റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റെ ക്ലിപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുമ്പോൾ പ്രതികരണവുമായി മമ്മൂട്ടി. പ്രചരിക്കുന്ന വിഡിയോ കണ്ടിട്ടില്ലെന്നും അത് എന്താണെന്ന് അറിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇങ്ങനെയൊരു പ്രവണത ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാെണന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഹാസ്യരൂപേണയായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്. ‘ഞാനൊന്നു നോക്കട്ടെ ഏതാ പോയിരിക്കുന്നേ എന്ന്. വലിയ കുഴപ്പമുള്ള ഭാഗമാണോ എന്നറിയില്ല’–ഇങ്ങനെയായിരുന്നു ഈ വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചത്. കൊച്ചിയിൽ ബിനാലെ കാണാനെത്തിയതായിരുന്നു മമ്മൂട്ടി.
വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് ക്ലിപ്പ് പ്രചരിക്കുന്നത്. സംഭവത്തിൽ നിർമാതാവ് ഷാജി നടേശന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. ഒരു മിനിറ്റ് ഒൻപത് സെക്കൻഡ് ദൈർഘ്യമുണ്ട് ക്ലിപ്പിന്. സിനിമയിലെ നിര്‍ണായക രംഗം തന്നെയാണ് ചോര്‍ന്നതെന്ന് റിപ്പോർട്ട് ഉണ്ട്.
മമ്മൂട്ടിയും സ്‌നേഹയും ഉള്‍പ്പെടുന്ന വികാരതീവ്രരംഗമാണിത്. സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷൻ വർക്കുകൾക്കിടെ ചോർന്നതാണെന്നും സംശയമുണ്ട്.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ദ് ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്. ഹനീഫ് അദേനിയാണ് രചനയും സംവിധാനവും. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ റോളിലാണ് മമ്മൂട്ടി.
മമ്മൂട്ടി ആരാധകര്‍ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍'. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ തരംഗമായി മാറിയിരുന്നു. മാത്രമല്ല സിനിമയുടെ മോഷൻ പോസ്റ്ററും യൂട്യൂബ് റെക്കോർഡുകൾ പിഴുതെറിഞ്ഞിരുന്നു. 2017 മാർച്ച് 30നാകും ഗ്രേറ്റ് ഫാദർ തിയറ്ററുകളിലെത്തുക.