിൽ നീക്കം. തൃശൂർ ഗിരിജ തിയറ്ററിലാണ് സിനിമ കാണാൻ കഴിയാതെ ആളുകൾ പുറത്തുനിൽക്കുന്നത്. പ്രദർശന സമയങ്ങളിൽ തിയറ്ററിന്റെ ഗെയ്റ്റ് തുറക്കാത്തതുകാരണം ആളുകൾ നിരാശയോടെ മടങ്ങുകയാണ്. സിനിമ കാണാൻ ആളില്ല എന്ന കാരണം പറഞ്ഞ് ചിത്രം ഹോൾഡ്ഓവറാക്കി പുതിയ റിലീസ് നടത്താനാണ് തിയറ്ററുകളുടെ നീക്കമെന്നും റിപ്പോർട്ട് ഉണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ രംഗത്തെത്തി. അടച്ച തിയറ്ററിനു മുന്നിൽ ആളുകൾ നിൽക്കുന്നൊരു ചിത്രമാണ് രൂപേഷ് പോസ്റ്റ് ചെയ്തത്. ഇങ്ങനെയൊരു നീക്കം നടത്തിയാൽ മലയാളം ഇൻഡസ്ട്രി മുഴുവൻ ഇതിനെതിരെ പ്രതികരിക്കുമെന്നും നീയൊന്നും ഒരിക്കലും പടം കളിക്കില്ലെന്നും രൂപേഷ് പ്രതികരിച്ചു.

എന്നാൽ പടം ഹോൾഡ്ഓവർ ആകാതിരിക്കാൻ ഈ സിനിമയുടെ ആളുകൾ തന്നെ ബംഗാളികള്‍ക്ക് പണം കൊടുത്ത് തിയറ്ററിലേക്ക് കയറ്റുകയാണെന്നും ഇവർ കയറുന്നതുമൂലം തിയറ്റർ വൃത്തിഹീനമാകുന്നുവെന്നും തിയറ്റർ ഉടമ പറയുന്നു. കുടുംബപ്രേക്ഷകർ കയറുന്ന തിയറ്റർ ഇത്തരത്തിൽ വൃത്തികേടാക്കുന്നതുകൊണ്ടാണ് തിയറ്റർ അടച്ചിട്ടതെന്ന് ഇവർ വ്യക്തമാക്കി.

ഡബിള്‍ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.